Sorry, you need to enable JavaScript to visit this website.

99 ശതമാനം മുസ്ലിംകൾ താമസിക്കുന്ന ലക്ഷദ്വീപിനെ കലാപഭൂമിയാക്കാൻ കേന്ദ്ര നീക്കം-ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട്- ലക്ഷദ്വീപിൽ കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മുസ്ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീർ. ദ്വീപിനെ വർഗീയവത്കരിക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കേദാഭായി പട്ടേലിനെ കേന്ദ്രം ഏൽപ്പിച്ചതെന്നും ബഷീർ ആരോപിച്ചു.
ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ വാക്കുകൾ: 
ശാന്ത സുന്ദരമായിരുന്ന ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ്. അറബിക്കടലിൽ ഒരു വാഴയില വെട്ടി ഇട്ടത് പോലെ കാണുന്ന നിഷ്‌കളങ്കമായ ഒരു നാട്. 99 ശതമാനത്തിൽ അധികം മുസ്‌ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പി. ഇതിനെതിരെ ദ്വീപിൽ തന്നെ ശക്തമായ പ്രക്ഷോഭ സമരങ്ങൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുൽ കോദാഭായി പട്ടേലിനെ കേന്ദ്ര ഗവണ്മെന്റ് എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വർഗീയ വത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു.
ഇപ്പോൾ ഗുണ്ടാ ആക്ട് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. പ്രധിഷേധ സ്വരങ്ങളെ അമർച്ച ചെയ്യാനുള്ള കരിനിയമം കയ്യിലുണ്ടായാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് അവർ കരുതുന്നു. ദ്വീപിന് എപ്പോഴും ഒരു നിഷ്‌കളങ്ക മുഖമുണ്ട്. അതി മഹത്തായ ഒരു ചരിത്ര സാംസ്‌കാരിക പൈതൃകവും ഉണ്ട്. അത് തകർക്കുന്ന ബെദ്ധപ്പാടിലാണ് ഭരണകൂടം. 
99 ശതമാനം മുസ്‌ലിം സമൂഹം  താമസിക്കുന്ന അവിടെ മാംസാഹാരം വിലക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു തുടങ്ങി. ഗോവധ നിരോധനവും പട്ടികയിലുണ്ട്. ആ നാട്ടുകാരായ അവിടെ ജോലി ചെയ്യുന്ന അംഗനവാടി, ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ അടക്കം പിരിച്ചു വിടലിൻ വിധേയരായി. മത്സ്യ ബന്ധനം തന്നെയാണ് അവരുടെ പ്രധാന ജീവിത മാർഗം. മത്സ്യ തൊഴിലാളികൾക്ക് നേരെ ഓരോ ഹേതു പറഞ്ഞു കേസെടുക്കുന്നതും പതിവായിട്ടുണ്ട്. അവർക്ക് സാധനങ്ങൾ വാങ്ങാൻ കരയിൽ ഏറ്റവും അടുത്ത സ്ഥലം ബേപ്പൂർ തുറമുഖമാണ്. അതിന് പകരം മംഗലാപുരം ആക്കി മാറ്റാനുള്ള നടപടിയും പൂർത്തിയായി വരുന്നു. ലക്ഷദ്വീപിൽ പാമ്പുകൾ തീരെ ഇല്ല, കാക്കയും ഇല്ല.  എന്നാൽ പാമ്പുകൾ വമിച്ചാൽ ഉണ്ടാകുന്ന വിഷത്തേക്കാൾ കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ നടക്കുന്ന വർഗീയ വിഷ വ്യാപനം ആണ് ഇപ്പോൾ അവിടെ നടന്ന് വരുന്നത്. ഈ നീക്കം അത്യന്തം പ്രതിഷേധാർഹമാണ്. ഗവണ്മെന്റ് അടിയന്തിരമായും ഈ തെറ്റ് തിരുത്തണം. അവിടുത്തെ അഡിമിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം.
 

Latest News