Sorry, you need to enable JavaScript to visit this website.

പ്രാണവായുവിന്റെ വില

കോവിഡ് കാലം പ്രാണവായുവിന്റെ വില നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു ദിവസം 20,000 തവണയെങ്കിലും ശ്വാസോച്ഛ്വാസം നിർവഹിക്കുന്ന മനുഷ്യൻ അങ്ങനെയൊരു പ്രവർത്തനം നിർവഹിക്കുന്നുണ്ടെന്ന് അറിയുന്നുപോലുമില്ല. ഒട്ടും പ്രയാസമില്ലാതെ ഉറക്കത്തിൽ പോലും ഈ ശ്വസന പ്രക്രിയ മനുഷ്യൻ നിർവഹിക്കുന്നുണ്ട്. എന്നാൽ ഏതാനും നിമിഷം ശ്വസനപ്രക്രിയ നടക്കാതിരുന്നാൽ ജീവൻ നഷ്ടപ്പെടുന്നു. മനുഷ്യജീവൻ വളരെ വിലപ്പെട്ടതാണ്. ജീവൻ നിലനിൽക്കുന്നതാകട്ടെ ശ്വസനപ്രക്രിയയിലൂടെയാണ് താനും. ശ്വാസനമാവട്ടെ, ഒരു ചെലവും അധ്വാനവുമില്ലാതെ നടക്കുന്ന പ്രവൃത്തിയും. അന്തരീക്ഷത്തിൽനിന്നും വെറുതെകിട്ടുന്ന വായുവിലെ ഓക്‌സിജനാണ് മനുഷ്യൻ ശ്വസിച്ചുകൊണ്ടിരിക്കുന്നത്. അന്തരീക്ഷവായുവിലെ 21 ശതമാനം മാത്രമാണ് ഓക്‌സിജൻ. ഈ ഓക്‌സിജനാണ് ലോകത്ത് ജീവിക്കുന്ന മനുഷ്യരടക്കമുള്ള ജന്തുജാലങ്ങൾ അവരുടെ ജീവൻ നിലനിർത്താൻ വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.  

അന്തരീക്ഷ ഘടനയിൽ സ്രഷ്ടാവ് ഒരുക്കിവച്ചിട്ടുള്ള അത്ഭുതകരവും അനുഗ്രഹീതവുമായ സംവിധാനമാണ് ശ്വസനവ്യവസ്ഥ. സ്രഷ്ടാവ് ഒരുക്കിയിട്ടുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ച് വിവരിക്കുന്നതിനിടയിൽ ഖുർആൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'വഫീ അൻഫുസികും അഫലാ തുബ്‌സ്വിറൂൻ?' (നിങ്ങളുടെ ശരീരങ്ങളിൽ തന്നെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്, നിങ്ങൾ കാണുന്നില്ലേ?). മനുഷ്യശരീരത്തിന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ കുറിച്ചാലോചിച്ചാൽ എങ്ങനെയാണത് പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നത് എന്ന് ബുദ്ധിയുള്ള ഏതൊരാളും ആശ്ചര്യം പ്രകടിപ്പിക്കും. മനസ്സിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്ന അതിസങ്കീർണമായ തലച്ചോർ, ഏത് നിമിഷവും സ്പന്ദനം നിലച്ചേക്കാവുന്ന ഹൃദയം, ശരീരത്തിലെ രാസപരീക്ഷണശാലയായ കരൾ, ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുന്ന വൃക്കകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അവയവങ്ങളുടെയും വ്യവസ്ഥയുടെയും സമുച്ചയമാണ് ശരീരം. അതുകൊണ്ടുതന്നെ ശരീരം കൃത്യമായി പ്രവർത്തിക്കുന്നതാണ് അത്ഭുതം. അത് നിലച്ചുപോകുന്നതിൽ യാതൊരു അത്ഭുതവുമില്ല. ശ്വസനം നിലയ്ക്കുമ്പോൾ എല്ലാം നിലക്കുന്നു. ശ്വസനത്തിനാവശ്യമായ പ്രാണവായു മനുഷ്യന്റെ കണ്ടുപിടുത്തമല്ല, അത് സ്രഷ്ടാവ് ഒരുക്കിയ അതി വിസ്മയകരമായ പ്രതിഭാസമാണ്. അവന്റെ പരകോടി അനുഗ്രഹങ്ങളിൽ പെട്ട ഒരു അനുഗ്രഹം മാത്രമാണ്. 'അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല.' (ഖുർആൻ 16:18)

ഒട്ടേറെ അനുഗ്രഹങ്ങൾ നൽകിയ സ്രഷ്ടാവിന്റെ കാരുണ്യത്തെക്കുറിച്ച് പൊതുവിൽ മനുഷ്യർ ബോധവാന്മാരല്ല. പണം കൊടുത്ത് വാങ്ങുന്ന വസ്തുക്കൾക്ക് വലിയ വില നൽകുകയും അവ സൂക്ഷിക്കുന്നതിനും അവ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കുന്നതിലും മനുഷ്യർ വളരെ ശ്രദ്ധാലുക്കളാണ്. എന്നാൽ വെറുതെ ലഭിക്കുന്ന വസ്തുക്കൾക്ക് പൊതുവിൽ മനുഷ്യർ വലിയ വില കൽപിക്കാറില്ല. അവ യഥേഷ്ടം ഉപയോഗിക്കുവാനും ദുർവ്യയം ചെയ്യുവാനുമാണ് അധിക പേർക്കും താത്പര്യം. പക്ഷെ ഇങ്ങനെ ഒഴുകിനടക്കുന്ന പ്രാണവായുവിന്റെ മൂല്യം അത് ഒരു ചിലവുമില്ലാതെ ശ്വസിക്കുന്ന മനുഷ്യരിൽ എത്രപേരാണ് കണക്കാക്കുന്നത്. അതെ, ഖുർആന്റെ ചോദ്യം പ്രസക്തമാണ്. 'നിങ്ങളുടെ ശരീരങ്ങളിൽ തന്നെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്, നിങ്ങൾ കാണുന്നില്ലേ?' (51:21). 

പ്രമുഖ പണ്ഡിതനായിരുന്ന ശൈഖ് ശഅറാവി ഒരിക്കൽ അല്ലാഹുവിന്റെ ഒട്ടേറെ അനുഗ്രഹങ്ങളെ കുറിച്ച് വിവരിച്ചുകൊണ്ട് ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പ്രാണവായുവിനെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി. ''പ്രാണവായു ഇല്ലാതെ നമുക്ക് ഏതാനും നിമിഷങ്ങൾപോലും ജീവിക്കാൻ കഴിയില്ല, സ്രഷ്ടാവിന്റെ അപാരമായ അനുഗ്രഹത്താൽ അവൻ എല്ലാവർക്കും പ്രാണവായു ലഭ്യമാക്കി. അത് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നില്ല. അത് വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന അവസ്ഥ സംജാതമായാൽ മനുഷ്യാത്മാക്കൾ മനുഷ്യരുടെ നിയന്ത്രണത്തിലേക്ക് ചുരുങ്ങും''. ഇതുകേട്ട ഒരു ശ്രോതാവ് ചോദിച്ചു. 'ശൈഖ്, പ്രാണവായു വാങ്ങുകയോ വിൽക്കുകയോ ഇല്ല എന്നതിന് എന്ത് തെളിവാണ് താങ്കളുടെ പക്കലുള്ളത്?' ചോദ്യം കേട്ട ശൈഖ് ശഅറാവി  ആശ്ചര്യപ്പെട്ടു. കാരണം പ്രാണവായു വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന ഒരു സംഭവം അദ്ദേഹം കേട്ടിട്ടില്ല. ലോകത്താരും അങ്ങനെയൊരു സംഭവത്തെ കുറിച്ച് പറഞ്ഞിട്ടില്ല. എങ്കിൽ ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു. മുൻകാലങ്ങളിൽ ആശുപത്രികളിൽ എമർജെൻസിക്ക് മാത്രം രോഗികൾക്ക് ഓക്‌സിജൻ നൽകിയിരുന്നെങ്കിൽ കോവിഡ് ലോകത്തെ കീഴടക്കിയപ്പോൾ ശഅറാവി ആശ്ചര്യപ്പെട്ട സംഭവം യാഥാർഥ്യമായി പുലർന്നിരിക്കുന്നു. 

മനുഷ്യർ കൃത്രിമമായി ഉണ്ടാക്കുന്ന ഓക്‌സിജൻ സൗജന്യമായി ഒരാൾക്കും ലഭിക്കില്ല. കാരണം അതിന്റെ നിർമാണ ചിലവും മറ്റും വളരെ കൂടുതലാണ്. ഒരു മനുഷ്യന് ഒരു ദിവസം ശ്വസിക്കാൻ ആവശ്യമായ ഓക്‌സിജന്റെ വില അര ലക്ഷം രൂപയിൽ കൂടുതലാണ്. ഇന്നും ചൊവ്വയിലും ചന്ദ്രനിലുമെല്ലാം ഓക്‌സിജന്റെ സാന്നിധ്യത്തെ കുറിച്ച് പര്യവേഷണം നടത്താൻ മനുഷ്യൻ ചെലവിടുന്നത് ബില്യൺ കണക്കിന് ഡോളറാണ്. മനുഷ്യർക്ക് സ്രഷ്ടാവ് സൗജന്യമായും ഉദാരമായും ഭൂമിയിൽ ഓക്‌സിജൻ നൽകുമ്പോൾ ഈ കണക്കുകൾ മനുഷ്യർ മറന്നുപോകുന്നു. കളിച്ചുല്ലസിച്ച് നടക്കുമ്പോൾ മനുഷ്യർക്ക് ഒരു പ്രയാസവുമില്ല. എന്നാൽ മനുഷ്യർ വിഷമസന്ധിയിൽ അകപ്പെടുമ്പോൾ അവൻ നെട്ടോട്ടമോടുകയാണ്. ദൈവം എന്തുകൊണ്ട് സഹായിക്കുന്നില്ല എന്ന് ചോദിക്കുകയാണ്. ഓരോ നിമിഷത്തെയും സുഖവും സന്തോഷവും ദൈവത്തിൽ നിന്നായിരുന്നുവെന്ന് അവൻ ഓർത്തില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം അവൻ ദൈവത്തെയും ദൈവാനുഗ്രഹങ്ങളെയും മറന്നു ജീവിച്ചു. ഒടുവിൽ പരീക്ഷണഘട്ടത്തിൽ 'ദൈവം നമ്മെ കൈവെടിഞ്ഞു' എന്നോ 'ദൈവമുണ്ടെങ്കിൽ എന്തുകൊണ്ട് അവൻ സഹായിക്കുന്നില്ല' എന്നോ പറഞ്ഞ് അവിശ്വാസത്തിന്റെ പടുകുഴിയിലേക്ക് മനുഷ്യൻ വീഴുന്നു. ഖുർആൻ പറയുന്നു: 'മനുഷ്യനെ അവന്റെ രക്ഷിതാവ് പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന് സൗഖ്യം നൽകുകയും ചെയ്താൽ അവൻ പറയും; എന്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു എന്ന്. എന്നാൽ മനുഷ്യനെ അവൻ പരീക്ഷിക്കുകയും എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താൽ അവൻ പറയും; എന്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്.' (89:15,16).

കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് ഇറ്റലിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 93 വയസ്സുകാരനായ വന്ദ്യവയോധികനുണ്ടായ അനുഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിയ അയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുണ്ടായി. കുറച്ചുദിവസം കഴിഞ്ഞു രോഗവിമുക്തി നേടിയ അയാളെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അയാൾക്ക് ആശുപത്രി അധികൃതർ ബിൽ നൽകി. ഒരു ദിവസത്തെ വെന്റിലേറ്റർ ഉപയോഗത്തിന് മാത്രം 5000 യൂറോ (നാലര ലക്ഷം രൂപ) ബിൽ കണ്ടപ്പോൾ അദ്ദേഹം തേങ്ങിക്കരഞ്ഞു. പണമില്ലാത്തതു കൊണ്ടാണോ കരയുന്നത് എന്ന് ചോദിച്ച് ഡോക്ടർമാർ അയാളെ ആശ്വസിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു: 'പണം ഇല്ലാത്തതു കൊണ്ടല്ല ഞാൻ കരയുന്നത്, മറിച്ച് 100 വർഷത്തോളം സ്വതന്ത്രമായും സൗജന്യമായും എനിക്ക് പ്രാണവായു നൽകിയ സ്രഷ്ടാവിനെ കുറിച്ചാലോചിച്ചതു കൊണ്ടാണ് എനിക്ക് സങ്കടം വന്നത്. ഈ കണക്കനുസരിച്ച് അവന് എത്രമാത്രം പണം ഞാൻ തിരിച്ചു നൽകേണ്ടതുണ്ട്. അവനോട് ഞാൻ എത്രമാത്രം കടപ്പെട്ടിരിക്കുന്നു. 'കോവിഡ് മനുഷ്യനെ ചിന്തിപ്പിക്കുന്നു എന്നതാണ് ഇത്തരം സംഭവങ്ങൾ നമ്മോട് പറയുന്നത്. 

മനുഷ്യർ എത്രതന്നെ പുരോഗമിച്ചാലും അവന്റെ വിജ്ഞാനം എത്രതന്നെ അവൻ വികസിപ്പിച്ചാലും അതിനെല്ലാം ഒരു പരിധിയും പരിമിതിയുമുണ്ട് എന്ന് കോവിഡ് നമ്മോട് വിളിച്ചുപറയുന്നു. ഭൂമിയിലേക്ക് മനുഷ്യർ കടന്നുവരുമ്പോൾ സ്രഷ്ടാവ് അവരോട് 'നിങ്ങൾക്ക് ഭൂമിയിൽ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും' എന്നു പറയുകയുണ്ടായി. നിശ്ചിതകാലത്തേക്കുള്ള ജീവിതത്തിനാവശ്യമായതെല്ലാം സ്രഷ്ടാവ് ഒരുക്കിവെച്ചിട്ടുമുണ്ട്. അതിനെ നന്ദിപൂർവം ഉപയോഗിക്കുവാനാണ് അവൻ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനോട് നിഷേധാത്മക സമീപനം പുലർത്തുകയും നന്ദികേട് കാണിക്കുകയും ചെയ്യുമ്പോൾ ജീവിതം തന്നെ ദുസ്സഹമായി അനുഭവപ്പെടും. മരണം ഏതൊരാൾക്കുമുണ്ട്. അതിന് കീഴ്പ്പെടാൻ മനസ്സിനെയും ശരീരത്തെയും ഒരുക്കിവയ്ക്കുക എന്നതാണ് ബുദ്ധിമാനും വിശ്വാസിയുമായ മനുഷ്യൻ ചെയ്യേണ്ടത്. ലോകം കീഴടക്കാമെന്ന അഹങ്കാരം മനുഷ്യൻ ഉപേക്ഷിക്കുക. സ്രഷ്ടാവ് കനിഞ്ഞരുളിയ പ്രാണവായുവിന്റെ മൂല്യം മനസ്സിലാക്കി ഭൂമിയിൽ വിനയാന്വിതനായി ജീവിക്കുവാൻ തയാറാവുക. 

'പ്രാണൻ പിടയുന്ന നേരത്ത്
ഉള്ളൊന്നു തണുക്കുവാൻ
കിട്ടുമോ ഒരൽപം പ്രാണവായു 
കാലം തൊടുത്തുവിട്ടോ-
രസ്ത്രമേറ്റ് പിടയുന്നു ലോകം,
നേര് മറന്നേറെ തിരിഞ്ഞൊരുലോകമേ
നിന്റെ നൊമ്പരമാരു കേൾക്കും.'

Latest News