Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ വകുപ്പ്; വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ മുസ്‌ലിം സംഘടനകൾ 

കോഴിക്കോട്- ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ വിവിധ മുസ്‌ലിം സംഘടനകൾ. മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഇടയിൽ അകൽച്ച ഉണ്ടാക്കുമെന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങരുതെന്നാണ് സംഘടനകൾ ആഗ്രഹിക്കുന്നത്. അതേ സമയം ന്യൂനപക്ഷ വകുപ്പിൽ മുസ്‌ലിംകൾ അനർഹമായത് നേടിയെന്ന പ്രചാരണത്തിന് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. 
അതേ സമയം വി. അബ്ദുറഹിമാന് എന്ന് ദേശാഭിമാനിയടക്കം വാർത്തകളിൽ വന്ന ശേഷം വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടി ചില ക്രിസ്ത്യൻ സംഘടനകൾ നടത്തിവന്ന പ്രചാരണത്തെ ശരി വെക്കലായിമാറുന്നു. 
ഇത് മുഖ്യമന്ത്രി ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സംഘടനകൾ പൊതുവെ പങ്കുവെക്കുന്ന വികാരം. അതേ സമയം ഇനി ഇതിനെ ചൊല്ലി വിവാദം സൃഷ്ടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വിലയിരുത്തുന്നു. 


സർക്കാറിനെ പിന്തുണക്കുന്ന കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ വിഭാഗം നേരത്തെ തന്നെ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഇ.കെ. വിഭാഗത്തിലെ നാസർ ഫൈസി കൂടത്തായി ഇതിനെ എതിർക്കുകയും ചെയ്തു. നാസർ ഫൈസിയെ തിരുത്തിക്കൊണ്ട് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. ന്യൂനപക്ഷ വകുപ്പ് ആർക്കും ഏറ്റെടുക്കാമെന്നിരിക്കെ മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് ആക്ഷേപാർഹമല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ. അബ്ദുൽ അസീസ് പ്രതികരിച്ചു. 
സംസ്ഥാനത്തും വളർന്നു വരുന്ന ഇസ്‌ലാമോ ഫോബിയയെ സ്വന്തം താൽപര്യത്തിന് ഉപയോഗപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് വിലയിരുത്തുന്നുണ്ട്. ന്യൂനപക്ഷ വകുപ്പിനെതിരായി ക്രിസ്ത്യാനികൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ആസൂത്രിത നീക്കം ഉണ്ടായി. അന്യായമായി മുസ്‌ലിം സമുദായം എന്തെല്ലാമോ നേടിയെന്നാണ് പ്രചാരണം. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ കാര്യത്തിലെങ്കിലും വിശദീകരണം നൽകേണ്ട മുഖ്യമന്ത്രി അതിന് തുനിയാതെ വകുപ്പ് ഏറ്റെടുത്തതു വഴി ആരോപണത്തെ ശരിവെക്കുകയാണുണ്ടായത്. 


വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് സമുദായം നോക്കിയല്ലെന്നും പരാതികൾ പരിശോധിക്കാമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നെങ്കിൽ നന്നാകുമായിരുന്നു. അബ്ദുറഹിമാനെന്ന് വാർത്ത വരും മുമ്പെ തന്നെ മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നുവെങ്കിലും പ്രയാസം ഉണ്ടാകുമായിരുന്നില്ല. ആദ്യം ദേശാഭിമാനിയിലടക്കം വകുപ്പ് അബ്ദുറഹിമാനെന്ന് വാർത്ത വരിക, അപ്പോൾ തന്നെ ക്രിസ്ത്യൻ സംഘടനകളുടേതായി ആവശ്യം പ്രസിദ്ധപ്പെടുത്തുക, പിന്നാലെ മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കുക എന്നത് സമുദായത്തെ പറ്റിയുള്ള തെറ്റിദ്ധാരണ വർധിപ്പിക്കുകയാണുണ്ടായതെന്നാണ് വിലയിരുത്തൽ. 
പൊതു വെല്ലുവിളി നേരിടുന്ന ന്യൂനപക്ഷങ്ങളെന്ന നിലയിൽ ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും ഇടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ സംഘടനകൾ ആശങ്ക പങ്കു വെക്കുന്നു. സംശയങ്ങൾ ദൂരീകരിക്കാൻ ശ്രമം നടത്താനും ധാരണയുണ്ട്.


 

Latest News