ബിജെപി കെട്ടിച്ചമച്ച 'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' കൃത്രിമമെന്ന് ട്വിറ്ററും, ടാഗ് നീക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്രം

ന്യൂദല്‍ഹി- ഇന്ത്യയേയും കേന്ദ്ര സര്‍ക്കാരിനേയും അവഹേളിക്കാന്‍ കോണ്‍ഗ്രസ് സമൂഹമാധ്യമ പ്രചരണത്തിന് പ്രത്യേക ടൂള്‍കിറ്റ് പ്രചരിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം ബിജെപി വക്താവ് സംബിത് പത്ര ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉണ്ടാക്കിയ ടൂള്‍കിറ്റെന്ന പേരില്‍ ഒരു രേഖയും ട്വീറ്റിലുണ്ടായിരുന്നു. എന്നാല്‍ ഈ രേഖ കെട്ടിച്ചമച്ചതാണെന്ന് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് പുറത്തു കൊണ്ടു വന്നതിനു പിന്നാലെ ട്വിറ്റര്‍ സംബിത് പത്രയുടെ ട്വീറ്റിനെ 'കൃത്രിമം ചെയ്തത്' എന്ന ടാഗ് നല്‍കി. വസ്തുതാപരമല്ലാത്തോ വ്യാജമോ ആയ വാര്‍ത്തകളെ പ്രത്യേകം അടയാളപ്പെടുത്തുന്നതാണ് ഈ ടാഗ്. നിരവധി ബിജെപി നേതാക്കള്‍ റിട്വീറ്റ് ചെയ്ത ഈ ട്വീറ്റില്‍ വ്യാജവിവരമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ട്വിറ്റര്‍ തന്നെ ടാഗ് ചെയ്തതോടെ കേന്ദ്ര സര്‍ക്കാരും ഇടപെട്ടതായാണ് റിപോര്‍ട്ടുകള്‍. സംബിത് പത്രയുടെ ട്വീറ്റിലെ ''കൃത്രിമം ചെയ്തത്' എന്ന ടാഗ് നീക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെടതായും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 

മഹാമാരി കാലത്ത് സെന്‍ട്രല്‍ വിസ്റ്റ എന്ന പുതിയ പാര്‍ലമെന്റ് സമുച്ചയും പണിയുന്നതിനെതിരെ വസ്തുതകള്‍ നിരത്തി കോണ്‍ഗ്രസ് തയാറാക്കിയ രേഖയില്‍ കൃത്രിമം ചെയ്താണ് ബിജെപി ആരോപിക്കുന്ന കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയാറാക്കിയിരിക്കുന്നത് എന്ന് വെളിപ്പെട്ടിരുന്നു. ഈ രേഖയുടെ തലക്കെട്ടും വിവരങ്ങളും മാറ്റി പകരം കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തേണ്ട നീക്കങ്ങള്‍ അണികള്‍ക്ക് നിര്‍ദേശിക്കുന്ന രീതിയിലാണ് കൃത്രിമ രേഖ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു പിന്നിലും ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വ്യാജ രേഖ ഉണ്ടാക്കിയ പാര്‍ട്ടിക്കെതിരെ ആരോപിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പോലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. 

കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയതിന് മോഡിയേയും ബിജെപിയേയും പ്രതിക്കൂട്ടിലാക്കാനുള്ള മാര്‍ഗങ്ങളാണ് ഈ വ്യാജ ടൂള്‍കിറ്റിലുള്ളത്. കോവിഡിന്റെ പുതിയ വകഭേദം എന്നു പറയുന്നിടത്തെല്ലാം ഇന്ത്യന്‍ വേകഭേദം, മോഡി വകഭേദം എന്നിങ്ങനെ ഉപയോഗിക്കണമെന്നും സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകരിലൂടേയും സമൂഹമാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മുഖേനയും കേന്ദ്ര സര്‍ക്കാരിനെതിരെ തിരിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് വ്യാജ ടൂള്‍കിറ്റ്. ഇത് മെയ്ഡ് ഇന്‍ ബിജെപി ആണെന്നും കോണ്‍ഗ്രസ് തയാറാക്കിയ സെന്‍ട്രല്‍ വിസ്റ്റ രേഖയുടെ മെറ്റ ഡേറ്റ എടുത്ത് അത് യഥാര്‍ത്ഥ രേഖയാണെന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ഗവേഷണ വിഭാഗം അധ്യക്ഷന്‍ രാജീവ് ഗൗഡ പറഞ്ഞു.

Latest News