അബഹ - വിദേശിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയതടക്കം രണ്ടു കൊലപാതക കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതിന് സാധിച്ചതായി അസീര്‍ പോലീസ് വക്താവ് മേജര്‍ സൈദ് അല്‍ദബാശ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഒരാള്‍ റോഡില്‍ കിടക്കുന്നതായി ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ഈസ്റ്റ് അബഹ പോലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുകയായിരുന്നു. പരിശോധനയില്‍ 60 വയസ്സ് പ്രായമുള്ള വിദേശിയാണെന്നും കാറിടിച്ച് മരിച്ചതാണെന്നും മനസ്സിലായി. സൗദി യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം നടത്തുന്നതിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറ്റൊരു യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി കിഴക്കന്‍ അസീറിലെ അല്‍മദ പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി ഒമ്പതരക്ക് വിവരം ലഭിച്ചു. ശിരസ്സിന് പരിക്കേറ്റാണ് നാല്‍പതുകാരന്‍ കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ സൗദി യുവാവിനെ അറസ്റ്റ് ചെയ്യുകയും ഇതിന് ഉപയോഗിച്ച വാഹനവും ആയുധവും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് വക്താവ് അറിയിച്ചു.






