മലപ്പുറം- ജയിക്കുമ്പോൾ പൂച്ചെണ്ടും തോൽക്കുമ്പോൾ കല്ലേറും പതിവാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും തോറ്റ പിണറായിക്കെതിരെ കല്ലേറുണ്ടായി. ഇത്തവണ ജയിച്ചപ്പോൾ പൂച്ചെണ്ടുകൾ കിട്ടി. ഈ തോൽവിയിൽ ലഭിച്ച കല്ലേറ് പൂച്ചെണ്ടായി കാണുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യ ചേരിയെ ഭരണത്തിൽ എത്തിച്ച ശേഷം മാത്രമേ ഈ പോരാട്ടം അവസാനിപ്പിക്കൂ. എന്നും ഞാനുണ്ടാകണം എന്നില്ല. മാറ്റത്തെ പിന്തുണച്ച് ജനാധിപത്യ ചേരിയെ തിരിച്ചുകൊണ്ടുവരും. ലീഗിന് ശക്തിയുള്ള സ്ഥലങ്ങളിലെല്ലാം യു.ഡി.എഫിനെ വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് ലീഗിനെ വിജയിപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തെത്തി. തൃത്താലയിൽ കോൺഗ്രസ് തോറ്റത് നിർഭാഗ്യം കൊണ്ടാണ്. രണ്ടാം വട്ടം കൂടി എൽ.ഡി.എഫ് വിജയിച്ചുവെന്നതിൽ അവർ അഹങ്കരിക്കേണ്ടതില്ല. പ്രതിപക്ഷത്തിന് കേരളത്തിൽ പ്രധാനപ്പെട്ട റോളുണ്ട്. ഇനി ഇവിടെ പ്രതിപക്ഷം ഇല്ല എന്ന രീതിയിൽ മുന്നോട്ടുപോകാനാകില്ല. ഒരു പ്രവർത്തകനും നിരാശ വേണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വേങ്ങരയിൽ 3000 വോട്ടിന് ജയിച്ചുവെന്നാണ് പ്രചാരണം കേട്ടാൽ തോന്നുക. 31000 വോട്ടിനാണ് ഞാൻ ജയിച്ചത്. സംഘടന നേതൃത്വത്തിലേക്ക് ഇനിയൊരിക്കലും താൻ വരില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.