Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായി മാജിക് 

പിണറായിയുടെ നിശ്ചയങ്ങളിലേക്ക് മലയാളിയുടെ മനസ്സാക്ഷി വഴുതിവീഴുന്ന അത്യപൂർവവും അതിശയകരവുമായ കാഴ്ചയാണ് കേരളത്തിൽ. ഈ പിണറായി മാജിക്  അതിന്റെ എല്ലാ ശക്തിയോടും കൂടി, സർവാഭരണ വിഭൂഷിതമായി കേരളത്തെ കൈയിലെടുക്കാൻ പോകുകയാണ്. പിണറായി പ്രഭാവത്തിന് മുന്നിൽ ആദ്യം മൂടിടിച്ചുവീണത് വലതുപക്ഷ മാധ്യമങ്ങൾ തന്നെ.


ഒറ്റ ദിവസം കൊണ്ട് കേരളം കെ.കെ. ശൈലജയെ മറന്നു. അതാണ് പിണറായി വിജയൻ സൃഷ്ടിച്ച പുതിയ കരിഷ്മ, നവഭാവുകത്വം. പിണറായിയുടെ രണ്ടാമൂഴത്തിൽ ശൈലജ ടീച്ചർക്ക് സ്ഥാനമില്ലാത്തത് രണ്ടു മണിക്കൂർ പോലും ആഘോഷിക്കാൻ കേരളത്തിലെ മാധ്യമങ്ങൾക്കായില്ല. വിശിഷ്യ, ബൂർഷ്വാ വലതുപക്ഷ മാധ്യമങ്ങൾക്ക്, മാധ്യമ സിൻഡിക്കേറ്റുകാർക്ക്. എവിടെ അവരെല്ലാം?

ശൈലജ വധം ആഘോഷിക്കാൻ ഉടുത്തൊരുങ്ങിയെത്തിയ നവമാധ്യമങ്ങളും മണിക്കൂറുകൾക്കകം കണ്ടം വഴിയോടി. ഇനി ആകെ കേന്ദ്രക്കമ്മിറ്റി മാത്രമാണ് അനുശോചിക്കാനുള്ളത്. അടുത്ത യോഗത്തിൽ അവർ ശൈലജയെ ആശ്വസിപ്പിക്കുമായിരിക്കും, ടീച്ചർക്ക് സങ്കടമുണ്ടെങ്കിൽ മാത്രം. ഇല്ലെങ്കിൽ അതൊരു അടഞ്ഞ അധ്യായമായി കണ്ട് കേരള മാതൃക പഠിക്കാൻ പശ്ചിമ ബംഗാളിലേക്കും ത്രിപുരയിലേക്കും പായും. 
പിണറായിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ മാധ്യമങ്ങൾ വെള്ളാപ്പള്ളി നടേശനോട് ടീച്ചറെക്കുറിച്ച് ചോദിച്ചു. ഏത് ടീച്ചർ, എന്തു ടീച്ചർ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം. ശൈലജ ടീച്ചർക്ക് എന്തു മഹത്വമാണുള്ളതെന്നും മണിയാശാന് അതിനേക്കാൾ കൂടുതൽ മഹത്വമില്ലേ എന്നും വെള്ളാപ്പള്ളി നിഷ്‌കരുണം ചോദിച്ചു. മരുഭൂമിയിൽ വെള്ളമുണ്ടാക്കിയ തോമസ് ഐസക്കിന് മഹത്വമില്ലേ... സുധാകരന് മഹത്വമില്ലേ... വെള്ളാപ്പള്ളി കടുംവെട്ട് വെട്ടി. ടീച്ചർക്ക് പിന്നിലുണ്ടായിരുന്ന സമർഥരായ ഉദ്യോഗസ്ഥരാണ് എല്ലാത്തിനും ചുക്കാൻ പിടിച്ചതെന്ന് കൂടി പറഞ്ഞുവെച്ചു വെള്ളാപ്പള്ളി. 


തെരഞ്ഞെടുപ്പ് ഫലം വന്ന് പിറ്റേന്ന്, ആരോ പറഞ്ഞുവിട്ടതു പോലെ, വെള്ളാപ്പള്ളി പത്രക്കാരെ വിളിച്ചുകൂട്ടി സുകുമാരൻ നായർക്കിട്ടുകൊടുത്ത പൂശ് കണ്ടപ്പോഴേ അദ്ദേഹത്തിന്റെ നയം വ്യക്തമായിരുന്നു. വോട്ടെടുപ്പ് ദിവസം നായർ കാട്ടിയ വങ്കത്തത്തിന് സി.പി.എമ്മിന്റെ വക പൂശാണ് വെള്ളാപ്പള്ളി നൽകിയത്. വരാൻ പോകുന്ന കാലത്തിന്റെ രാഷ്ട്രീയ ദിശ നിർണയിക്കുന്ന പ്രസ്താവന കൂടിയായിരുന്നു അത്. പിണറായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ അത്യുത്സാഹത്തോടെ പങ്കെടുത്ത വെള്ളാപ്പള്ളി അദ്ദേഹത്തെ വാനോളം സ്തുതിച്ചാണ് മടങ്ങിയത്. കേരളത്തിലെ പ്രബലമായ നായർ സമുദായത്തിന്റെ നേതാവിനെ ആ വഴിക്കെങ്ങും കണ്ടതുമില്ല.

കേരളത്തിലെ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഇത്രയേറെ പിണറായി പക്ഷത്തേക്ക് ചാഞ്ഞ കാലമുണ്ടായിട്ടില്ല. ആദ്യ തവണ അധികാരമേൽക്കുമ്പോൾ, ബുധനാഴ്ച തോറുമുള്ള പതിവു പത്രസമ്മേളനങ്ങൾ റദ്ദാക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ എന്തായിരുന്നു പടപ്പുറപ്പാട്. മന്ത്രിസഭാ യോഗം കഴിഞ്ഞ ശേഷമുള്ള ബുധനാഴ്ച വാർത്താസമ്മേളനങ്ങളിലായിരുന്നു തലസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ അർമാദിക്കൽ. ഒറ്റ ദിവസം കൊണ്ട് പിണറായി അത് അവസാനിപ്പിച്ചുകൊടുത്തു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ വിളിക്കും, അപ്പോൾ വന്ന് കേട്ടിട്ടു പോണം എന്ന നിലപാടിൽനിന്ന് പിണറായി എത്ര മാറിയിരിക്കുന്നു. മാധ്യമ പ്രവർത്തകരും എത്ര മാറിയിരിക്കുന്നു. അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ അവർ ചോദ്യം ചോദിക്കാൻ പഠിച്ചപ്പോൾ, പിണറായിയും നയം മാറ്റി. എല്ലാ ദിവസവുമായി വാർത്താ സമ്മേളനം. ഇപ്പോൾ പത്രസമ്മേളനമില്ലെങ്കിൽ പിണറായിക്കും പത്രക്കാർക്കും ഒരു സുഖം കിട്ടാത്ത അവസ്ഥയായി.
കടക്കു പുറത്ത് പോലെയുള്ള ഉഗ്രശക്തിയുള്ള ആജ്ഞയടക്കം മാധ്യമ പ്രവർത്തരെ ശരിക്ക് കൈകാര്യം ചെയ്തയാളാണ് പിണറായി. എവിടെയെങ്കിലും ചെന്നാലുടനെ നീളൻ മൈക്കുമായി മൂക്കിൽ കുത്താൻ വരുന്ന ചാനൽ വീരന്മാരെ അദ്ദേഹം പായിച്ചുവിട്ടു. നിശ്ചിത അകലത്തിൽ മൈക്ക് വെച്ച് നിൽക്കുക, എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവിടെ വന്ന് പറഞ്ഞോളാം എന്നായിരുന്നു പിണറായിയുടെ നിലപാട്. ഇതാരോ അമേരിക്കൻ പ്രസിഡന്റോ എന്നൊക്കെ മുറുമുറുത്തെങ്കിലും അനുസരിക്കാൻ പത്രക്കാർ പഠിക്കുക തന്നെ ചെയ്തു.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന വർഷം കേരളത്തിലെ മാധ്യമങ്ങൾക്ക് സർക്കാരിന്റെ വക ചാകരയായിരുന്നു. പരസ്യങ്ങളോട് പരസ്യം. പ്രതിപക്ഷ നേതാവ് ഒരിക്കൽ പറഞ്ഞത് ഓരോ മാധ്യമ സ്ഥാപനത്തിനും കുറഞ്ഞത് രണ്ട് കോടി രൂപയുടെ പരസ്യങ്ങൾ ഈ സർക്കാർ നൽകിയെന്നാണ്. ചെറുതെന്നോ വലുതെന്നോ ഭേദമില്ലാതെ പത്രങ്ങൾക്കും ചാനലുകൾക്കും സർക്കാർ വാരിക്കോരി നൽകി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം വരെ ഇത് തുടർന്നു. വോട്ടെടുപ്പ് വേളയിൽ ഉപകാരസ്മരണ കാട്ടാൻ മാധ്യമങ്ങൾ മടിച്ചില്ലെന്നത് സത്യം. മുഖ്യമന്ത്രിക്കുപ്പായം തുന്നിയിരുന്ന രമേശ് ചെന്നിത്തല ജനപ്രീതിയിൽ കെ. സുരേന്ദ്രനും പിന്നിൽ രണ്ടും മൂന്നും ശതമാനം വോട്ടുമൊക്കെയായി തുടർച്ചയായി പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തിന് തന്നെ വിലപിക്കേണ്ടി വന്നു. പരാജയപ്പെട്ട പ്രതിപക്ഷ നേതാവ് എന്ന പ്രതിഛായ ചെന്നിത്തലയുടെ മേൽ വെച്ചുകെട്ടുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചു. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പരാജയം ഉറപ്പു വരുത്തുന്നതിൽ ഇത് നിർണായകമായിരുന്നു. മാധ്യമങ്ങൾ നടത്തേണ്ട ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം അഞ്ചു വർഷം വിശ്രമിക്കാതെ നടത്തിയതിന് ചെന്നിത്തലക്ക് കിട്ടിയ പ്രതിഫലം!

മർക്കട മുഷ്ടിക്കാരനായ, ധാർഷ്ട്യം മാത്രം കൈമുതലായ, ചിരിക്കാത്ത പിണറായി എന്ന പ്രതിഛായ അതിവേഗമാണ് മാറിമറിഞ്ഞത്. കരുത്തനായ നേതാവ്, മുന്നിൽ നിന്ന് നയിക്കാൻ പ്രാപ്തൻ, വെല്ലുവിളികളെ നെഞ്ചുവിരിച്ച് നേരിടുന്നവൻ എന്നിങ്ങനെ വിശേഷണങ്ങൾ മാറി വന്നു. ഇതിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും വലിയ തോതിൽ സഹായിച്ചു. ദൽഹിയിൽനിന്ന് പറഞ്ഞുവിട്ട അന്വേഷണ പരുന്തുകൾ, പിണറായിക്കും സർക്കാരിനും ചുറ്റും വട്ടമിട്ടെങ്കിലും അതിലൊന്നും അദ്ദേഹം കൂസിയില്ല. കേന്ദ്ര ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കാനും മടിച്ചില്ല. ഇതെല്ലാം കരുത്തൻ എന്ന പ്രതിഛായ വർധിപ്പിച്ചു. ഏതൊരു മുഖ്യമന്ത്രിയും ആടിയുലഞ്ഞു പോകുമായിരുന്നത്ര വ്യാപ്തിയുള്ള സ്വർണക്കടത്തു കേസിനെ പിണറായി നേരിട്ടത് അപാരമായ ചങ്കുറപ്പോടെയായിരുന്നു. കേസുകൾ ഒന്നിനു പിന്നാലെ ഒന്നായി വന്നു. സ്വർണത്തിന് പിന്നാലെ ഡോളർ, മറ്റു പലതും. മന്ത്രിസഭയിലെ പലരെയും, സ്പീക്കറെപ്പോലും കുരുക്കിലാക്കാൻ ശ്രമിച്ചു. പക്ഷേ പിണറായി വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇ.ഡി, കസ്റ്റംസ് എന്നൊന്നും കേൾക്കാനേയില്ല. ബി.ജെ.പിയെ നിലംപരിശാക്കിയ പിണറായിയുടെ പ്രകടനത്തെ ഇനി കേന്ദ്രം പോലും ഭയക്കും.


ഈ തെരഞ്ഞെടുപ്പ് പിണറായി വിജയനു വേണ്ടി അദ്ദേഹം തന്നെ നടത്തിയതാണ്. പാർട്ടിയെ പൂർണമായും കൈപ്പിടിയിലാക്കി. എല്ലാ പ്രവർത്തനത്തിനും പാർട്ടി നയത്തിന്റെ കൈപ്പട ചാർത്തി. പാർട്ടിക്ക് വിധേയമായി മാത്രം എന്ന പ്രതീതി സൃഷ്ടിച്ചു. സ്ഥാനാർഥികളെ നിർത്തിയതിലും മന്ത്രിമാരെ തെരഞ്ഞെടുത്തതിലും അവർക്ക് വകുപ്പുകൾ നിശ്ചയിച്ചതിലും ഒക്കെയുണ്ട് സമ്പൂർണമായ പിണറായി ടച്ച്. പഞ്ചപുഛമടക്കി ഓശാന പാടുകയായിരുന്നു കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ. തിരസ്‌കരിക്കാൻ വയ്യാത്തൊരു സാന്നിധ്യമായി പിണറായി അവരിലും നിറയുന്നത് അമ്പരപ്പോടെയും കൗതുകത്തോടെയുമാണ് കണ്ടത്. 


പ്രൊഫ. രവീന്ദ്രനാഥിന്റെ സ്ഥാനത്തേക്ക് വി. ശിവൻ കുട്ടി വരുമ്പോൾ പോലും സ്തുതിവാചകങ്ങളല്ലാതെ അവതാരകരുടെ നാവിൽനിന്ന് വീഴുന്നില്ലെന്നത് അതിശയമായി തോന്നുന്നു. മരുമകന് അനർഹമായി പ്രാമുഖ്യമുള്ള വകുപ്പുകൾ നൽകിയോ എന്ന് ചിലരൊക്കെ മടിച്ചു മടിച്ചാണ് ചോദിച്ചത് തന്നെ. അങ്ങനെയൊന്നുമില്ലെന്ന് അവർ തന്നെ തിരുത്തുകയും ചെയ്യുന്നു. ശൈലജ ടീച്ചറില്ലാതെ എന്ത് ആരോഗ്യ വകുപ്പ് എന്ന് ചോദിച്ചവർ മണിക്കൂറുകൾക്കം വീണയാണെങ്കിൽ പിന്നെ പേടിക്കാനില്ല എന്ന് നിലപാട് മാറ്റി. അങ്ങനെ ഓരോ കാര്യങ്ങളും. പിണറായിയുടെ നിശ്ചയങ്ങളിലേക്ക് മലയാളിയുടെ മനസ്സാക്ഷി വഴുതിവീഴുന്ന അത്യപൂർവവും അതിശയകരവുമായ കാഴ്ച.

ഈ പിണറായി മാജിക്  അതിന്റെ എല്ലാ ശക്തിയോടും കൂടി, സർവാഭരണ വിഭൂഷിതമായി കേരളത്തെ കൈയിലെടുക്കാൻ പോകുകയാണ്. എല്ലാ സമുദായങ്ങളേയും കൈയിലെടുത്ത്, എല്ലാ വിഭാഗങ്ങളേയും സ്വന്തമാക്കി മാറ്റി ഏറ്റവും മികച്ച സോഷ്യൽ എൻജിനീയറിംഗ് പാടവം കാഴ്ചവെച്ച ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. സുകുമാരൻ നായർ പഞ്ചപുഛമടക്കി പിണറായിയുടെ അടുത്തെത്തുന്ന നാൾ വിദൂരമൊന്നുമല്ല. അടുത്ത അഞ്ചു വർഷം കേരളത്തെ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായിരിക്കുമെന്നുറപ്പ്. പുതിയ തലമുറയെ മുന്നോട്ട് കൊണ്ടുവരാൻ സി.പി.എം കാണിച്ച ഈ ചങ്കുറപ്പ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ മുഴുവൻ ആഴത്തിൽ സ്വാധീനിക്കുമെന്നുറപ്പ്. കേരളത്തിലെ മാധ്യമ പ്രവർത്തനത്തിലും പിണറായി യുഗം വലിയ മാറ്റം സൃഷ്ടിക്കാൻ പോവുകയാണ്. അത് കേരളത്തിന് എങ്ങനെയാണ് പ്രയോജനപ്പെടാൻ പോകുന്നതെന്ന് കാത്തിരിക്കുക.

Latest News