ബലാത്സംഗ കേസില്‍ മാധ്യമപ്രവർത്തകൻ തരുണ്‍ തേജ്പാല്‍ കുറ്റവിമുക്തന്‍

പനജി- സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ തെഹല്‍ക്ക സ്ഥാപകനും മുന്‍ മുഖ്യപത്രാധിപരുമായ തരുണ്‍ തേജ്പാലിനെ ജില്ലാ കോടതി വെറുതെ വിട്ടു. 2013ല്‍ ഗോവയിലെ ആഢംബര ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി അതിക്രമിച്ചു എന്നായിരുന്നു കേസ്. തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക് 13 എന്ന പരിപാടിക്കിടെയാണ് സംഭവം. തേജ്പാലിന്റെ അപേക്ഷ സ്വീകരിച്ച് കേസിലെ വിചാരണ രഹസ്യമായാണ് നടന്നത്. ലൈംഗികാതിക്രമം, ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ ആക്രമണം, വിവസ്ത്രയാക്കാന്‍ ഉദ്ദേശിച്ചുള്ള ആക്രമണം തുടങ്ങി കുറ്റങ്ങള്‍ തേജ്പാലിനെതിരെ ചുമത്തിയിരുന്നു. മപുസ ജില്ലാ, സെഷന്‍സ് കോടതിയാണ് ഈ കേസില്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയത്. 

2013ല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷം കേസില്‍ ഇരയാക്കപ്പെട്ട മാധ്യമപ്രവര്‍ത്തക അന്നത്തെ തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ശോമ ചൗധരിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തൊട്ടടുത്ത ദിവസം സഹപ്രവര്‍ത്തകയ്ക്ക് മാപ്പപേക്ഷിച്ച് തേജ്പാല്‍ ദീര്‍ഘമായ ഒരു ഇമെയിലും അയച്ചിരുന്നു. എന്നാല്‍ തൊഴിലിടത്ത് ലൈംഗികാതിക്രമം തടയുന്നതിനുള്ള സെല്‍ രൂപീകരിക്കണമെന്ന ചട്ടം അനുസരിച്ച് സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ഇര ഉറച്ചു നില്‍ക്കുകയായിരുന്നു. നീതിപൂര്‍വമായ ആഭ്യന്തര അന്വേഷണം നടക്കണമെന്ന് ചൂണ്ടിക്കാട്ടി ആറു മാസത്തേക്ക് തേജ്പാല്‍ തെഹല്‍ക്ക് എഡിറ്റര്‍ സ്ഥാനത്തു നിന്ന് മാറി. ഇതിനിടെ സംഭവത്തില്‍ 2013 നവംബര്‍ 22ന് ഗോവ പോലീസ് സ്വമേധയാ കേസെടുത്തു. നവംബര്‍ 30 അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഗോവ ഭരിച്ചിരുന്നത് ബിജെപി ആയിരുന്നതിനാല്‍ തനിക്കെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് തേജ്പാല്‍ ആരോപിച്ചിരുന്നു. മുന്‍ ബിജെപി കേന്ദ്ര സര്‍ക്കാരിലെ ഉന്നത മന്ത്രിമാരെ കുരുക്കിയ പ്രതിരോധ അഴിമതി പുറത്തു കൊണ്ട് വന്ന ഓപറേഷന്‍ വെസ്റ്റ് എന്‍ഡ് 2001ല്‍ തേജ്പാലിന്റെ നേതൃത്വത്തിലുള്ള തെഹല്‍ക്ക ഡോട്ട് കോം പുറത്തു കൊണ്ടു വന്നിരുന്നു.

Latest News