തുറൈഫ് - തൊഴിലാളികൾ ജോലിക്ക് പോയ സമയത്ത് താമസ സ്ഥലത്ത് വൻ മോഷണം. പഴയ ജനറൽ ആശുപത്രിക്ക് സമീപത്തുള്ള കെട്ടിടത്തിൽ നിന്നാണ് കളവ് പോയത്. പത്ത് ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകൾ, 5,000 റിയാൽ, 25 ഗ്രാം സ്വർണം എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ബുധനാഴ്ച കാലത്ത് 7.30 നും 8.30 നും ഇടയിലാണ് സംഭവം.
നൂറിലധികം തൊഴിലാളികൾ താമസിക്കുന്ന ഫഌറ്റിൽ ഗേറ്റ് ചാടിക്കടന്ന് മുൻഭാഗത്തെ വാതിൽ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. തൊഴിലാളികൾ വൈദ്യുതി കാബിളുമായി ബന്ധപ്പെട്ട ജോലിക്കായി എന്നും രാവിലെ കമ്പനി വാഹനത്തിൽ പോകാറുള്ളതാണ്. ജോലിക്ക് പോകുമ്പോൾ വലിയ ഫോണുകൾ അധികപേരും കൊണ്ടുപോകാറില്ല. ലേബർ ക്യാമ്പ് സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സ്വർണം നാട്ടിൽ കൊണ്ടുപോകാൻ വേണ്ടി ഒരു തൊഴിലാളി വാങ്ങി വെച്ചതായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.