ബെയ്ജിങ്- ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗന്‍സുവില്‍ നടക്കുന്ന 100 കിലോമീറ്റര്‍ ക്രോസ് കണ്ട്രി മൗണ്ടന്‍ മാരത്തണ്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത 21 താരങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായ അതിരൂക്ഷമായ കാലാവസ്ഥയെ തുടര്‍ന്ന് മരിച്ചു. പര്‍വതങ്ങളിലൂടെയുള്ള മാരണത്തല്‍ ഓട്ടമത്സരമായിരുന്നു ഇത്. കനത്ത മഴയും ആലിപ്പഴ വര്‍ഷവും ശക്തിയേറിയ കാറ്റുമാണ് താരങ്ങളെ അപകടത്തിലാക്കിയത്. കാണാതായ ഒരു താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ മരണ സംഖ്യ 21 ആയി ഉയര്‍ന്നതായി ഔദ്യോഗിക ചൈനീസ് വാര്‍ത്താ ചനലായ സിസിടിവി റിപോര്‍ട്ട് ചെയ്തു.
മാരത്തണ്‍ പാതയുടെ 20-30 കിലോമീറ്റര്‍ മേഖലയിലാണ് പൊടുന്നനെ അതിരൂക്ഷമായ കാലാവസ്ഥ രൂപപ്പെട്ടത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അതിശക്തമായ ഐസ് മഴയും ഉണ്ടായി. ഇതോടൊപ്പം താപനില കുത്തനെ താഴോട്ടു പോയതും ഓട്ടമത്സരത്തില്‍ പങ്കെടുത്തവരെ പ്രതികൂലമായി ബാധിച്ചതായി ബെയിന്‍ സിറ്റി മേയര്‍ ഷാങ് ഷുചെന്‍ പറഞ്ഞു.
കാലാവസ്ഥ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങളെ അപകടത്തിലാക്കിയെന്ന വിവരം ലഭിച്ചയുടന്‍ രക്ഷാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. മാരത്തണില്‍ പങ്കെടുക്കുന്ന 172 പേരില്‍ 18 പേരെ രക്ഷിച്ചു. ഉച്ചയോടെ കാലാവസ്ഥ അതിരൂക്ഷമായതോടെ മത്സരം നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. പരിക്കേറ്റ നിരവധി താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.