Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധവും കേരള ആരോഗ്യ വകുപ്പും


കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമത കഴിഞ്ഞ അഞ്ച്  വർഷക്കാലത്തിനിടയിൽ മാത്രം രൂപം കൊണ്ടതല്ല. പതിറ്റാണ്ടുകളായി തുടർന്നുപോന്ന താരതമ്യേന മെച്ചപ്പെട്ട രീതിയിലുള്ള കേരളത്തിലെ മികച്ച സംവിധാനങ്ങളുടെ തുടർച്ചയാണത്.  നമ്മൾ മലയാളികൾ ലോകത്തിന്റെ പല ഭാഗത്തും  അന്താരാഷ്ട്ര മാധ്യമ കേന്ദ്രങ്ങളിലും    വരെ എത്തിപ്പെട്ടതുകൊണ്ട് ആരോഗ്യ രംഗത്ത്  നമുക്ക് നേരത്തെയുള്ള കാര്യക്ഷമതയെ   കോവിഡ് കാലത്ത് അൽപം പെരുപ്പിച്ച് പ്രചരിപ്പിക്കാനും  കോവിഡിന്റെ കാര്യത്തിൽ ചെയ്യേണ്ടതായ കാര്യങ്ങളെല്ലാം നേരത്തെ തന്നെ  ചെയ്തു തീർത്തതു  പോലെ ഊതിവീർപ്പിക്കാനും സാധിച്ചു എന്നു മാത്രം. 


കൊറോണ കേരളത്തിൽ എത്തിയ വേളയിൽ തന്നെ അതിന് മൂക്കുകയറിട്ടു, പിടിച്ചുകെട്ടി എന്ന നമ്മുടെ  വീമ്പുപറച്ചിൽ ലോകാടിസ്ഥാനത്തിൽ കേൾപ്പിക്കാൻ നമുക്ക് പലയിടങ്ങളിലും ആളുകളുണ്ടായതുകൊണ്ട് സാധിച്ചു. ആഗോളതലത്തിൽ   ഇറങ്ങുന്ന പ്രസിദ്ധീകരണത്തിൽ വരെ  നമ്മുടെ മന്ത്രിയുടെ  മുഖചിത്രം വരാനും  തെരഞ്ഞെടുപ്പിൽ ആരോഗ്യ മന്ത്രിക്ക്  60,000 ഭൂരിപക്ഷം കിട്ടാനും  ഒരു പക്ഷേ, പിണറായിയുടെ രണ്ടാം വരവിനും (കിറ്റിന് പുറമെ) ഒരു പരിധി വരെ നിമിത്തവുമായി. 
ഇന്ന് കോവിഡിന്റെ കാര്യത്തിൽ കേരളത്തിന്റെ ദുരവസ്ഥ എങ്ങനെ വന്നുപെട്ടതാണെന്ന്  ചോദിച്ചാൽ,  നേരത്തെ കാര്യക്ഷമതയെ  ഊതിവീർപ്പിച്ചവർക്ക് പ്രത്യേകിച്ച് മറുപടിയൊന്നും പറയാനുണ്ടാകില്ല.  മഹാരാഷ്ട്രയിലെയും കേരളത്തിലെയും കോവിഡ് സാഹചര്യങ്ങൾ ഒന്ന് വിലയിരുത്തി നോക്കാവുന്നതാണ്. 


ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉൾക്കൊള്ളുന്ന മഹാരാഷ്ട്രയിൽ തന്നെയാണ് പുനെയും താനെയും  നാഗ്പൂരും ഔറാംഗാബാദുമൊക്കെ. ഈ നഗരങ്ങളിൽ  നിന്ന്  മഹാരാഷ്ട്രയുടെ  മറ്റു ഭാഗങ്ങളിലേക്കുള്ള ജനങ്ങളുടെ  വരവും പോക്കുമാണ് അവിടത്തെ കോവിഡ് സാഹചര്യങ്ങളെ സങ്കീർണമാക്കിയത്.  എന്നാൽ ഇന്ത്യയിൽ  ജനസംഖ്യയിൽ പതിമൂന്നാം സ്ഥാനത്ത് നിൽക്കുന്ന, വൻ നഗരങ്ങളൊന്നുമില്ലാത്ത  കേരളത്തിൽ ഇന്ന്  കോവിഡ് ഉണ്ടാക്കിയ  അരക്ഷിതാവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി?  സർക്കാരിനും  തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് അതിന്റെ  ഉത്തരവാദിത്തം.  ആവശ്യമായ നിയന്ത്രണങ്ങളില്ലാതെ  രണ്ട് തെരഞ്ഞെടുപ്പ് നടത്തിയതാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയതെന്ന് എല്ലാവരും മനസ്സിലാക്കിയ കാര്യമാണ്.  ആദ്യത്തെ തെരഞ്ഞെടുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായിരുന്നതുകൊണ്ടും  കൂടിച്ചേരലുകൾ വാർഡ് തലത്തിലും ഡിവിഷൻ തലത്തിലും മാത്രമായിരുന്നതുകൊണ്ടും വലിയ തിക്താനുഭവങ്ങളുണ്ടായില്ല.  എന്നാൽ പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടായ്മകളും പദയാത്രകളും  ജാഥകളുമൊക്കെ  മണ്ഡലം തലത്തിലായിരുന്നതുകൊണ്ട് കൊറോണയുടെ കൊടുക്കൽ വാങ്ങലുകൾ സംസ്ഥാനമൊട്ടാകെ മുഴുവൻ മണ്ഡലങ്ങളിലും നടന്നു.  ഇന്ന് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച് ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത വിധം കെട്ടിപ്പൂട്ടലുകൾ നടത്തുന്നുണ്ടെങ്കിൽ ഈ ജാഗ്രതയുടെ പത്ത് ശതമാനം പോലും  തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുണ്ടായില്ല.   


 സോഷ്യൽ മീഡിയ സജീവമായ കാലത്ത് പ്രകടനങ്ങളും പൊതുയോഗങ്ങളുമില്ലാതെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള സൗകര്യം ധാരാളമുണ്ടായിരുന്നു എന്നിരിക്കേ, ആ വക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും  തയാറാകാതിരുന്നത് തങ്ങൾക്ക് വേണ്ടി സാധ്യമായ പ്രചാരണങ്ങളൊക്കെ നടക്കണമെന്ന ആഗ്രഹം ആരോഗ്യ മന്ത്രി ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും സ്ഥാനാർത്ഥികൾക്കുണ്ടായിരുന്നതു കൊണ്ടാണ്.   അനിവാര്യമായ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്താൻ ആവശ്യമുന്നയിക്കുന്ന കാര്യത്തിൽ ആരോഗ്യ മന്ത്രി മുന്നിൽ നിൽക്കേണ്ടതായിരുന്നു.  ആളുകളെ കൂട്ടിയുള്ള സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കണമെന്ന് ഇപ്പോൾ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കേരള ഘടകം ആവശ്യപ്പെട്ടത് പോലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്  കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള ആവശ്യം ആരോഗ്യ മന്ത്രിയോ വകുപ്പ് ഉദ്യോഗസ്ഥരോ ഉന്നയിച്ചതായി കേട്ടിട്ടില്ല. അവർക്ക് അതിനുള്ള ധാർമികമായ ഉത്തരവാദിത്തമുണ്ടായിരുന്നു.  


സൗദിയിൽ കോവിഡ് വ്യാപനകാലത്ത് ജനങ്ങൾക്ക് തുടരെയുള്ള മുന്നറിയിപ്പുകളും താക്കീതുകളുമായി സൗദി  ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽറബീഅ മീഡിയകളിൽ നിരന്തരം പ്രത്യക്ഷപ്പെടാറുള്ളത് ഇവിടെ സ്മരിക്കുകയാണ്. അതിന്റെ ഗുണഫലങ്ങൾ ഇവിടെ കാണുന്നുമുണ്ട്. 
കേരളത്തിൽ ശൈലജ ടീച്ചർക്ക് പരിമിതികളുണ്ടായിരുന്നിരിക്കാം. എങ്കിലും തെരഞ്ഞെടുപ്പ് സമയത്തെങ്കിലും നിയന്ത്രണങ്ങൾ  നടപ്പിലാക്കാനുള്ള കൂട്ടായ തീരുമാനത്തിന് വേണ്ടി ആരോഗ്യ മന്ത്രി എന്ന നിലയിൽ അവർക്ക്   അൽപം  കാർക്കശ്യം ആവാമായിരുന്നു. 


ആഘോഷ വേളകളിലെ ഭക്ഷ്യസാധനങ്ങളുടെ പൊതുവിതരണത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രിയും സ്‌കൂൾ തുറക്കുന്ന വേളയിൽ പാഠപുസ്തക വിതരണത്തിന്റെ കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയും  ശ്രദ്ധിക്കപ്പെടുന്നത് പോലെ  പകർച്ചവ്യാധിയുടെ കാലത്ത് ആരോഗ്യ മന്ത്രിയും ശ്രദ്ധിക്കപ്പെടും. പകർച്ചവ്യാധി ഒരു വർഷത്തിലധികം നീണ്ടതുകൊണ്ട് ആരോഗ്യ മന്ത്രിയിലേക്കുള്ള ശ്രദ്ധയും ഒരു വർഷം നീണ്ടു. മറ്റു മന്ത്രിമാരെ ശ്രദ്ധിക്കാൻ ജനത്തിന്  സമയം പോലുമില്ലാതായി. ഏത് മന്ത്രി ഉറങ്ങിയാലും ഉണർന്നിരുന്നാലും നേരത്തെ നിശ്ചയിച്ച വ്യവസ്ഥിതിക്കനുസരിച്ച് എല്ലാ വകുപ്പിലും കാര്യങ്ങൾ നടക്കും.  മന്ത്രിക്ക് പുറമെ, വകുപ്പ് സെക്രട്ടറിയും  ഡയറക്‌റർമാരും ജില്ലാതലത്തിലുള്ള ഓഫീസർമാരും സുപ്രണ്ടുമാരും  ഡോക്ടർമാരും നഴ്‌സുമാരും അറ്റൻഡർമാരുമൊക്കെ അവരുടേതായ ഭാഗധേയം  നിർവഹിച്ചതുകൊണ്ടാണ് ഇതുവരെ കാര്യങ്ങൾ നടന്നു പോന്നത്.  പുതിയ മന്ത്രി കാര്യങ്ങൾ പഠിച്ചുവരുന്നത് വരെയും കാര്യങ്ങൾ ഇതുവരെ നടന്നത് പോലെയൊക്കെ നടക്കും. പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജാണ് -പ്രതീക്ഷയോടെ  കാത്തിരിക്കാം. 

Latest News