കണ്ണൂർ - കോൺഗ്രസ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനും സി.പി.എം ഭരിക്കുന്ന ജില്ലാ പഞ്ചായത്തും തുറന്ന യുദ്ധത്തിലേക്ക്. കോർപറേഷൻ നിയന്ത്രണത്തിലുണ്ടായിരുന്ന എസ്.പി.സി.ഐ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതിൽ തുടങ്ങിയ പോരാട്ടം നിയമയുദ്ധത്തിലെത്തി നിൽക്കയാണ്. 13 ലക്ഷം രൂപ കെട്ടിട നികുതി അടച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് കെട്ടിടം ജപ്തി ചെയ്യുമെന്ന് കോർപറേഷൻ നോട്ടീസ് നൽകിയതാണ് ഈ പരമ്പരയിലെ അവസാന സംഭവം.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷൻ യു.ഡി.എഫ് തിരിച്ചുപിടിക്കുകയും, ജില്ലാ പഞ്ചായത്തിൽ ഇടതുപക്ഷം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ചെയ്തിരുന്നു. അഡ്വ. ടി.ഒ. മോഹനൻ മേയറും, പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായി ചുമതലയേറ്റ ആദ്യ നാളുകളിൽ സഹകരണത്തോടെയാണ് ഇരു സ്ഥാപനങ്ങളും മുന്നോട്ടു പോയത്. എന്നാൽ പിന്നീട് ഇത് രാഷ്ടീയ യുദ്ധമായി മാറുകയായിരുന്നു.
കോർപറേഷൻ അധീനതയിലുണ്ടായിരുന്ന ജില്ലാ കലക്ടർ ചെയർമാനായ ജന്തു പ്രാണിദ്രോഹ നിവാരണ സൊസൈറ്റി (എസ്.പി.സി.ഐ), നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതാണ് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള വടം വലിക്ക് തുടക്കം. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിനിട്ട പുതിയ പൂട്ട് പൊളിച്ച് കോർപറേഷൻ പുതിയ പൂട്ടിട്ടു മറുപടി നൽകി. ഇതു സംബന്ധിച്ച് ഇരു വിഭാഗങ്ങളും പോലീസിൽ പരാതി നൽകുകയും പിന്നീട് കോടതിയെ സമീപിക്കുകയും ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലാണിപ്പോൾ. കോർപറേഷനാണ് അധികാരമെന്നും, ജില്ലാ പഞ്ചായത്തിനാണ് അധികാരമെന്നുമാണ് ഇരുവരുടെയും വാദം.
നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് കോവിഡ് വ്യാപനം രൂക്ഷമായതോടെ തർക്കം വീണ്ടും രൂക്ഷമായി. തെരുവിൽ കഴിയുന്നവരെ കോർപറേഷന്റെ നേതൃത്വത്തിൽ കണ്ടെത്തി പുനരധിവസിപ്പിച്ച സ്ഥലത്ത്, ജില്ലാ പഞ്ചായത്തും സി.പി.എം നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ ഐ.ആർ.പി.സിയും ഭക്ഷണവുമായി എത്തി ആധിപത്യം സ്ഥാപിച്ചു. ഇതിനെതിരെ കെ. സുധാകരൻ എം.പി അടക്കം രംഗത്തെത്തുകയും ചെയ്തു. പിന്നീടിത് രണ്ട് സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള തർക്കം എന്നതിൽ നിന്ന് സി.പി.എം- കോൺഗ്രസ് തർക്കമായി പരിണമിക്കുകയായിരുന്നു.
ഐ.ആർ.പി.സിയുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനുള്ള സമൂഹ അടുക്കളയുടെ ഉദ്ഘാടന ചടങ്ങ് മേയർ ബഹിഷ്‌കരിച്ചത് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ ഐ.ആർ.പി സിയെ, ദുരന്തനിവാരണ അതോറിറ്റി സാമൂഹ്യ സേവനത്തിനുള്ള നോഡൽ ഏജൻസിയായി പ്രഖ്യാപിച്ചതിനെതിരെ കോൺഗ്രസ് രംഗത്തു വരികയും ചെയ്തു. കണ്ണൂർ കോർപറേഷൻ അധീനതയിലുളള പയ്യാമ്പലം ശ്മശാനത്തിൽ കോവിഡ് രോഗികളുടെ സംസ്‌കാര ചടങ്ങ് പൂർണമായും സൗജന്യമാക്കി പ്രഖ്യാപനം നടത്തുകയും, അവിടെ ഡ്യൂട്ടി ചെയ്തിരുന്ന ഐ.ആർ.പി.സി വളണ്ടിയർമാരെ ഒഴിവാക്കുകയും ചെയ്തത്, വാക് തർക്കത്തിനും സംഘർഷത്തിനും വഴിവെച്ചു. ഈ സംഘർഷത്തിന്റെ പേരിൽ ശവസംസ്‌കാര ചടങ്ങുകൾ മണിക്കൂറുകളോളം വൈകി.
ഇതിന് പിന്നാലെയാണ് കെട്ടിട നികുതി അടക്കുന്നതിന് കോർപറേഷൻ അധികൃതർ, ജില്ലാ പഞ്ചായത്തിന് നോട്ടീസ് നൽകിയത്. 13 ലക്ഷം രൂപ അടച്ചില്ലെങ്കിൽ കെട്ടിടം ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്. എന്നാൽ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ മറുപടി നൽകി. ജില്ലാ പഞ്ചായത്ത് പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് 2016 മുതലുള്ള നികുതിയായി 13 ലക്ഷത്തോളം രൂപയാണ് കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് നമ്പർ 3025/2007 പ്രകാരം പഞ്ചായത്ത്, നഗരസഭാ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെയും നഗരസഭയുടെയും കെട്ടിടങ്ങളെ കെട്ടിട നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്നും അതിനാൽ നോട്ടീസ് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിനെ സമീപിക്കുമെന്നുമാണ് അവർ മുന്നറിയിപ്പ് നൽകിയത്.
കോർപറേഷനും ജില്ലാ പഞ്ചായത്തും തമ്മിലുള്ള തർക്കം രാഷ്ടീയ വിഷയമായി മാറിയ സാഹചര്യത്തിൽ കണ്ണൂരിൽ നിന്നുള്ള തദ്ദേശ വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്ററെ പ്രശ്‌നത്തിൽ ഇടപെടുവിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇത്തരം നീക്കമുണ്ടായാൽ നിയമത്തിന്റെ വഴിതേടാനാണ് കോൺഗ്രസ് തീരുമാനം.