VIDEO പുള്ളിപ്പുലിയുമായി നടുറോഡില്‍ ബാലിക; നടപടിയെടുക്കുമെന്ന് അധികൃതര്‍

കഴുത്തില്‍ കുടുക്കിട്ട നിലയിലുള്ള പുള്ളിപ്പുലിയുമായി സൗദി ബാലിക റോഡിലൂടെ നടക്കുന്നു.

റിയാദ് - പുള്ളിപ്പുലിയുമായി സൗദി ബാലിക റോഡിലൂടെ നടന്ന സംഭവത്തില്‍ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് പറഞ്ഞു. കഴുത്തില്‍ കയറു കൊണ്ട് കുടുക്കിട്ട നിലയിലുള്ള പുള്ളിപ്പുലിയെ ബാലിക കാറില്‍ നിന്ന് പുറത്തിറക്കുന്നതിന്റെയും പുള്ളിപ്പുലിയുമായി റോഡിലൂടെ നടക്കുന്നതിന്റെയും പുലിയെ കയറില്‍ പിടിച്ച് വലിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബാലികയുടെ പിതാവ് തന്നെയാണ് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത് എന്നാണ് കരുതുന്നത്. വീഡിയോ ശ്രദ്ധയില്‍ പെട്ട സൗദി പൗരന്മാരില്‍ ഒരാള്‍ ഇത് സഹിതം നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫിന് പരാതി നല്‍കി.
നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് പറഞ്ഞു. സൗദിയില്‍ വന്യജീവികളെ വളര്‍ത്തുന്നതിനും സ്വന്തമാക്കുന്നതിനും ഇത്തരം ജീവികളെ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് പറഞ്ഞു. റിയാദില്‍ സമീപ കാലത്ത് ഇസ്തിറാഹയില്‍ വളര്‍ത്തുന്ന സിംഹത്തിന്റെ ആക്രമണത്തില്‍ സൗദി യുവാവ് കൊല്ലപ്പെട്ടിരുന്നു.


 

 

Latest News