Sorry, you need to enable JavaScript to visit this website.

കൊടകര കുഴല്‍പണ കേസില്‍ മറിഞ്ഞത് ലക്ഷമല്ല, കോടികള്‍

തൃശൂര്‍ - കോളിളക്കം സൃഷ്ടിച്ച കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ അഭ്യൂഹങ്ങള്‍ക്ക് വിട. കാറിലുണ്ടായിരുന്നത് 25 ലക്ഷമല്ല മൂന്നരക്കോടിയാണെന്ന് പണം നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി ധര്‍മ്മരാജന്‍ സമ്മതിച്ചു. ഇന്നലെ തൃശൂരില്‍ പ്രത്യേക അന്വേഷണസംഘം ധര്‍മ്മരാജനേയും യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്കിനേയും രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് മൂന്നര കോടി കാറിലുണ്ടായിരുന്നതായി ഇരുവരും സമ്മതിച്ചത്. ഇതോടെ കൊടകര കുഴല്‍പണ കേസിന്റെ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറാനുള്ള സാധ്യതയേറി.
കൊടകര പോലീസില്‍ നല്‍കിയ പരാതിയില്‍ 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്ന്  പറഞ്ഞത് സ്രോതസ് വെളിപ്പെടുത്താന്‍ കഴിയാത്തതിനാലെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
കേരളത്തിന് പുറത്തുനിന്നാണ് ഇത്രയേറെ രൂപ കൊണ്ടുവന്നതെന്നും പണം കൊടുത്തുവിട്ട ആളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്നും വരും ദിവസങ്ങളിലും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനുള്ള പണമാണ് നഷ്ടമായതെന്നായിരുന്നു പരാതിയില്‍ ധര്‍മരാജന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍നിന്നു എത്തിച്ച പണം കേരളത്തിലെ പല ജില്ലകളിലും വിതരണം ചെയ്യാന്‍ കൊണ്ടുപോകുംവഴിയാണ് നഷ്ടമായതെന്ന അഭ്യൂഹം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും ഈ ആരോപണമുന്നയിച്ചിരുന്നു. ബി.ജെ.പിക്കെതിരെ ഉയര്‍ന്ന ആരോപണം ആര്‍.എസ്.എസ് തലത്തില്‍ അന്വേഷിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നത്. പരാതി നല്‍കിയ ധര്‍മ്മരാജനും സുഹൃത്ത് സുനില്‍നായിക്കും പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന തെളിവുകള്‍ പുറത്തുവന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി.
25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിന്‍മേല്‍ തുടങ്ങിയ അന്വേഷണത്തില്‍ 90 ലക്ഷം രൂപയോളം പലയിടത്തുനിന്നായി പോലീസ് കണ്ടെടുത്തിരുന്നു.
കേസില്‍ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെ  കവര്‍ച്ചാ പണം ഒളിപ്പിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ കൊടകര വെച്ച് കാറില്‍ നിന്ന് കവര്‍ന്ന പണം ഒളിപ്പിച്ച് വെക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രഞ്ജിത്തിന്റെ തൃശൂര്‍ പുല്ലൂറ്റിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം 14 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുഖ്യപ്രതികളായ രഞ്ജിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേര്‍ക്ക് വീതം വെച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ പണം തട്ടിയെടുത്തത്.
കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ധര്‍മ്മരാജനേയും സുനില്‍ നായിക്കിനേയും വീണ്ടും പോലീസ് വിളിപ്പിക്കും.
വന്‍ തുകയുടെ ഇടപാടായതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഈ കേസ് കൈമാറണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

 

 

Latest News