ന്യൂദല്‍ഹി- അഞ്ചു ദിവസത്തിനിടെ മൂന്ന് പൈലറ്റുമാര്‍ കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തില്‍ കമ്പനിയില്‍ നിന്നും കരുതലും പരിരക്ഷയും ആവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ രംഗത്ത്. ഈ മഹാമാരിക്കാലത്ത് ഡ്യൂട്ടിക്കിടെ തങ്ങള്‍ക്കു വല്ലതും സംഭവിച്ചാല്‍ കുടുംബത്തേയും ഉറ്റവരേയും സംരക്ഷിക്കുന്നതിന് കരുതലും പരിരക്ഷയും വേണമെന്ന് മാനേജ്‌മെന്റിനോട് പൈലറ്റുമാര്‍ ആവശ്യപ്പെട്ടു. കോവിഡ് മൂലം നിരവധി പൈലറ്റുമാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനുവേണ്ടി അടക്കം ജോലി ചെയ്യുന്ന പൈലറ്റുമാരും മുന്‍നിര കോവിഡ് പോരാളികളാണ്. സ്വകാര്യ വിമാന കമ്പനിയായ ഗോഎയര്‍ പൈലറ്റുമാര്‍ക്ക് അഞ്ച് കോടി രൂപയുടെ പരിരക്ഷ നല്‍കുന്നുണ്ടെന്നും എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനു പുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മരണപ്പെടുന്ന മുന്‍നിര കോവിഡ് പോരാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരവും കരുതല്‍ പദ്ധതികള്‍ പ്രകാരമുള്ള പരിരക്ഷയും നല്‍കുന്നുണ്ട്. സമാന പദ്ധതികള്‍ക്ക് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ അര്‍ഹരല്ലെ? ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് സമാന പദ്ധതി നടപ്പിലാക്കിക്കൂടാ? - ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് ചോദിക്കുന്നു.
എയര്‍ ഇന്ത്യാ- ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തിനു മുമ്പുള്ള എയര്‍ ഇന്ത്യയുടെ പൈലറ്റുമാരുടെ സംഘടനയാണ് ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ്. രാജ്യത്ത് പല പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ സഹായിക്കാന്‍ സമാന പദ്ധതികളുണ്ട്. അവര്‍ നഷ്ടപരിഹാരവും ബന്ധുക്കള്‍ക്ക് ജോലിയും നല്‍കുന്നത് സാധാരണയാണ്. മരിക്കുന്ന ജീവനക്കാരോട് ഇത്തരമൊരു കരുതല്‍ സമീപനമില്ലാത്ത ഏക പൊതുമേഖലാ കമ്പനിയായി എയര്‍ ഇന്ത്യ തുടരുന്നത് എന്ത്‌കൊണ്ടാണന്നും പൈലറ്റുമാര്‍ ശനിയാഴ്ച മാനേജ്‌മെന്റിന് അയച്ച കത്തില്‍ ചോദിക്കുന്നു.






