Sorry, you need to enable JavaScript to visit this website.

'ആടുമേക്കുന്നവർക്ക് വൈക്കോൽ കൊടുക്കണോ എന്ന് തീരുമാനിക്കേണ്ടത് റഷീദലി തങ്ങൾ, രൂക്ഷപ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍

മലപ്പുറം- വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ  തീരുമാനിച്ച വഖഫ് ബോർഡ് ചെയർമാനും മുൻ എസ്‌കെഎസ്എസ്എഫ് സംസ്ഥാന നേതാവുമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങളോട് ചോദ്യങ്ങളുമായി വീണ്ടും എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ രംഗത്ത്. സോഷ്യൽ മീഡിയയിൽ ചൂടേറിയ വാഗ്വാദത്തിന് മരുന്നിട്ടിരിക്കുകയാണ് റഷീദലി തങ്ങളെ അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും കുറിപ്പുകളും കമന്റുകളും. എസ്.കെ.എസ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, ഗൾഫ് സത്യധാര എഡിറ്റർ മിദ്‌ലാജ് റഹ്മാനി എന്നിവരാണ് റഷീദലി തങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. 
സുന്നികളെ മുസ്്‌ലിംകളായി പോലും കാണാൻ ഒരുക്കമല്ലാത്ത മുജാഹിദുകളെ എല്ലാ മറന്നു കെട്ടിപ്പിടിക്കാൻ സാധ്യമല്ലെന്നാണ് എസ്.കെ.എസ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ പറയുന്നത്. നേരത്തെ വഖഫ് ബോർഡ് ചെയർമാൻ പദവി വഹിച്ച റഷീദലി തങ്ങളുടെ പിതാവ് ഉമറലി ശിഹാബ് തങ്ങളും ഈ പദവിയുടെ പേരിൽ മുജാഹിദ് പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിക്കാട്ടുന്നു. സുന്നി സംഘടനയായ സമസ്തയുടെ നേതാക്കളും പാണക്കാട് തങ്ങന്മാരും മുജാഹിദ പരിപാടികളിൽ പങ്കെടുത്ത ചരിത്രമില്ലെന്നാണ് മിദ്‌ലാജ് ചൂണ്ടിക്കാട്ടുന്നത്.

സത്താർ പന്തലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഫാഷിസം രാക്ഷസ ഭാവത്തോടെ വരുമ്പോൾ സമുദായം എല്ലാം മറന്നു ഒന്നിക്കണമെന്ന അഭിപ്രായം കേൾക്കാൻ നല്ല സുഖമാണ്. ആര് ഒന്നിപ്പിക്കും എങ്ങനെ ഒന്നിപ്പിക്കും എന്നതാണ് പ്രശ്‌നം. ഒരു ഭാഗത്ത് അബൂ ജഹലിനെക്കാൾ വലിയ ബഹുദൈവ വിശ്വാസികൾ എന്ന് ആരോപിക്കപ്പെടുന്ന സുന്നികൾ. മറുഭാഗത്ത് 916 പ്യൂരിറ്റി തൗഹീദ് അവകാശപ്പെടുന്ന വിവിധ ജാതി മുജാഹിദുകൾ... സുന്നികളെ മു്‌സ്്‌ലിംകളായി കാണാൻ പോലും ഒരുക്കമല്ലാത്ത വരെ എല്ലാം മറന്നു കെട്ടിപ്പിടിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.
എന്നാൽ ഈ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട്. സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയക്കാർ. എന്തുകൊണ്ടാണ് മുസ്്‌ലിം പൊതുവേദികളിലേക്ക് പി.ഡി.പി, എസ്.ഡി.പി.ഐ, വെൽഫെയർ, ഐ.എൻ.എൽ എന്നിവരെ ക്ഷണിക്കാത്തത്? ഫാഷിസത്തെ പ്രതിരോധിക്കണമെന്ന കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലാഞ്ഞിട്ടും ഇവരെ പൊതു പ്ലാറ്റ് ഫോമിനകത്തേക്ക് ആരും കടത്താത്തത് എന്തേ? ഇവരുടെ വേദികളിലൊന്നും ഫാഷിസ്റ്റ് വിരുദ്ധ പ്രഭാഷണങ്ങളുമായി മുഖ്യധാരയിലെ 'പൊതു മുഖ'ങ്ങൾ അവതരിക്കാത്തതെന്തേ..?
അതോ... ബിദ്അത്തിനോടുള്ള സമുദായത്തിന്റെ അരിശവും അമർഷവും ഇല്ലാതാക്കി അതിനെ വെളുപ്പിക്കുകയാണോ ഈ മതസംഘടനകൾക്കിടയിൽ മാത്രം കറങ്ങുന്ന സമുദായ ഐക്യത്തിന്റെ ലക്ഷ്യം !

മിദ്‌ലാജ് റഹ്മാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വഖഫ് ബോർഡ് ചെയർമാന് എന്ന സർക്കാർ സ്റ്റാറ്റിയൂട്ടറി ബോഡിയുടെ അധ്യക്ഷന് എന്താ മുജാഹിദ് പരിപാടിയിൽ പോയാൽ എന്നാണു ചോദ്യം.
സഹോദരങ്ങളേ, വഖഫ് ബോർഡ് ചെയർമാൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്നൊക്കെ പറഞ്ഞാൽ ആ ബോഡിയിലെ ഭൂരിപക്ഷം ആളുകൾ തെരെഞ്ഞെടുക്കുന്ന വ്യക്തിയാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി എല്ലാ വിഭാഗത്തിന്റെയും എല്ലാ ആദർശ പരിപാടികളിലും പങ്കെടുക്കണമെന്ന ഒരു ചട്ടമോ നിയമമോ ഇല്ല.
ഇല്ല എന്ന് മാത്രമല്ല, ഉദാഹരണത്തിന്, പാണക്കാട് കുടുംബത്തിൽ നിന്ന് ഒരാളെ ചെയർമാൻ ആക്കുമ്പോൾ ആ ബോഡിയിലെ എല്ലാ ആളുകൾക്കും അറിയാം,പാണക്കാടു തങ്ങൾ മുജാഹിദ് ജമാഅത്ത്എ.പി പരിപാടികളിൽ പോകുകയില്ലെന്ന്. ആലിക്കുട്ടി ഉസ്താദിനെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ആക്കുമ്പോഴും ബോഡിയിലുള്ള മുഴുവൻ ആളുകൾക്കും അറിയാം, ആലിക്കുട്ടി ഉസ്താദ് മറ്റുള്ളവരുടെ പരിപാടികൾക്ക് പോകുകയില്ല. കോട്ടുമല ബാപ്പു മുസ്ലയാരെ ചെയർമാൻ ആക്കുമ്പോഴും ഇത് തന്നെയാണ് പൊതുധാരണ
ഇനി നേരെ തിരിച്ചു ഒരു മുജാഹിദ് നേതാവിനെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ആക്കിയാൽ സമസ്തയുടെ പരിപാടിക്ക് വിളിക്കുകയില്ല എന്ന് എല്ലാവര്ക്കും അറിയാം, അവർക്ക് വരാൻ താല്പര്യമുണ്ടോ എന്നത് മറ്റൊരു വിഷയം. കാന്തപുരം പക്ഷക്കാരനായ എ.കെ അബ്ദുൽ ഹമീദ് സാഹിബിനെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കിയപ്പോഴും ഇത് തന്നെയായിരുന്നു രീതി.എല്ലാവര്ക്കും ഇത് അറിയാവുന്നതുമാണ്.
എന്ന് വെച്ചാൽ എല്ലാ വിഭാഗത്തിനും യോജിക്കാവുന്ന ആളുകളെ നോക്കിയിട്ടല്ല ഇത്തരം പോസ്റ്റുകളിൽ വ്യക്തികളെ നിശ്ചയിക്കാറു എന്ന് അർത്ഥം. ഓരോ വിഭാഗത്തിനും അവരുടെതായ ആദർശവും ആശയവുമുണ്ടല്ലോ.
സമസ്തയുടെ ആലിമീങ്ങളും പാണക്കാട് തങ്ങന്മാരും പ്രതിയോഗികളുടെ പരിപാടികളിൽ പങ്കെടുത്ത ചരിത്രമില്ല. സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളുടെ തന്നെ പിതാവ് സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ വഖഫ് ബോർഡ് ചെയർമാൻ എന്ന ഇതേ സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിയായിരുന്നല്ലോ. ചരിത്രത്തിൽ ഒരിക്കൽ പോലും മുജാഹിദ്,ജമാഅത്ത് പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല.ആരും അതിന്റെ പേരിൽ ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. അതൊക്കെ എല്ലാവർക്കും അറിയാവുന്നതുമാണ്.

മാത്രവുമല്ല ബഹുമാനപ്പെട്ട കോട്ടുമല ബാപ്പു ഉസ്താദിനെ പോലുള്ളവരുടെ ചെയർമാൻഷിപ്പിനെയും ചടുലമായ പ്രവർത്തനത്തെയും ആദർശ പ്രതിയോഗികൾ വരെ ഏറെ പ്രശംസിച്ചതുമാണു,അവരുടെ പരിപാടികളിൽ പങ്കെടുക്കാതിരുന്നിട്ടും.

വസ്തുത ഇതായിരിക്കെ, സർക്കാർ പദവി വഹിക്കുന്നയാളുടെ അനിവാര്യത എന്ന ന്യായം ഉയർത്തി റഷീദ് അലി തങ്ങൾക്ക് വഹ്ഹാബി പരിപാടിയിൽ പങ്കെടുക്കുന്നതിന് ആരും താത്വികാടിത്തറ സൃഷ്ടിക്കാൻ ശ്രമിക്കേണ്ടതില്ല എന്ന് വിനയ പൂർവ്വം ഓർമ്മിപ്പിക്കുന്നു.

മിദ്‌ലാജ് റഹ്മാനിയുടെ മറ്റൊരു പോസ്റ്റ്: 

ആട് മേയ്ക്കുന്നവർക്ക് വൈക്കോൽ കൊടുക്കാൻ പോകണോന്ന് താങ്കൾ തന്നെ തീരുമാനിക്കുക.......

'ദാ ഞാനിപ്പം ചാടും, ഇപ്പം ചാടും, നിങ്ങളൊക്കെ കൂടി തടയുന്നത് ഒന്ന് കാണണമല്ലോ' എന്ന് പറഞ്ഞു ഒരാൾ ആത്മഹത്യക്ക് ഒരുങ്ങിയാൽ എന്ത് ചെയ്യണം?കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പികളിലെ എക്‌സ്‌പെർട്ടുകൾക്ക് ഇതിനു ഒരു മറുപടിയുണ്ട്.അവനോടോ അവളോടോ ഇങ്ങനെ പറയുക. പൊന്നു മോളെ/മോനെ, താൻ എന്താണെന്ന് വെച്ചാൽ അങ്ങ് ചെയ്യ്... കുത്തുകേ , തൂങ്ങ്‌കേ , ചാടുകേ, എന്താണെന്ന് വെച്ചാൽ ചെയ്യ്..ഞങ്ങൾക്ക് മത്തായിയാണ്!
എന്നിട്ട് പതുക്കെ ചെന്ന് സ്‌നേഹപൂർവ്വം ആ കാതുകളിൽ ഇങ്ങനെ മന്ത്രിക്കുക...ദേയ്, നമ്മൾ തമ്മിലുള്ള ബന്ധം ഭീഷണിയുടേതല്ല. സ്‌നേഹത്തിന്റേതാണ്.പരസ്പര ബഹുമാനത്തിന്റേതാണ്.എനിക്ക് നിങ്ങളോട് ഇഷ്ടമാണ്. പ്രണയമാണ്.പക്ഷെ ആ ഇഷ്ടം കുറച്ചൊക്കെ നിങ്ങളും വിലവെക്കണം. അതായത് നിങ്ങൾ വേറെ ചിലരുടെ പിന്നാലെ പോകുന്നത് എനിക്ക് അത്ര പിടിക്കുന്നില്ല. അരുതെന്ന എന്റെ അപേക്ഷ നിങ്ങൾ കേൾക്കുന്നുമില്ല. മാത്രവുമല്ല പിന്നെയും നിങ്ങൾ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അത് കൊണ്ട് ഞാൻ അവസാനമായി പറയുന്നു.ഇനി പിന്തിരിപ്പിക്കാൻ ഞാനില്ല, നിങ്ങളായി നിങ്ങളുടെ പാടായി... 
പ്രിയ നേതാവേ , നമ്മൾ തമ്മിലുള്ള ബന്ധം ആത്മീയമായ ഒരടുപ്പത്തിന്റേതാണ്. അറുത്ത് മാറ്റാനാകാത്ത ഒരു ആത്മബന്ധത്തിന്റേതാണ്. പക്ഷെ താങ്കൾക്ക് അറിയാമല്ലോ, ആ അടുപ്പത്തിലേക്കു ഞങ്ങളുടെ ഞരമ്പുകൾ പടർന്നു കയറുന്നത് പോലും മത നിർദേശങ്ങളിലെ ചോദനകൾ കൊണ്ടാണ്.അത് കൊണ്ട് മാത്രമാണ്. മതപരമായ പശ്ചാത്തലമാണ് അതിനു ഏത് കാലത്തും പ്രചോദനമാകുന്നത്.എന്ന് വെച്ചാൽ മതം പറയുന്നതാണ് ഈ ബന്ധത്തിന്റെയും ബന്ധവിച്‌ഛേദനത്തിന്റെയും അടിസ്ഥാനമെന്ന് അർത്ഥം.
അത് കൊണ്ട് മതത്തിന്റെയും ആത്മീയതയുടെ അന്തസത്തയെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന ആൾകൂട്ടത്തിലേക്ക് തികഞ്ഞ അന്തസോടെ കടന്ന് ചെല്ലാമെന്നൊന്നും താങ്കൾ ധരിക്കരുത്.ഇനി അഥവാ കടന്ന് ചെല്ലണമെന്നുണ്ടെങ്കിൽ പഴയ അതേ ആദരവ് തന്നെ തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്യരുത്.
അതായത് ഒറ്റവാക്കിൽ പറഞ്ഞാൽ സുന്നത്ത് ജമാഅതതിന്റെ കാര്യങ്ങളൊക്കെ തീരുമാനിച്ചു കഴിഞ്ഞതാണ്. മഷി ഉണങ്ങിക്കഴിഞ്ഞതാണ് കടലാസ് ചുരുട്ടിക്കഴിഞ്ഞതാണ്. മാത്രവുമല്ല താങ്കൾക്കു തന്നെ അറിയാവുന്നതാണല്ലോ, വഹിക്കുന്ന പദവിയുടെ മഹത്വം കൊണ്ട് മാത്രം പറയുന്നതും ചെയ്യുന്നതും തന്നെയാണ് അവസാന വാക്കെന്ന  പേപ്പൽ ഇൻഫാലിബിലിറ്റി എന്ന പോപ്പിന് തെറ്റ് പറ്റില്ലെന്ന സിദ്ധാന്തം ഇസ്‌ലാമിലിലില്ലെന്നു. ഇസ്ലാമിലില്ലാത്തത് മാപ്പിള മുസ്ലിമിനും ഇല്ലല്ലോ.

അത് കൊണ്ട് ഇക്കാര്യത്തിൽ താങ്കൾക്ക് തെറ്റിയെന്നു പറയാൻ അശേഷം ഭയമില്ല.പൊതുധാരയെ സഹവർത്തിത്വത്തിലേക്ക് കൊണ്ട് വരുന്ന ഉപ്പഉപ്പാമാരുടെ വട്ടമേശ ചൂണ്ടി അത് ആട് മേയ്ക്കുന്നവർക്ക് വൈക്കോൽ കൊടുക്കുന്ന ഏർപ്പാടായിരുന്നു എന്ന് മനസ്സിലാക്കിയ താങ്കളുടെ വായന അധിക വായന തന്നെയാണ്. തിരുത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ്  ഫേസ്ബുക്ക്, ട്വിറ്റര്‍  ലൈക്ക് ചെയ്യൂ 

Latest News