Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തോട് മുഖം തിരിക്കരുത്

വീണാ ജോർജും കെ.കെ. ശൈലജയും

ചരിത്രപരമായ വിജയത്തിനു ശേഷം ചരിത്രപരമായ ഒരു മന്ത്രിസഭക്കാണ് എൽ.ഡി.എഫ് രൂപം കൊടുത്തിരിക്കുന്നത്. ചരിത്രപരമായതെങ്കിലും പുരോഗമനപരവും ജനപക്ഷവുമായിരിക്കുമോ എന്നത് കാലം തീരുമാനിക്കേണ്ടതാണ്. തലമുറമാറ്റം എന്നത് ഒറ്റനോട്ടത്തിൽ സ്വാഗതാർഹമാണ്. പക്ഷേ അത് യാന്ത്രികമായി നടപ്പാക്കുകയാണെങ്കിൽ മിക്കവാറും വിപരീതഫലമായിരിക്കും ചെയ്യുക. അതാണ് കെ.കെ. ശൈലജയുടെ കാര്യത്തിൽ സംഭവിച്ചത്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻവിജയം ലഭിക്കാനുള്ള പ്രധാന കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ആരോഗ്യ മന്ത്രിയെന്ന രീതിയിൽ കെ.കെ. ശൈലജയുടെ പ്രകടനവും അതിനെ തെരഞ്ഞെടുപ്പിൽ വിജയകരമായി പ്രചരണായുധമാക്കാൻ കഴിഞ്ഞതുമാണ്. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇന്നാഗ്രഹിക്കുന്നത് മന്ത്രിസഭയിൽ ശൈലജ ടീച്ചറുടെ സാന്നിധ്യമാണ്.

അതിനെയാണ് പാർട്ടിയാണ് തീരുമാനിക്കുക എന്ന സാങ്കേതിക ന്യായത്തിന്റെയും തലമുറ മാറ്റം യാന്ത്രികമായി നടപ്പാക്കുന്നതിന്റെയും പേരിൽ അട്ടിമറിക്കുന്നത്. രാഷ്ട്രീയമായി  ജനാധിപത്യ വിരുദ്ധമാണ് ഈ തീരുമാനം. ഇനി പഴയ ആർക്കും ഇളവു വേണ്ട എങ്കിൽ മുഖ്യമന്ത്രിക്കു നൽകാമോ? മുഖ്യമന്ത്രി എന്ന നിലയിലാണ് ഇളവെങ്കിൽ വനിതയെന്ന നിലയിൽ ഒരിളവു ടീച്ചർക്ക് നൽകാമായിരുന്നു. അപ്പോൾ മന്ത്രിസഭയിൽ ഒരു വനിത കൂടി കൂടുമായിരുന്നു. അതിനേക്കാൾ ഉപരി നിരവധി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടിയ പോലെ കോവിഡ് ഏറ്റവും രൂക്ഷമായ ഈ ഘട്ടത്തിലെ മാറ്റം ആരോഗ്യ സംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിക്കും. 

ശൈലജയെ ഒഴിവാക്കിയതിനു പിറകിലെ താൽപര്യം എന്താണെന്നു സാമാന്യം രാഷ്ട്രീയം അറിയുന്ന ആർക്കും വളരെ ലളിതമായി മനസ്സിലാക്കാവുന്നതാണ്. ലോകമെങ്ങും ജനാധിപത്യ കേന്ദ്രീകരണം എന്ന പേരിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലനിൽക്കുന്ന സംഘടനാ സംവിധാനം പൂർണമായും കേന്ദ്രീകരണത്തിന്റേതാണ്. ഒന്നോ രണ്ടോ വ്യക്തികളിലാണ് ഈ സമഗ്രാധിപത്യം എത്തിച്ചേരുക. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. അതിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്നതിനെയെല്ലാം മുളയിലേ നുള്ളുന്നതിൽ നേതൃത്വം എപ്പോഴും ജാഗരൂകരായിരിക്കും.  ഒരു പൊതുസമ്മേളനത്തിൽ ഇ.എം.എസിനേക്കാൾ കൈയടി കിട്ടിയപ്പോഴാണല്ലോ എം.വി. രാഘവൻ പാർട്ടി നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായതും പിന്നീട് പാർട്ടിക്കു പുറത്തായതും. കേരം തിങ്ങും കേരള നാട് കെ.ആർ. ഗൗരി ഭരിക്കുമെന്ന് പറഞ്ഞു വോട്ട് പിടിച്ച ശേഷം അവരെ മുഖ്യമന്തി ആക്കാതിരുന്നതും  പുകച്ചു പുറത്തു ചാടിച്ചതും എ.കെ.ജിയുടെ ഭാര്യയായിരുന്ന സുശീലാ ഗോപാലൻ മുഖ്യമന്ത്രിയാവാനുള്ള സാധ്യതകൾ അട്ടിമറിക്കാൻ നിയമസഭാ അംഗമല്ലാതിരുന്ന നായനാരെ വീണ്ടും മുഖ്യമന്ത്രിയാക്കിയതും ഓർമയില്ലാത്തവർക്കു മാത്രമേ ശൈലജ ടീച്ചർക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ അസ്വാഭാവികത തോന്നൂ. ഇവിടെയും പ്രശ്‌നം അതുതന്നെ. ശൈലജ ടീച്ചറുടെ സാന്നിധ്യം 2026 ലെങ്കിലും തങ്ങളുടെ അധികാര ലക്ഷ്യങ്ങൾക്ക് വിഘാതമാകുമെന്ന ചിലരുടെ തിരിച്ചറിവാണ് ഈ പുറന്തള്ളലിനു കാരണമെന്നതിൽ സംശയമില്ല. 

ശൈലജ ടീച്ചർ സജീവ വിഷയമായതോടെ പ്രധാനപ്പെട്ട മറ്റു പല വിഷയങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയത് കാണാതിരിക്കാനാവില്ല. അതിലേറ്റവും പ്രധാനം സാമുദായിക പ്രാതിനിധ്യത്തിന്റെയും സാമൂഹ്യ നീതിയുടെയും പ്രശ്‌നമാണ്. മന്ത്രിസഭയിൽ സി.പി.എമ്മിന് മൊത്തം 12 മന്ത്രിമാരും ഒരു സ്പീക്കറും. ഇതിൽ 5 മന്ത്രിമാരും  സ്പീക്കറും നായർ സമുദായാംഗങ്ങളാണ്. അതായത് സി.പി.എം മന്ത്രിമാരിൽ  41.67 ശതമാനവും നായർ സമുദായത്തിൽ നിന്നും ഉള്ളവർ. സി.പി.ഐക്ക് 4 മന്ത്രിമാർ. അതിൽ മൂന്നും നായർ വിഭാഗത്തിൽ നിന്നുള്ളവർ. അതായത്  75%. അങ്ങനെ നോക്കിയാൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ മൊത്തം 16 മന്ത്രിമാരിൽ 50 ശതമാനം നായന്മാർ. കേരളത്തിലെ ജനസംഖ്യയിൽ  നായർ വിഭാഗം കേവലം 12.5% മാത്രമാണ്. 1.36% വരുന്ന മറ്റു മുന്നോക്കക്കാരും കൂട്ടിയാൽ  13.8% മാത്രം. മറുവശത്ത് ജനസംഖ്യയിൽ  26.9% വരുന്ന മുസ്‌ലിംകൾക്ക് മൂന്നു മന്ത്രിമാർ മാത്രം.  14.28%. ജനസംഖ്യയിൽ 10 ശതമാനത്തോളം വരുന്ന പട്ടിക ജാതി വിഭാഗങ്ങൾക്ക് ഒരു മന്ത്രി മാത്രം. അതായത് 4.15% മാത്രം. വാസ്തവത്തിൽ ദളിത് ക്രൈസ്തവരും ആദിവാസികളുമടക്കം 20 ശതമാനത്തിനടുത്തു വരുന്ന വിഭാഗങ്ങളുടെ ഏക പ്രതിനിധിയാണ് കെ. രാധാകൃഷ്ണൻ. വനിതകൾ മൂന്നുപേർ എന്നു പറയുമ്പോൾ ജനസംഖ്യാനുപാതികമായ അവകാശത്തേക്കാൾ എത്രയോ അകലെയാണത്. ചുരുക്കത്തിൽ സാമൂഹ്യനീതി എന്ന പരിഗണന മന്ത്രിമാരുടെ തീരുമാനത്തിൽ ഉണ്ടായിട്ടില്ല. വർഗപരമായി പരിഗണിച്ചാലും അതു തന്നെയാണ് അവസ്ഥ. മന്ത്രിമാരിൽ ഭൂരിഭാഗവും അപ്പർ മിഡിൽ ക്ലാസിനേക്കാൾ ഉയർന്ന നിലയിലുള്ളവരാണെന്നാണ് റിപ്പോർട്ട്.  

ഐസക്കും ശൈലജ ടീച്ചറും സുധാകരനും മണിയുമൊന്നുമില്ലെങ്കിലും പുതിയ മന്ത്രിസഭ മോശമാകുമെന്നു കരുതുക വയ്യ. ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പാരമ്പര്യമുള്ളവരാണ് ഭൂരിഭാഗവും. അതിനാൽ അധികാരക്കസേരയിൽ പുതുമുഖങ്ങൾ എന്നത് കാര്യമായ പരിമിതിയാകാനിടയില്ല. അതേസമയം തന്റെ സമഗ്രാധിപത്യത്തിനു ആരും ഭീഷണിയാകില്ല എന്നുറപ്പിക്കാൻ മുഖ്യമന്ത്രി പിണറായിക്കു കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഐസക്കും സുധാകരനുമൊക്കെ അത്തരം ശ്രമങ്ങൾ നടത്തിയിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ ഇക്കുറി അതിനുള്ള സാധ്യത കുറവാണ്. എം.വി. ഗോവിന്ദന് അപ്രധാന വകുപ്പുകൾ നൽകി ഒരു രണ്ടാമൻ എന്ന സാധ്യതയും ഇല്ലാതാക്കിയിട്ടുണ്ട്. അതൊരു പക്ഷേ കോടിയരി ബാലകൃഷ്ണനു വേണ്ടിയുള്ള കരുതലാകാം. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും വിമർശന വിധേയമായ വകുപ്പായിരുന്നിട്ടും ആഭ്യന്തരം കൈവിടാൻ പിണറായി തയാറായിട്ടുമില്ല. 

ഇത്തരമൊരു പരിശോധനയിൽ തെളിയുന്ന വസ്തുത മറ്റൊന്നുമല്ല. ജനാധിപത്യ സംവിധാനത്തിൽ സാങ്കേതികമായി പങ്കെടുക്കുമ്പോഴും ഇനിയും ആധുനിക ജനാധിപത്യ സംവിധാനത്തിനു അനുയോജ്യമായ രീതിയിൽ മാറാൻ ഇനിയും സി.പി.എമ്മിനു കഴിഞ്ഞിട്ടില്ല. എല്ലാം പാർട്ടി തീരുമാനിക്കും എന്ന സ്ഥിരം പല്ലവി തന്നെ അതിനു തെളിവാണ്. വ്യക്തമായ ജനാഭിലാഷത്തിനു പോലും അവിടെ ഒരു വിലയുമില്ല. പാർട്ടി എന്ന് ഇവിടെ പറയുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. അവർ തീരുമാനിക്കുന്നതാണ് പാർട്ടി തീരുമാനമെന്ന പേരിൽ മുകളിൽ നിന്ന് താഴോട്ട് എത്തുന്നത്. അതിൽ ജനാധിപത്യത്തിനോ സാമൂഹ്യനീതിക്കോ ലിംഗനീതിക്കോ സ്ഥാനമില്ല. ഈയൊരവസ്ഥക്ക് മാറ്റം വരുത്താനും അടിമുടി ജനാധിപത്യവൽക്കരിക്കപ്പെടാനും തയാറാവുകയാണ് പാർട്ടി ചെയ്യേണ്ടത്. അതാകട്ടെ, പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമല്ല, കേരളത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പ്രസ്ഥാനം എന്ന രീതിയിൽ മുഴുവൻ ജനങ്ങളുടെയും പ്രശ്‌നമാണ്. അതിനാൽ തന്നെ, അതൊക്കെ ഞങ്ങൾ തീരുമാനിക്കും, നിങ്ങൾ അഭിപ്രായം പറയേണ്ട എന്ന ജനാധിപത്യ വിരുദ്ധമായ നിലപാട് തിരുത്താനാണ് ആദ്യം തയാറാകേണ്ടത്. 

Latest News