രാഷ്ട്രീയത്തടവുകാർക്ക് ജാമ്യം ആവശ്യപ്പെട്ട് വിവാഹ ദിനത്തിൽ പ്ലക്കാർഡുകളുമായി നവദമ്പതികൾ

തൊടുപുഴ - രാജ്യത്തെ മുഴുവൻ രാഷ്ട്രീയത്തടവുകാർക്കും അടിയന്തര ജാമ്യം അനുവദിക്കണമെന്ന ആവശ്യം എഴുതിയ പ്ലക്കാർഡുകളുമായി വിവാഹ ദിനത്തിൽ വ്യത്യസ്തമായ പ്രതിഷേധവുമായി നവ വധൂവരന്മാർ. തൊടുപുഴ വണ്ണപ്പുറം ടൗണിലെ റോയൽ ഫുഡ് കോർട്ട് ഉടമ ലബീബ് അനസാണ് വിവാഹ ദിനത്തിൽ പൗരത്വ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളികളായിരുന്നവർ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ രാഷ്ട്രീയത്തടവുകാർക്കും നീതി ലഭ്യമാക്കണമെന്നും, അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചത്.

കോതമംഗലം നെല്ലിക്കുഴി സ്വദേശി യൂസഫ് കെ.എസിന്റയും സുഹറയുടെയും മകൾ സുമയ്യയാണ് വധു. വണ്ണപ്പുറം പള്ളിപ്പാട്ട് വീട്ടിൽ  അനസിന്റെയും ബീമയുടെയും രണ്ടാമത്തെ മകനാണ് ലബീബ് അനസ്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഇടുക്കി ജില്ലാ സെക്രട്ടറി കൂടിയാണ് ലബീബ്.  പിതാവ് പി.പി അനസ് വെൽഫെയർ പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡൻറാണ്.

പൗരത്വ പ്രക്ഷോഭത്തിന്റെ പേരിലും സംഘ്പരിവാർ സർക്കാറിനെതിരെ ശബ്ദിച്ചതിനെതിരെയും പോരാളികളെ വ്യാപകമായ അറസ്റ്റു ചെയ്യുകയും ജയിലറകളിൽ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്. ജയിൽവാസം അനുഷ്ഠിക്കുന്ന പലർക്കും കോവിഡ് ബാധിച്ചിട്ടും മതിയായ ചികിത്സ നൽകാൻ സർക്കാർ തയ്യാറാകുന്നില്ല.

വിവാഹ ദിനത്തിലെ വ്യത്യസ്തമായ പ്രതിഷേധത്തെ സോഷ്യൽ മീഡിയയും പൊതു സമൂഹവും ഒരു പോലെ ഏറ്റെടുത്തിരിക്കുകയാണ്.

Latest News