Sorry, you need to enable JavaScript to visit this website.

ഓവർടൈം ജോലി: പരിധി ലംഘിച്ചാൽ 10,000 റിയാൽ പിഴ

റിയാദ്- സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ തൊഴിൽ നിയമം നിഷ്‌കർഷിക്കുന്ന നിശ്ചിത സമയത്തിൽ കൂടുതൽ ഓവർടൈം ജോലി ചെയ്യിച്ചാൽ 10,000 റിയാൽ പിഴ ചുമത്തുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു തൊഴിലാളിയെ നിശ്ചിത സമയത്തിൽ കൂടുതൽ ഓവർടൈം ജോലി ചെയ്യിപ്പിച്ചാലാണ് ഇത്രയും പിഴ ലഭിക്കുക. നിയമ ലംഘനത്തിന് നിർബന്ധിക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ലഭിക്കും. 


സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിലാളികളെ കൊണ്ട് ഒരു വർഷത്തിനിടെ പരമാവധി 720 മണിക്കൂർ മാത്രമാണ് ഓവർടൈം ജോലി ചെയ്യിക്കാൻ അനുമതിയുള്ളത്. എന്നാൽ തൊഴിലാളിയുടെ സമ്മതത്തോടെ ഇത് വർധിപ്പിക്കാവുന്നതാണ്. ഓവർടൈം ജോലിക്ക് നിയോഗിക്കുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് അലവൻസുകൾ അടക്കമുള്ള പൂർണ വേതനത്തിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ അമ്പതു ശതമാനവും ഓവർടൈം ആനുകൂല്യമായി അധികം നൽകണമെന്ന് തൊഴിൽ നിയമത്തിലെ 107-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. വിശ്രമം, നമസ്‌കാരം, ഭക്ഷണം എന്നിവക്ക് നീക്കിവെക്കുന്ന സമയങ്ങൾ യഥാർഥ തൊഴിൽ സമയത്തിൽ ഉൾപ്പെടുത്തി കണക്കാക്കില്ല. 


അര മണിക്കൂറിൽ കുറയാത്ത വിശ്രമം കൂടാതെ തുടർച്ചയായി അഞ്ചു മണിക്കൂറിൽ കൂടുതൽ സമയം തൊഴിലാളി ജോലി ചെയ്യാത്ത നിലക്ക് ഭക്ഷണത്തിനും വിശ്രമത്തിനും നമസ്‌കാരത്തിനുമുള്ള സമയങ്ങൾ തൊഴിൽ ദിനത്തിൽ പ്രത്യേകം ക്രമീകരിക്കണം. ഒരു ദിവസത്തിനിടെ തൊഴിലാളി ജോലി സ്ഥലത്ത് 12 മണിക്കൂറിൽ കൂടുതൽ നേരം കഴിയാനും പാടില്ല. സാങ്കേതിക കാരണങ്ങളാലും പ്രത്യേക പ്രവർത്തന സാഹചര്യങ്ങൾ മൂലവും വിശ്രമം കൂടാതെ തൊഴിലാളികൾ ജോലിയിൽ തുടരേണ്ടത് അനിവാര്യമായ ജോലികളും സാഹചര്യങ്ങളും നിർണയിക്കാൻ മാനവശേഷി, വികസന മന്ത്രിയെ നിയമം അനുവദിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ഥാപന അഡ്മിനിസ്‌ട്രേഷൻ ക്രമീകരിക്കുന്ന രീതിയിൽ നമസ്‌കാരത്തിനും ഭക്ഷണത്തിനും വിശ്രമത്തിനും തൊഴിലാളികൾക്ക് തൊഴിലുടമ സമയം അനുവദിച്ചിരിക്കണമെന്നും തൊഴിൽ നിയമത്തിലെ 102-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. 

Latest News