Sorry, you need to enable JavaScript to visit this website.

പിണറായിയുടെ ദേവസ്വം പ്രവേശന വിളംബരം

കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായി ചുമതലയേൽക്കുന്നു

വർത്തമാന കാലത്തിന്റെ മാലിന്യങ്ങൾ പേറിക്കൊണ്ട് ഒഴുക്കിനൊത്തു നീന്തുകയെന്നതല്ല ഒരു കമ്യൂണിസ്റ്റ് ഭരണ കൂടത്തിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഒഴുക്കിനെതിരെ നീന്തുമ്പോൾ മാത്രമേ കാലഘട്ടം ആവശ്യപ്പെടുന്ന വിപ്ലവകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളൂ. അത്തരത്തിലൊരു പരിവർത്തനമാണ് രണ്ടാം പിണറായി സർക്കാറിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. അതിലേക്കുള്ള നല്ല തുടക്കമാണ് ഇപ്പോഴത്തെ തീരുമാനങ്ങൾ


ദളിതനായ കമ്യൂണിസ്റ്റ് കെ. രാധാകൃഷ്ണൻ സവർണ മേധാവിത്വത്തിന്റെയും ജൻമിത്വത്തിന്റെയും മാറാപ്പുകൾ ഇപ്പോഴും പേറിക്കൊണ്ടിരിക്കുന്ന ദേവസ്വം വകുപ്പിന്റെ മന്ത്രിയായെത്തുന്നത് ചരിത്രത്തിന്റെ കാവ്യ നീതിയായിരിക്കാം. അല്ലെങ്കിലും ചരിത്രം അങ്ങനെയാണ്. അൽപം വൈകിയാലും അതിന്റെ നീതി അത് നിർവഹിച്ചുകൊണ്ടേയിരിക്കും. പിന്നോട്ട് വലിക്കും തോറും അത് മുന്നോട്ട് തന്നെ കുതിച്ചുകൊണ്ടിരിക്കും. അവർണന്റെ വിശ്വാസം ക്ഷേത്രങ്ങളുടെ മതിൽ കെട്ടിന് പുറത്ത് മതി എന്ന് ഇപ്പോഴും വിശ്വസിക്കുകയും അതിനായി മനസ്സിൽ അയിത്തത്തിന്റെ ചെളി പേറുകയും ചെയ്യുന്ന സവർണ തമ്പ്രാക്കൻമാരോട് ഇതിലും മനോഹരമായി മറുപടി പറയാൻ മറ്റൊരു സർക്കാരിനും കഴിയില്ല. ഒരു ദളിതൻ ദേവസ്വം വകുപ്പിന്റെ മന്ത്രിയാകുന്നതിലല്ല കാര്യം. ഒരു കമ്യൂണിസ്റ്റ് ഭരണത്തിൽ കമ്യൂണിസ്റ്റുകാരനായ ദളിതൻ മന്ത്രിയാകുന്നതിലാണ്. അത്തരമൊരു മന്ത്രിയിൽ നിന്ന് ദളിത്, പിന്നോക്ക വിഭാഗങ്ങൾ വലിയൊരു സാമൂഹ്യ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.


രാധാകൃഷ്ണൻ ദേവസ്വം വകുപ്പിന്റെ ദളിതനായ ആദ്യ മന്ത്രിയല്ല. ദളിതരായ വെള്ള ഈച്ചരനും, കെ.കെ. ബാലകൃഷ്ണനും, ദാമോദരൻ കാളാശ്ശേരിയുമെല്ലാം ഇതിന് മുൻപ് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ കാവലാളുകളായ ഇവരാരും തന്നെ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ സവർണ മേധാവിത്വത്തിനെതിരായി ചെറുവിരൽ അനക്കിയതായി ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ കേരളത്തിലെ ജാതിവെറിയുടെ ചരിത്രം തന്നെ ഇതിനകം മാറ്റിയെഴുതപ്പെട്ടേനേ. ഇനി അഥവാ ഇവർ ശ്രമിച്ചിരുന്നെങ്കിൽ പോലും സവർണ ഗന്ധം പേറിക്കൊണ്ടിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയം അതിന് അനുവദിക്കുമായിരുന്നില്ലെന്നതാണ് സത്യം.


ജാതി ചിന്ത ഇന്നും കേരളത്തിൽ മറച്ചുപിടിക്കാനാകാത്ത സത്യമാണ്. അവർണരെ കളിയാക്കാനായി സവർണ-ഫ്യൂഡൽ മനഃസ്ഥിതിയുള്ളവർ പണ്ട് ഉപയോഗിച്ചിരുന്ന  'ജാത്യാലുള്ളത് തൂത്താൽ പോവില്ല' എന്ന സ്ഥിരം പല്ലവിക്ക്  ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല.
തിരുവിതാംകൂറിലെ അവർണ, ദളിത്, ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ട് ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ എട്ടര പതിറ്റാണ്ടു മുൻപ് പുറപ്പെടുവിച്ച ക്ഷേത്ര പ്രവേശന വിളംബരം കേരളത്തിൽ സാമൂഹ്യ പുരോഗതിക്ക് വഴി മരുന്നിട്ടെങ്കിലും ജാതീയത വലിയ തോതിൽ തന്നെ ഇപ്പോഴും നടമാടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ്  ദളിതനായ കമ്യൂണിസ്റ്റുകാരൻ ദേവസ്വം മന്ത്രിയാകുമ്പോൾ അത് ആഘോഷിക്കപ്പെടുന്നതും സവർണ മോധാവിത്വം മനസ്സിൽ പേറുന്നവരെ അത് അലോസരപ്പെടുത്തുന്നതും. 


പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാർ അബ്രാഹ്മണരായ അൻപതോളം പൂജാരിമാരെ ദേവസ്വം ബോർഡിന്റെ  ക്ഷേത്രങ്ങളിൽ നിയമിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷമുള്ള ഏറ്റവും ധീരമായ നടപടിയായാണ് അത് വിശേഷിപ്പിക്കപ്പെട്ടത്. അതിന്റെ തുടർച്ചയായുള്ള സാമൂഹ്യ മുന്നേറ്റമാണ് രാധാകൃഷ്ണനെ മന്ത്രിയാക്കിയതിലൂടെ ദളിത്, പിന്നോക്ക സമുദായങ്ങളും കേരളത്തിന്റെ നവോത്ഥാനം കൊതിക്കുന്ന വലിയൊരു പൊതു സമൂഹവും പ്രതീക്ഷിക്കുന്നത്.
കെ. രാധാകൃഷ്ണന് ദേവസ്വം വകുപ്പിന്റെ ചുമതല നൽകിയതിലൂടെ ക്ഷേത്ര ഭരണങ്ങളിലെ കേവലം ദളിത് ഇടപെടലുകളല്ല രണ്ടാം വരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യം വെക്കുന്നത്. അതിനെ അത്തരത്തിൽ കുറച്ചു കാണുകയോ അതല്ലെങ്കിൽ ദളിതനെ ഇപ്പോഴും അംഗീകരിക്കാൻ തയാറില്ലാത്ത ഉന്നത ജാതിയിൽപെട്ട ചിലർക്കെതിരെയുള്ള പ്രതികാരമായോ ഒന്നും വിവക്ഷിക്കേണ്ടതില്ല. മറിച്ച് ദളിത്, പിന്നോക്ക ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനുള്ള  നടപടികളായി വേണം ഇതിനെ കാണാൻ. 


ദളിതന്റേതും പിന്നോക്കക്കാരന്റേതും കൂടിയാണ് ഭരണകൂടം എന്ന കാലം ആവശ്യപ്പെടുന്ന ഏറ്റവും പുരോഗമനപരമായ ചിന്തയാണ് ഇതിലൂടെ പിണറായി വിജയൻ കേരളത്തിന് നൽകിയിട്ടുള്ളത്. സാമൂഹ്യ പുരോഗതി എന്നത് സവർണന്റെ മാത്രം പുരോഗതിയല്ല, മറിച്ച് ദളിതന്റെയും പിന്നോക്കക്കാരന്റെയുമെല്ലാം ഉയർത്തെഴുന്നേൽപ് കൂടിയാണെന്ന് തുടർഭരണത്തിൽ ഇടതുമുന്നണി, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യം വെച്ചിട്ടുണ്ട്. തുടർ ഭരണത്തിലും ഭാവിയിലും മുസ്‌ലിംകൾ അടക്കമുള്ള പിന്നോക്ക, ദളിത് വിഭാഗങ്ങളുടെ വലിയ പിന്തുണ നേടിയെടുക്കുകയെന്നതാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. അതിനനുസരിച്ച രീതിയിൽ തന്നെയാകും രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനമെന്നത് മന്ത്രിമാരെ നിശ്ചയിച്ചതിൽ പോലും വ്യക്തമാണ്. രാഷ്ട്രീയമായ നേട്ടം ലക്ഷ്യം വെച്ചാണെങ്കിലും പിന്നോക്ക ദളിത് സമുദായങ്ങളുടെ പ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടലുകൾ പുതിയ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്നു വേണം കരുതാൻ. 


ഹിന്ദു സമുദായത്തിൽ നിന്നുള്ള പിന്നോക്ക വിഭാഗങ്ങൾ എക്കാലവും ഇടതുമുന്നണിയുടെ ഏറ്റവും  സുരക്ഷിതമായ വോട്ട് ബാങ്കാണ്. പ്രത്യേകിച്ച് മലബാർ മേഖലയിൽ. ഇടതുമുന്നണി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചപ്പോൾ പോലും ഈ വിഭാഗങ്ങൾ ഒപ്പം നിന്നിട്ടുണ്ട്. എന്നാൽ മുസ്‌ലിം വോട്ടുകളിൽ ചാഞ്ചാട്ടമാണ് ഉണ്ടാകാറുള്ളത്. ഇത്തവണ മുസ്‌ലിം വോട്ടുകൾ വലിയ തോതിൽ ഇടതുമുന്നണിക്ക് ലഭിച്ചെങ്കിലും സ്ഥിരമായി അതുണ്ടായിക്കൊള്ളണമെന്നില്ല. മാത്രമല്ല പരമ്പരാഗത മുസ്‌ലിം വോട്ടുകൾ മിക്ക സന്ദർഭങ്ങളിലും കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തുന്നവയാണ്. അതിനെ വളരെ ഫലപ്രദമായി തങ്ങളുടെ  പാളയത്തിലെത്തിക്കാൻ മുസ്‌ലിം ലീഗിലൂടെ യു.ഡി.എഫിന് പലപ്പോഴും കഴിയുകയും ചെയ്യാറുണ്ട്. എന്നാൽ പുതിയ സർക്കാരിലൂടെ കളിയൊന്ന് മാറ്റിക്കളിക്കാനാണ് പിണറായി തയാറെടുക്കുന്നത്. 


മുസ്‌ലിം വിഭാഗത്തെ എന്ത് വില കൊടുത്തും ഇടതുപക്ഷത്തോട് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിന് രാഷ്ട്രീയമായി ഏറ്റവും കരുത്തുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മൂന്ന് മുസ്‌ലിം മന്ത്രിമാരെ പിണറായി അണിനിരത്തിയിട്ടുള്ളത്. ഇതിൽ ഐ.എൻ.എല്ലിന് രണ്ടര വർഷം മാത്രമേ മന്ത്രി സ്ഥാനം ലഭിക്കുകയുള്ളൂവെങ്കിലും ആദ്യ ടേമിൽ തന്നെ ഇത് നൽകാൻ പിണറായി താൽപര്യം കാണിക്കുകയും ചെയ്തു. മുസ്‌ലിം സമുദായത്തിന്റെ ഏത് പ്രശ്‌നങ്ങളിലും ഇടപെടാൻ സർക്കാരുണ്ടെന്ന ആത്മവിശ്വാസമാണ് ഇതിലൂടെ മുഖ്യമന്ത്രി മുസ്‌ലിം സമുദായത്തിന് നൽകിയിട്ടുള്ളത്. മുസ്‌ലിം വോട്ടുകളുടെ കുത്തക അവകാശപ്പെടുന്ന ലീഗിനാണ് ഇതിലൂടെ ഏറ്റവും വലിയ അടി കിട്ടാൻ പോകുന്നത്. 


ഈഴവ നേതാവ് വെള്ളാപ്പള്ളി നടേശനെ കൂടെ നിർത്തിക്കൊണ്ട് തെക്കൻ ജില്ലകളിൽ പിന്നോക്കക്കാരുടെ സ്വാധീനം സർക്കാരിൽ ഉറപ്പിച്ചു നിർത്തുകയെന്നതായിരിക്കും പിണറായിയുടെ അടുത്ത അജണ്ട. പിന്നോക്ക ക്ഷേമം മുഖ്യ ലക്ഷ്യങ്ങളിലൊന്നായി എടുത്ത് കൊണ്ട് ഈഴവരെ തൃപ്തിപ്പെടുത്താനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. സുകുമാരൻ നായർ നേതൃത്വം നൽകുന്ന എൻ.എസ്.എസുമായുള്ള സി.പി.എമ്മിന്റെ അകൽച്ച ശക്തമായി തുടരുന്നത് വെള്ളാപ്പള്ളിയെ സർക്കാരുമായി കൂടുതൽ അടുപ്പിക്കും. കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയായി നിയമിക്കാൻ പിണറായി കാണിച്ച  ധൈര്യം ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.


തുടർഭരണത്തിന് ക്രിസ്ത്യൻ സമുദായത്തിന്റെ വലിയ തോതിലുള്ള പിന്തുണ ഉറപ്പിക്കുന്നതിനായി മന്ത്രിസഭയിൽ മികച്ച ക്രിസ്ത്യൻ പ്രാതിനിധ്യം കൊണ്ടുവരുന്നതിനും പിണറായി വിജയന് കഴിഞ്ഞു. കഴിഞ്ഞ സർക്കാരിൽ രണ്ട് ക്രിസ്ത്യൻ മന്ത്രിമാരുള്ളിടത്ത് ഇത്തവണ അത് നാലാക്കി  ഉയർത്തിയത് ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്. സത്യപ്രതിജ്ഞാ ചടങ്ങിലെ ക്രൈസ്തവ മത മേലധ്യക്ഷൻമാരുടെ സാന്നിധ്യവും സർക്കാരിനോടുള്ള അവരുടെ പിന്തുണ വെളിപ്പെടുത്തുന്നതാണ്. അതുപോലെ തന്നെ സ്ത്രീകൾക്കും യുവാക്കൾക്കും നൽകിയ പരിഗണനയും പുതിയ സർക്കാരിനോട് തുടക്കത്തിൽ തന്നെ ജനങ്ങൾക്ക് മതിപ്പ് ഉളവാക്കിയിട്ടുണ്ട്.


രാജ്യത്തെ ഏക കമ്യൂണിസ്റ്റ് സർക്കാരാണ് കേരളത്തിലേത്. ബംഗാളിലും ത്രിപുരയിലും പതിറ്റാണ്ടുകളോളം നീണ്ടുനിന്ന കമ്യൂണിസ്റ്റ് ഭരണം എങ്ങനെയാണ് തിരിച്ചു കയറാനാകാത്ത വിധം തകർച്ചയിലേക്ക് കൂപ്പുകുത്തിയതെന്ന് നാം കണ്ടതാണ്. വർത്തമാന കാലത്തിന്റെ മാലിന്യങ്ങൾ പേറിക്കൊണ്ട് ഒഴുക്കിനൊത്ത് നീന്തുകയെന്നതല്ല ഒരു കമ്യൂണിസ്റ്റ് ഭരണ കൂടത്തിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഒഴുക്കിനെതിരെ നീന്തുമ്പോൾ മാത്രമേ കാലഘട്ടം ആവശ്യപ്പെടുന്ന വിപ്ലവകരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളൂ. അത്തരത്തിലൊരു പരിവർത്തനമാണ് രണ്ടാം പിണറായി സർക്കാരിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. അതിലേക്കുള്ള നല്ല തുടക്കമാണ് ഇപ്പോഴത്തെ തീരുമാനങ്ങൾ.

 

Latest News