റിയാദ്- വിദേശ യാത്ര നടത്തുന്ന സൗദി പൗരന്മാരുടെ കൊറോണ ചികിത്സാ പരിരക്ഷക്കുള്ള ഇൻഷുറൻസ് പോളിസി, വിദേശങ്ങളിൽനിന്ന് വരുന്നവർക്ക് ചില രാജ്യങ്ങൾ നിർബന്ധമാക്കിയ ക്വാറന്റൈൻ പാലിക്കുന്നതിനുള്ള ചെലവ് വഹിക്കില്ലെന്ന് കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വ്യക്തമാക്കി. എന്നാൽ യാത്രക്കിടെ കൊറോണ വൈറസ് ബാധിച്ചതു മൂലമുള്ള ക്വാറന്റൈൻ പാലിക്കാനുള്ള ചെലവ് പോളിസി വഹിക്കും. വിദേശങ്ങളിൽ എത്തിയ ശേഷം നടത്തുന്ന കൊറോണ പരിശോധനാ ചെലവും പോളിസി കവർ ചെയ്യില്ല. വിദേശ യാത്ര നടത്തുന്ന മുഴുവൻ സൗദി പൗരന്മാർക്കും കൊറോണ ചികിത്സാ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്. 18 വയസ്സിൽ കുറവുള്ളവരുടെ വിദേശ യാത്രക്ക് ഈ പോളിസി നിർബന്ധമാണ്.
എന്നാൽ ആറു മാസത്തിലധികം മുമ്പ് കൊറോണ ബാധിച്ച് രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ച 18 വയസ്സിൽ കുറവ് പ്രായമുള്ള സൗദി പൗരന്മാരുടെ വിദേശ യാത്രക്ക് കൊറോണ ഇൻഷുറൻസ് പോളിസി നിർബന്ധമല്ല. ഇൻഷുറൻസ് പോളിസിയുള്ളവർക്ക് പരമാവധി ആറര ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജ് ആണ് ലഭിക്കുക. ഐ.സി.യു ചികിത്സ, അടിയന്തര ആരോഗ്യ പരിചരണം, വിമാന സർവീസ് നഷ്ടപ്പെട്ടതു മൂലമുള്ള മെഡിക്കൽ ഇവാക്വേഷൻ എന്നിവക്കുള്ള ചെലവുകളെല്ലാം പോളിസി കവർ ചെയ്യും.
അതേസമയം, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കുള്ള വിദേശ യാത്രാ വിലക്ക് ബഹ്‌റൈൻ യാത്രക്കാർക്കു മാത്രമാണ് ബാധകമെന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇത് ബാധകമല്ലെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. തവക്കൽനാ ആപ്പിൽ പ്രത്യക്ഷപ്പെടുന്ന ആരോഗ്യനില പ്രകാരം രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർ, ആറു മാസത്തിലധികം മുമ്പ് കൊറോണ ബാധിച്ച് രോഗമുക്തി നേടിയവർ എന്നീ വിഭാഗങ്ങളിൽ പെട്ട സൗദി പൗരന്മാർക്ക് വിദേശയാത്രാനുമതി നൽകുന്നുണ്ട്.






