Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

പാദരക്ഷാ  മേഖലയിൽ കരിയർ പടുത്തുയർത്താൻ എഫ്.ഡി.ഡി.ഐ

പാദരക്ഷകളെക്കുറിച്ചുള്ള പരമ്പരാഗത ചിന്തയും ധാരണയും തിരുത്തേണ്ട വിധത്തിലാണ് പുതുകാലത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ. നിറവും ആകൃതിയും ഗുണവും മാത്രമല്ല, ധരിക്കുന്നവരുടെ വ്യക്തിത്വം പോലും അടയാളപ്പെടുത്തുന്ന രീതിയിലാണ് പാദരക്ഷകൾ മാറിക്കൊണ്ടിരിക്കുന്നത്. പാദരക്ഷകളും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട രൂപകൽപനയും നിർമാണവും ഇന്ത്യക്കകത്തും പുറത്തും വലിയ തൊഴിൽ സാധ്യതയായി വളർന്നുകൊണ്ടിരിക്കുന്നതായാണ് കാണുന്നത്. പാദരക്ഷാ നിർമാണത്തിലും അനുബന്ധ വസ്തുക്കളുടെ കയറ്റുമതിയിലും ലോകത്തിലെ പ്രബല ശക്തിയായി നമുക്ക് മാറാൻ സാധിച്ചത് പുതിയ സാധ്യതകളിലേക്കാണ് വെളിച്ചം വീശുന്നത്.  ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ രണ്ട് ശതമാനം  സംഭാവന ചെയ്യുന്ന പാദരക്ഷാ വ്യവസായ മേഖലയിൽ രണ്ട് ദശലക്ഷത്തോളം പേർ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. 2024 ഓടു കൂടി 15.5 ബില്യൺ അമേരിക്കൻ ഡോളർ കമ്പോള മൂല്യമുള്ള മേഖലയായി ഉയരാനുള്ള സാധ്യതകളാണ് കൽപിക്കപ്പെട്ടിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2021/05/20/careerjalakam.jpeg

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എഫ്.ഡി.ഡി.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് ഇന്ത്യയിലെ പാദരക്ഷാ ലെതർ മേഖലയുടെ വളർച്ചക്ക് നിസ്തുലമായ സംഭാവനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ദേശീയ പ്രാധാന്യ പദവിയുള്ള ഈ സ്ഥാപനം മൂന്ന് ദശാബ്ദത്തിലേറെയായി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ കോഴ്‌സുകൾ സവിശേഷ പ്രാധാന്യമുള്ളവയാണ്. പാദരക്ഷകളുടെ രൂപകൽപന, നിർമാണം, ഫാഷൻ ഡിസൈൻ, റീട്ടെയിൽ, ഫാഷൻ മെർക്കൻഡൈസ്,  ലെതർ അനുബന്ധ ഘടകങ്ങളുടെ ഡിസൈൻ, നിർമാണം എന്നീ മേഖലകളിൽ പഠന പരിശീലനങ്ങൾ നൽകുന്നതിൽ എഫ്.ഡി.ഡി.ഐ  മികവ് തെളിയിച്ചിട്ടുണ്ട്. ഈ മേഖലയിലെ ലോകത്തിലെ തന്നെ മികച്ച മൂന്ന് സ്ഥാപനങ്ങളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന  എഫ്.ഡി.ഡി.ഐയിലെ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് മികച്ച തൊഴിലവസരങ്ങളാണ് ലഭിക്കാറുള്ളത്.


ഫുട്‌വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ, റീട്ടെയിൽ ആൻഡ് ഫാഷൻ മെർക്കൻഡൈസ്, ലെതർ ഗുഡ്‌സ് ആൻഡ് ആക്‌സസറി എന്നിങ്ങനെയുള്ള മേഖലകളിലാണ് പ്രധാന കോഴ്‌സുകൾ ഉള്ളത്. ചെന്നൈ അടക്കം ഇന്ത്യയിലൊട്ടാകെയായി 12 കാമ്പസുകളാണുള്ളത്. ഇതിൽ  ഏഴ് പ്രധാന കാമ്പസുകളിൽ  രൂപകൽപന, ലെതർ ഫിനിഷിങ്, ഇന്നൊവേഷൻ, പ്രോഡക്ട് റീടൈലിങ്, സവിശേഷ പാദരക്ഷകൾ  എന്നീ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ തുറക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. വ്യാവസായിക മേഖലകളിലെ പ്രമുഖർ അക്കാദമിക, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായി പ്രവർത്തിക്കുന്നുവെന്ന പ്രത്യേകത  കൂടിയുള്ളതു കൊണ്ട് നൂതന വിഷയങ്ങൾ സിലബസിന്റെ ഭാഗമായി വരുന്നുണ്ട്. നല്ല പ്ലേസ്‌മെന്റ് സാധ്യതയും ഉണ്ട്. പ്ലസ് ടു പഠനം കഴിഞ്ഞവർക്കായി താഴെ കൊടുത്ത കോഴ്‌സുകളാണ് ഇവിടെയുള്ളത് 

 


1)      ബാച്ചിലർ ഇൻ ഡിസൈൻ (ബി.ഡിസ് ) കോഴ്‌സുകൾ
 
A)     ഫുട്‌വെയർ ഡിസൈൻ ആൻഡ് പ്രൊഡക് ഷൻ ( B-Des-FDP )
B) ലെതർ ഗുഡ്‌സ് ആൻഡ് അക്‌സസറി ഡിസൈൻ  (B-Des-LGAD)
C) ഫാഷൻ ഡിസൈൻ - (B-Des-FD)
2) ബിബിഎ (റീട്ടെയിൽ ആൻഡ് ഫാഷൻ മെർച്ചൻഡൈസ് (BBA-RFM )
 
കൂടാതെ ബിരുദാനന്തര ബിരുദതലത്തിൽ എം.ഡിസ്, എം.ബി.എ കോഴ്‌സുകളുമുണ്ട്.


എട്ട് സെമസ്റ്ററുകളിലായുള്ള ബി.ഡി.എസ് കോഴ്‌സുകളിൽ പാദരക്ഷാ ലെതർ മേഖലയിലെ രൂപകൽപന, നിർമാണം,  എന്നിവയുമായി ബന്ധപ്പെട്ട വിവിധ ശേഷികൾ ആർജിച്ചെടുക്കാനുള്ള അവസരമുണ്ടാവും. ഡിസൈനുമായി ബന്ധപ്പെട്ട വിവിധ സോഫ്റ്റ്‌വെയറുകളിൽ പരിജ്ഞാനവും ലഭിക്കും. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തെരഞ്ഞെടുക്കുന്ന വിഷയങ്ങൾക്ക് അനുസൃതമായി നിർമാണം, ആസൂത്രണം, ഗുണനിലവാര പരിശോധന, മെർച്ചൻഡൈസിങ്, മാർക്കറ്റിംഗ്, കോസ്റ്റ്യൂം ഡിസൈൻ, ടെക്‌നിക്കൽ ഡിസൈൻ, ഫാഷൻ ജേണലിസം, ഗ്രാഫിക് ഡിസൈൻ തുടങ്ങിയ മേഖലകളിൽ തൊഴിൽ  തേടാൻ ശ്രമിക്കുകയോ സ്വയം തൊഴിൽ കണ്ടെത്തുകയോ ആവാം


ആറു സെമസ്റ്ററുകളിലായുള്ള ബി.ബി.എ  പഠനത്തിന്റെ ഭാഗമായി കമ്പോള ചലന ശാസ്ത്രം, ചില്ലറ കച്ചവട രീതി, സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ പാഠഭാഗങ്ങൾ അഭ്യസിക്കുന്നതിന്  പുറമെ സർഗശക്തി, ഇന്നൊവേഷൻ തുടങ്ങിയ ബിസിനസ് തന്ത്രങ്ങൾ പരിപോഷിപ്പിക്കാനും അവസരമുണ്ട്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് വിഷ്വൽ മെർച്ചൻഡൈസിങ്, റീട്ടെയിൽ മെർച്ചൻഡൈസിങ്, റീട്ടെയിൽ മാനേജർ, ഫ്‌ളോർ മാനേജർ തുടങ്ങിയ മേഖലകളിൽ ജോലി കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്. ബി.ഡി.എസ്/ബി.ബി.എ പഠനത്തിന് ശേഷം എം.ഡി.എസ്/ എം.ബി.എ എന്നിങ്ങനെ തുടർപഠനവും ആലോചിക്കാവുന്നതാണ്


ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും ബി.ഡി.എസ്, ബി.ബി.എ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാം. applyadmission.net/fddi2021 എന്ന വെബ്‌സൈറ്റ് വഴി  ജൂൺ 15 നകം അപേക്ഷ സമർപ്പിക്കണം. ഉപയോഗത്തിലിരിക്കുന്ന ഒരു ഇമെയിൽ വിലാസം ഉണ്ടാവണം. AIST (All India Selection Test)  എന്ന പേരിലറിയപ്പെടുന്ന ദേശീയതല പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ നടക്കുന്നത്. ജൂലൈ നാലിനാണ് പ്രവേശന പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ തീയതി മാറ്റാനിടയുണ്ട്. നാലു സെക്ഷനുകളിലായി ക്വാണ്ടിറ്റേറ്റീവ് അഭിരുചി, വെർബൽ എബിലിറ്റി, പൊതുവിജ്ഞാനം, ബിസിനസ് അഭിരുചി, ഡിസൈൻ അഭിരുചി എന്നീ മേഖലകളിലുള്ള ചോദ്യങ്ങളുണ്ടാവും. കൊച്ചി അടക്കം 31 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓരോ കാമ്പസിലും  ലഭ്യമായ കോഴ്‌സുകൾ, ഫീസ്,  മറ്റു വിശദ വിവരങ്ങൾ എന്നിവ അറിയുന്നതിനായി www.fddiindia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
അടകഠ 2021 മായി ബന്ധപ്പെട്ട പ്രധാന തീയതികൾ-
അപേക്ഷ സമർപ്പിക്കാനുള്ള തീയതി: ജൂൺ 15
വെബ്‌സൈറ്റ്:  www.fddiindia.com
അകടഠ 2021 പരീക്ഷാ തീയതി: ജൂലൈ നാല്.