ബ്‌ളാക്ക് ഫംഗസിനെ തുരത്താനും  മോഡി പാത്രം കൊട്ടാന്‍ പറയും- രാഹുല്‍

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമത്തിനൊപ്പം ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ ലഭ്യതക്കുറവുണ്ടായത് മോഡി സര്‍ക്കാരിനുണ്ടായ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ മാത്രം ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയും രാഹുല്‍ പ്രകടിപ്പിച്ചു. വാക്‌സിന്‍ ക്ഷാമത്തിനും കോവിഡ് മരണനിരക്ക് ഉയരുന്നതിലും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചാ നിരക്ക് കുറയുന്നതിലും സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്നും രാഹുല്‍ സൂചിപ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പ്രധാനമന്ത്രി ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും രാഹുല്‍ പരിഹസിച്ചു. മുതലകള്‍ നിര്‍ദോഷികളാണ്. കൊറോണ വൈറസിനെ തുരത്താന്‍ ചെയ്ത പോലെ ബ്ലാക്ക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാന്‍ മോഡി താമസിയാതെ ആവശ്യപ്പെടുമെന്നും രാഹുല്‍ പരിഹസിച്ചു.
 

Latest News