മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍സള്‍ട്ട് ചെയ്തത് സമുദായത്തെ-കുഞ്ഞാലിക്കുട്ടി

മലപ്പുറം- ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെടുത്ത് സമുദായത്തെ ഇന്‍സള്‍ട്ട് ചെയ്തുവെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ന്യൂനപക്ഷക്ഷേമ വകുപ്പ് കൊടുത്ത ശേഷം തിരിച്ചെടുത്തത് സമുദായത്തെത്തന്നെ അപമാനിക്കുന്ന നടപടിയാണെന്ന്  അദ്ദേഹം പറഞ്ഞു.
ചില സമുദായങ്ങള്‍ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നതു ശരിയാവില്ല എന്ന നിലപാട് തെറ്റാണ്. വസ്തുത പറയുമ്പോള്‍, അട്ടിപ്പേറവകാശം എന്നുപറഞ്ഞിട്ടു കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.


ന്യൂനപക്ഷക്ഷേമ വകുപ്പ് വി.അബ്ദുറഹ്്മാനില്‍നിന്ന് ഏറ്റെടുത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് തന്നിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിനെ എല്ലാ വിഭാഗങ്ങളും സ്വാഗതം ചെയ്തിട്ടുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസിയും കത്തോലിക്കാ കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. ഏറെ നാളത്തെ ആവശ്യം അംഗീകരിച്ചതിന് സര്‍ക്കാരിനോട് നന്ദി പറയുന്നതായി കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.

തീരുമാനം സ്വാഗതാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ദീര്‍ഘകാലമായുള്ള ആവശ്യത്തിന്റെ ഫലമാണിതെന്നും കത്തോലിക്കാ മെത്രാന്‍ സമിതി പറയുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തത്.

 

Latest News