തിരുവനന്തപുരം- വിദേശത്തേക്ക് പോകുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാണെങ്കിൽ അത് നൽകാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ കൂടി രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിദേശത്തേക്ക് പോകുന്നവർക്ക് രണ്ടാമത്തെ ഡോസ് വാക്‌സിനേഷൻ ലഭിക്കുന്നതിന് 12 ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നത് പ്രയാസമുണ്ടാക്കുമെന്ന് നേരത്തെ വിവിധ കോണുകളിൽനിന്ന് അഭിപ്രായം ഉയർന്നിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയത്.