ന്യൂദല്‍ഹി- ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തുകയും വ്യാപകമായി പടരുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത കൊറോണ വൈറസിന്റെ B.1.617 എന്ന പുതിയ വകഭേദത്തെ 'ഇന്ത്യന്‍ വകഭേദം' എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് ഈ ആവശ്യം ഉന്നയിച്ച് കമ്പനികള്‍ക്ക് കേന്ദ്ര ഐടി മന്ത്രാലയം കത്തയച്ചതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷമാണ് B.1.617 എന്ന പുതിയ വകഭേദത്തെ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്. ഈ ഇന്ത്യന്‍ വകഭേദം ആഗോള തലത്തില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേയ് 11ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ജനിതകമാറ്റം വന്ന ഈ പുതിയ കൊറോണ വൈറസിന് B.1.617 എന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്ന പേരെന്നും എവിടെയും ഇന്ത്യന്‍ വകഭേദമെന്ന് പരാമിര്‍ശിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ വകഭേദം എന്ന വാക്ക് ഉള്‍പ്പെടുന്ന എല്ലാ ഉള്ളടക്കങ്ങളും നീക്കണമെന്നാണ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇന്ത്യന്‍ വകഭേദം എന്ന പരാമര്‍ശം രാജ്യത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും തെറ്റായവിവരം പ്രചരിക്കാന്‍ ഇടയാക്കുമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് സര്‍ക്കാര്‍ നോട്ടീസിലൂടെ കമ്പനികളെ അറിയിച്ചതെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഐടി മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
ആഗോളതലത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പുതിയ കൊറോണ വൈറസ് വകഭേദങ്ങളെ വിശേഷിപ്പിക്കുന്നത് അവ കണ്ടെത്തിയ രാജ്യങ്ങളുടെ പേര്‍ കൂടി ചേര്‍ത്താണ്. യുകെ വകഭേദം, ബ്രസീല്‍ വകഭേദം, ദക്ഷിണാഫ്രിക്കന്‍ വകഭേദം എന്നിങ്ങനെ വിവിധ രാജ്യങ്ങളുടെ പേര് വച്ചുള്ള പരാമര്‍ശം ആഗോള തലത്തില്‍ മാധ്യമങ്ങള്‍ സാധാരണയായി ഉപയോഗിച്ചു വരുന്നു. ഇതുവരെ ഒരു രാജ്യവും ഈ രീതിക്കെതിരെ രംഗത്തുവന്നിട്ടില്ല.






