Sorry, you need to enable JavaScript to visit this website.

യെമൻ: അമേരിക്കൻ ദൂതനും സൗദി വിദേശ മന്ത്രിയും ചർച്ച നടത്തി

സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ

റിയാദ്- സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യെമനിലേക്കുള്ള അമേരിക്കൻ ഗവൺമെന്റിന്റെ പ്രത്യേക ദൂതൻ ടിം ലിൻഡർകിംഗും ചർച്ച നടത്തി. ഫലസ്തീനിലെ സംഭവവികാസങ്ങൾ വിശകലനം ചെയ്യാൻ ചേർന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ന്യൂയോർക്കിൽ വെച്ചാണ് അമേരിക്കൻ ദൂതനുമായി ചർച്ച നടത്തിയത്. യെമനിലെ പുതിയ സംഭവവികാസങ്ങളും യെമൻ സംഘർഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാൻ നടത്തുന്ന സംയുക്ത ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.


അതേസമയം, മാനവചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് യെമൻ സാക്ഷ്യം വഹിക്കുന്നതിനു മുമ്പായി ഹൂത്തി മിലീഷ്യകളുടെ മേൽ ഐക്യരാഷ്ട്രസഭയും രക്ഷാസമിതിയും അന്താരാഷ്ട്ര സമൂഹവും സാധ്യമായതിൽ ഏറ്റവും ശക്തമായ സമ്മർദം ചെലുത്തണമെന്ന് യെമൻ ഇൻഫർമേഷൻ, സാംസ്‌കാരിക, ടൂറിസം മന്ത്രി മുഅമ്മർ അൽഇർയാനി ആവശ്യപ്പെട്ടു. ജീർണാവസ്ഥയിലുള്ള സാഫിർ എണ്ണ ടാങ്കർ പ്രശ്‌നത്തിന് പരിഹാരം കാണാനും പരിസ്ഥിതി, സാമ്പത്തിക, മാനുഷിക ദുരന്തം സംഭവിക്കാതെ തടയാനും ഹൂത്തികൾക്കു മേൽ കടുത്ത സമ്മർദം ചെലുത്തണം. എണ്ണ ടാങ്കറിലുണ്ടാകുന്ന ചോർച്ച ദശലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കും. ഇതിന്റെ വില ദശകങ്ങളോളം മേഖലയും ലോകവും നൽകേണ്ടിവരും. 


സാഫിർ എണ്ണ ടാങ്കറുമായി ബന്ധപ്പെട്ട് യു.എന്നും ഹൂത്തികളും തമ്മിൽ നടത്തുന്ന പുതിയവട്ട ചർച്ചകൾ പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ നടത്തിയ ചർച്ചകളും മുൻ അനുഭവങ്ങളും ഹൂത്തികൾക്ക് സംവാദഭാഷ മനസ്സിലാകില്ല എന്നാണ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ ബ്ലാക്ക്‌മെയിലിംഗിനും വിലപേശലിനുമുള്ള തുറപ്പുചീട്ട് എന്നോണമാണ് സാഫിർ എണ്ണ ടാങ്കർ പ്രശ്‌നത്തെ ഹൂത്തികൾ ഉപയോഗിക്കുന്നത്. സാഫിർ എണ്ണ ടാങ്കറിൽ ചോർച്ചയുണ്ടായോ ടാങ്കർ മുങ്ങിയോ ടാങ്കറിൽ സ്‌ഫോടനമുണ്ടായോ സംഭവിക്കുന്ന ദുരന്തം തടയുന്നതിന് മുൻ വർഷങ്ങളിൽ യു.എൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. എണ്ണ ടാങ്കർ പരിശോധിക്കാനും ഇതിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും യു.എൻ സംഘത്തെ അനുവദിക്കുന്നതിൽ നിന്ന് പലതവണ ഹൂത്തികൾ പിന്നോക്കം പോവുകയായിരുന്നെന്നും മുഅമ്മർ അൽഇർയാനി പറഞ്ഞു. 


ഹൂത്തികൾ ഇറാൻ അജണ്ടയാണ് നടപ്പാക്കുന്നതെന്നും ഇതാണ് സമാധാന ശ്രമങ്ങൾക്ക് പ്രതിബന്ധമായി മാറുന്നതെന്നും യെമൻ വിദേശ മന്ത്രി അഹ്മദ് മുബാറക് പറഞ്ഞു. മാരിബിനു നേരെ ഹൂത്തികൾ നിരന്തരം ശക്തമായ ആക്രമണം നടത്തിവരികയാണ്. ഇറാൻ അജണ്ട പ്രകാരമാണ് ഹൂത്തികൾ പ്രവർത്തിക്കുന്നത്. യു.എൻ തീരുമാനങ്ങൾക്കും ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി യെമനിൽ സമഗ്രവും ശാശ്വതവുമായ സമാധാനമുണ്ടാക്കാൻ യെമൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. യെമനിൽ യുദ്ധം അവസാനിപ്പിക്കലും സമാധാനമുണ്ടാക്കലും യെമൻ ഗവൺമെന്റിന്റെയും ആഗോള സമൂഹത്തിന്റെയും പൊതുലക്ഷ്യമാണെന്നും വിദേശ മന്ത്രി അഹ്മദ് മുബാറക് പറഞ്ഞു. 
സാഹചര്യങ്ങൾ സങ്കീർണമാണെങ്കിലും യെമനിൽ സമാധാനം സാധ്യമാണെന്ന് യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദി പറഞ്ഞു. കാലാവധി അവസാനിക്കുന്ന യെമനിലെ അമേരിക്കൻ അംബാസഡർ ക്രിസ്റ്റഫർ ഹെൻസലിനെ റിയാദിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. അമേരിക്കൻ, യു.എൻ ദൂതന്മാർ നടത്തുന്ന ശ്രമങ്ങളിലൂടെ യെമനിൽ സമാധാനം സാധ്യമാണ്. ഇറാനിലെ മതാധിഷ്ടിത ഭരണ പരീക്ഷണം യെമൻ ജനതക്ക് ഒരിക്കലും സ്വീകാര്യമാകില്ലെന്നും അബ്ദുറബ്ബ് മൻസൂർ ഹാദി പറഞ്ഞു. 

Latest News