കപ്പല്‍ കുടുങ്ങാന്‍ കാരണം സൂയസ് കനാലിന്റെ കുഴപ്പമെന്ന് ഉടമകള്‍; ഈജിപ്തിന്റെ പിടിയില്‍ തന്നെ

കെയ്‌റോ- മാര്‍ച്ചില്‍ സുയസ് കനാലിനു കുറുകെ കൂറ്റന്‍ ചരക്കുകപ്പല്‍ കുടുങ്ങി രാജ്യാന്തര ചരക്കുനീക്കം തടസ്സപ്പെടാന്‍ കാരണം കനാല്‍ അധികൃതരുടെ പിഴവാണെന്ന് കപ്പല്‍ ഉടമകള്‍ കോടതിയില്‍. ചരക്കുനീക്കം തടസ്സപ്പെട്ടത് വന്‍സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കപ്പല്‍ ഈജിപ്ത് പിടിച്ചുവച്ചിരിക്കുകയാണ്. കനാലില്‍ കുടുങ്ങിയ ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പുകളില്‍ ഒന്നായ എവര്‍ ഗിവണ്‍ വിട്ടുനല്‍കണമെങ്കില്‍ ഉടമകള്‍ 916.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് സൂയസ് കനാല്‍ അതോറിറ്റിയുടെ ആവശ്യം. ഇസ്മായിലിയ ഇക്കണൊമിക് കോര്‍ട്ട് ആണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കഴിഞ്ഞ ദിവസം കോടതി വാദം കേട്ടു. 

മോശം കാലാവസ്ഥ ആയിരുന്നിട്ടും കപ്പലിനെ സൂയസ് കനാലിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ച സുയസ് കനാല്‍ അതോറിറ്റിയുടെ പക്കലാണ് വീഴ്ച സംഭവിച്ചതെന്ന് കപ്പലിന്റെ ജാപനീസ് ഉടമയായ ഷോയ് കൈസനു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. കപ്പലിന്റെ ഭാഗത്ത് എന്തെങ്കിലും പിഴവ് സംഭവിച്ചതായി തെളിയിക്കാന്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ലന്നും അഭിഭാഷകര്‍ പറയുന്നു. കപ്പലിലെ റെക്കോര്‍ഡിങുകളിലും അതോറിറ്റിയുടെ വാദങ്ങള്‍ക്കെതിരായ തെളിവുകളാണ് ഉള്ളതെന്നും അവര്‍ പറയുന്നു. കപ്പല്‍ പിടിച്ചുവച്ചതു മൂലം വന്‍ നഷ്ടമുണ്ടായെന്നും ഇതിനു നഷ്ടപരിഹാരമായി 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കപ്പല്‍ ഉടമയും ആവശ്യപ്പെടുന്നുണ്ട്.
 

Latest News