Sorry, you need to enable JavaScript to visit this website.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങള്‍ക്കു മാത്രമാക്കിയേക്കും, തീരുമാനം ഉടന്‍

ന്യൂദല്‍ഹി- ഈ വര്‍ഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പ്രധാന വിഷയങ്ങളില്‍ മാത്രമാക്കി ചുരുക്കിയേക്കുമെന്ന് റിപോര്‍ട്ട്. ഇതു സംബന്ധിച്ച് ഞായറാഴ്ച ചേരുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍  തീരുമാനമെടുക്കും. 174 വിഷയങ്ങളാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ബോര്‍ഡ് നല്‍കുന്നത്. ഇവയില്‍ 20 വിഷയങ്ങള്‍ മാത്രമാണ് മേജര്‍ ആയി പരിഗണിക്കപ്പെടുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ജ്യോഗ്രഫി, ഇക്കണൊമിക്‌സ്, ഇംഗ്ലീഷ് തുടങ്ങിയവ പ്രധാന വിഷയങ്ങളില്‍ ഉള്‍പ്പെടും. ഒരു സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ചുരുങ്ങിയത് അഞ്ച് വിഷയങ്ങളും പരമാവധി ആറ് വിഷയങ്ങളും തെരഞ്ഞെടുക്കാം. ഇവയില്‍ നാലും മേജര്‍ വിഷയങ്ങളായിരിക്കും.

ബോര്‍ഡ് പരീക്ഷ സംബന്ധിച്ച് രണ്ടു നിര്‍ദേശങ്ങളാണ് സിബിഎസ്ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ഒന്ന്, പരീക്ഷ മേജര്‍ വിഷയങ്ങള്‍ക്കു മാത്രമാക്കാമെന്നും മറ്റൊന്ന് വിദ്യാര്‍ത്ഥികളെ അവരുടെ സ്‌കൂളുകളില്‍ തന്നെ മേജര്‍ വിഷയങ്ങളിലെ പരീക്ഷണ എഴുതാന്‍ അനുവദിക്കുക എന്നുമാണത്. ഇതു സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നടക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും വിദ്യാഭ്യാസ സെക്രട്ടറിമാരും പങ്കെടുക്കുന്ന ഉന്നത യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി എന്നിവരും ഈ യോഗത്തില്‍ പങ്കെടുക്കും.

ആദ്യത്തെ നിര്‍ദേശം പറയുന്നത് നിലവിലെ രീതിയില്‍ തന്നെ മേജര്‍ വിഷയങ്ങളില്‍ മാത്രം ബോര്‍ഡ് പരീക്ഷ നടത്തുക എന്നതാണ്. മേജര്‍ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള വിഷയങ്ങളുടെ മാര്‍ക്ക് കണക്കാക്കുക എന്നും സിബിഎസ്ഇ നിര്‍ദേശിച്ചിട്ടുണ്ട്. ഈ രീതിയില്‍ പരീക്ഷ നടത്താന്‍ തയാറാടെുപ്പുകള്‍ക്കായി ഒരു മാസവും പരീക്ഷ നടത്താനും മൂല്യനിര്‍ണയത്തിനും രണ്ടുമാസവും സമയം വേണ്ടി വരും. 

രണ്ടാമത്തെ നിര്‍ദേശ പ്രകാരം പരീക്ഷ നടത്താന്‍ 45 ദിവസങ്ങള്‍ മതി. പ്രത്യേക പരീക്ഷാ കേന്ദ്രങ്ങള്‍ക്കു പകരം വിദ്യാര്‍ത്ഥികള്‍ സ്വന്തം സ്‌കൂളുകളില്‍ തന്നെ മേജര്‍ വിഷയങ്ങളുടെ പരീക്ഷം മാത്രം എഴുതക എന്നതാണ് ഈ നിര്‍ദേശം. ഇതിനു സൗകര്യമൊരുക്കാന്‍ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിക്കേണ്ടി വരും. ഈ നിര്‍ദേശം നടപ്പിലാക്കുകയാണെങ്കില്‍ പരീക്ഷ മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂറാക്കി ചുരുക്കേണ്ടി വരുമെന്നും ചോദ്യപേപ്പര്‍ ഒബ്ജക്ടീവ്, ഷോര്‍ട്ട് ആന്‍സര്‍ രീതിയിലാക്കേണ്ടി വരുമെന്നും സിബിഎസ്ഇ നിര്‍ദേശിച്ചതായാണ് റിപോര്‍ട്ട്. ഞായറാഴ്ച കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതു വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 


 

Latest News