Sorry, you need to enable JavaScript to visit this website.

വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമെന്ന് മൊഡേന, പഞ്ചാബിന്റെ ആവശ്യം തള്ളി

ചണ്ഡീഗഢ്- ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വിദേശത്ത് ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച പഞ്ചാബ് സര്‍ക്കാരിന്റെ നീക്കം നടന്നില്ല. യുഎസ് മരുന്നുകമ്പനിയായ മൊഡേന ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് വാ്കസിന്‍ കമ്പനിയില്‍ നേരിട്ട് വാങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ തങ്ങളുടെ നയപ്രകാരം ഇന്ത്യന്‍ സര്‍ക്കാരിനു മാത്രമെ നല്‍കാന്‍ കഴിയൂവെന്നും സംസ്ഥാന സര്‍ക്കാരുകളുമായി ഇടപാട് നടത്താനാവില്ലെന്നും മൊഡേന അറിയിച്ചു. വാക്‌സിന്‍ ഇറക്കുമതിക്കായി പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പല വിദേശ കമ്പനികളേയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഗോള ടെന്‍ഡര്‍ വഴി വിദേശത്തു നിന്ന് വാക്‌സിനെത്തിക്കാനാണ് പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമം നടത്തിവരുന്നത്. വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസങ്ങളായി വാക്‌സിനേഷന്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കേ്ന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനത്തിന് 4.2 ലക്ഷം ഡോസ് മാത്രമാണ് വാങ്ങാനായത്. ഇതില്‍ 66,000 ഡോസ് കഴിഞ്ഞ ദിവസം ലഭിച്ചു. ബാക്കി ഡോസുകള്‍ നേരത്തെ വിതരണം ചെയ്തു തീര്‍ന്നു. ഇതുവരെ പഞ്ചാബ് സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 44 ലക്ഷം ഡോസ് വാക്‌സിനാണെന്നും പഞ്ചാബ് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ വികാസ് ഗാര്‍ഗ് പറഞ്ഞു.
 

Latest News