ഒന്നായി മുന്നേറാം; പിണറായി വിജയന് പറയാനുള്ളത്

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണത്തിന് തുടർച്ചയായി ഒരു രണ്ടാമൂഴം ഉണ്ടാവുകയാണ്. ഒന്നാമൂഴത്തിന്റെ സദ്ഫലങ്ങളെ ശക്തിപ്പെടുത്തിയും  സമാഹരിച്ചും സൃഷ്ടിക്കുന്ന അടിത്തറയിൽ പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു നവകേരളത്തെ കെട്ടിപ്പടുക്കുക എന്നതായിരിക്കും ഈ ഭരണത്തിന്റെ ലക്ഷ്യം. 

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച വിജയം ഇതിനുള്ള ജനസമ്മതിയാണ്. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കണമെങ്കിൽ, അവകാശം നേടിയെടുക്കണമെങ്കിൽ, നമ്മുടെ നാടിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണമെങ്കിൽ, അഴിമതിരഹിത വികസനം യാഥാർത്ഥ്യമാവണമെങ്കിൽ, ക്ഷേമം പുലരണമെങ്കിൽ, കേരളത്തിൽ പുരോഗമന ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാർ തന്നെ അധികാരത്തിൽ തുടരണമെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വിധിയെഴുതിയിരിക്കുകയാണ്. ആ ജനവിധി പ്രാബല്യത്തിലാവുകയാണ് ഇന്ന്; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടെ.
വാക്കിനു വിലയുള്ള ഒരു ഇടതുപക്ഷ ജനകീയ ബദൽ ഇവിടെ യാഥാർത്ഥ്യമാവണമെന്ന് കേരളത്തിലെ ജനങ്ങൾ കരുതുന്നു. അതുകൊണ്ടു തന്നെ ഈ വിജയം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. കേരളം ഒറ്റക്കെട്ടാണെന്നും ഒന്നായി നാം മുന്നേറുമെന്നും ഒന്നാമതായി തുടരുമെന്നുമുള്ള സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നൽകിയത്. ആ സന്ദേശം മുറുകെ പിടിച്ചുകൊണ്ട് നവ കേരളത്തിലേക്കുള്ള യാത്ര നമുക്ക് ഒരുമിച്ച് തുടരാം എന്ന് ഓരോ കേരളീയനോടും അഭ്യർത്ഥിക്കുകയാണ്. 
ആ തുടർയാത്രയ്ക്കു നാം തുടക്കം കുറിക്കുകയാണ് ഇന്ന്.
നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്താൽ അറബിക്കടൽ മുതൽ പശ്ചിമഘട്ടം വരെ, മലബാർ എന്നോ കൊച്ചിയെന്നോ തിരുവിതാംകൂർ എന്നോ വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങളാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നെഞ്ചോടു ചേർത്തുപിടിച്ചുവെന്നും ജാതി-മത, ലിംഗ-പ്രായ ഭേദമെന്യേ സംസ്ഥാനത്തുടനീളം കേരളത്തിലെ ജനങ്ങൾ എൽ.ഡി.എഫിൽ വിശ്വാസം അർപ്പിക്കുന്നുവെന്നും വ്യക്തമാകും. ഇവിടെ വികസനവും ക്ഷേമവുമാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ. സമാധാനവും സൈ്വരജീവിതവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇതൊക്കെ ഉറപ്പു വരുത്തുന്നവരോടൊപ്പമാണ് ജനം നിൽക്കുന്നത്. അതിനൊക്കെ വെല്ലുവിളികൾ ആകുമെന്ന് കരുതുന്നവരെയാകട്ടെ കേരള ജനത ഈ തെരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹം സഫലമാക്കാനുള്ള യത്‌നത്തിനു സമർപ്പിതമായിരിക്കും പുതിയ ഭരണം.
1957 ൽ ആരംഭിച്ച പ്രക്രിയയുടെ തുടർച്ചയും കാലാനുസൃതമായ വികാസവുമാണ് 2021 ൽ നാം കാണുന്നത്. നാടിന്റെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതും അതിനായി ജനതയെ ഒന്നായി ചേർത്തു നിർത്തുന്നതുമായ പുതിയ ഒരു രാഷ്ട്രീയ സമീപനം കേരളത്തിൽ പൊതുവായി ഉയർന്നു വരേണ്ടതുണ്ട്. ഈ വിധത്തിലുള്ള ഒരു മുന്നേറ്റമാണ് അടുത്ത അഞ്ചു വർഷം കൊണ്ട് നടത്താൻ നാം തയാറെടുക്കുന്നത്. അതിനായി ജനങ്ങളുടെയാകെ ഒത്തൊരുമയോടെ ഉള്ള സഹകരണവും പ്രവർത്തനവും ഒഴിച്ചുകൂടാൻ ആവാത്തതാണ്. 
ഒരു മഹാമാരിയുടെ നടുവിലാണ് നാം. ജനിതക മാറ്റം വന്ന നോവൽ കൊറോണ വൈറസിന്റെ വ്യാപനം അതിശക്തമായി തന്നെ നമ്മുടെ ഇടയിൽ തുടരുന്നുണ്ട്. സ്വാഭാവികമായും അതിനെ ചെറുക്കാനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുമാണ് പ്രാധാന്യം നൽകുന്നത്. അതിനാവശ്യമായിട്ടുള്ളത്രയും ഓക്‌സിജനും ഐ.സി.യു കിടക്കകളും വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതോടൊപ്പം തന്നെ കോവിഡ് രോഗികളുടെ ചികിത്സയുടെയും അവരുടെ പരിചരണത്തിനു വേണ്ട അവശ്യവസ്തുക്കളുടെയും വില നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സൗജന്യമായി എല്ലാ പ്രായത്തിലുള്ള ജനങ്ങൾക്കും വാക്‌സിനേഷൻ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. 
അതോടൊപ്പം തന്നെ ദുരിതത്തിലായിരിക്കുന്ന ജനങ്ങൾക്ക് ആശ്വാസം എത്തിക്കാനുള്ള കടമയും സർക്കാരിനുണ്ട്. അതുകൊണ്ടാണ് സാമൂഹിക അടുക്കളകളിൽ നിന്നും ജനകീയ ഹോട്ടലുകളിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്നത്. ലോക്ഡൗണിൽ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന ജനതക്ക് ആശ്വാസമേകാൻ ഭക്ഷ്യധാന്യ കിറ്റും ക്ഷേമപെൻഷനുകളും ബി.പി.എൽ കുടുംബങ്ങൾക്കുള്ള ധനസഹായവും എല്ലാം മുടക്കം കൂടാതെ വിതരണം ചെയ്യുന്നുമുണ്ട്. 
മഹാമാരി ഉയർത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളുടെ ഇടയിലും നാടിന്റെ മുന്നോട്ടുപോക്കിന് വികസന, ക്ഷേമ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. അവയൊക്കെ തന്നെ പൂർണമായി നിറവേറ്റുമെന്ന ഉറപ്പ് കേരള ജനതയ്ക്കു നൽകുകയാണ്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായ റെസിലിയന്റ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും കൺസഷനൽ ഫണ്ടിംഗായ 250 ദശലക്ഷം യു.എസ് ഡോളർ പ്രയോജനപ്പെടുത്തി നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിനു പുറമെ 210 ദശലക്ഷം യു.എസ് ഡോളറിന്റെ ഖരമാലിന്യ സംസ്‌കരണ പദ്ധതിയും ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾ കേരള ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്തവയായിരുന്നു. ഒന്നിനു പിറകെ ഒന്നായി നാം പ്രതിസന്ധികളെ നേരിടുകയും അതിജീവിക്കുകയും ചെയ്തു. ഓഖി, നിപ, പ്രളയം, കാലവർഷക്കെടുതി, ഉരുൾപൊട്ടലുകൾ എന്നിവയ്‌ക്കൊക്കെ ശേഷം ഒടുവിൽ കോവിഡും വന്നു. അവയുടെ ഒന്നും നടുവിൽ കേരളം തളർന്നില്ല. കേരള ജനത അവയെ എല്ലാം ധീരതയോടെ നേരിട്ടു, അതിജീവിച്ചു. ഈ മഹാമാരിയെയും നാം അതിജീവിക്കും. 
ദേശീയ തലത്തിൽ തന്നെ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ് കേരളത്തിൽ നടപ്പാക്കപ്പെടുന്ന ജനകീയ ബദൽ നയങ്ങൾ. കഴിഞ്ഞ തവണ സർവതലസ്പർശിയും സാമൂഹിക നീതിയിലധിഷ്ഠിതവുമായ വികസനവും അതിലൂടെ നവകേരള സൃഷ്ടിയുമാണ് നാം ലക്ഷ്യമിട്ടതെങ്കിൽ ഇപ്പോൾ നവകേരള നിർമിതിയുടെ പുതിയൊരു ഘട്ടത്തിലേക്കു നാം കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ കഴിഞ്ഞ സർക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയിൽ സ്ഥായിയായ ഒരു വികസന മാതൃക യാഥാർത്ഥ്യമാക്കണം. 
പാവപ്പെട്ടവർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്ന തോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കുകയും വേണം. അതിനായി കേരളത്തെ വിജ്ഞാന സമൂഹമായി രൂപാന്തരപ്പെടുത്തണം. അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകൾ സഫലമാകുന്ന നാടായി കേരളത്തെ പരിവർത്തിപ്പിക്കണം. ഇവ ഉറപ്പു വരുത്താനാണ് ഈ സർക്കാരിലൂടെ ലക്ഷ്യമിടുന്നത്. 
അടുത്ത അഞ്ച് വർഷം കൊണ്ട് ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുള്ളതുമായ ഉൽപാദനപരമായ ഒരു സമ്പദ്ഘടന ഇവിടെ സൃഷ്ടിക്കും. ഇന്ത്യയിലെ സ്‌കിൽഡ് ലേബറിന്റെ ഹബ് ആയി മാറാനുള്ള സാധ്യത കേരളത്തിനുണ്ട്. അടുത്ത 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പം തന്നെ നമ്മുടെ വികസന പ്രക്രിയ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് ഉറപ്പു വരുത്തും. 
കേരളത്തെ ജീവിത ഗുണമേന്മയോടും സുരക്ഷയോടും കൂടി മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന സംസ്ഥാനമാക്കി നിലനിർത്തുന്നതിന് ഉതകുന്ന ക്ഷേമ, സുരക്ഷാ പ്രവർത്തനങ്ങൾ ഇനിയും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ കാര്യപരിപാടി നടപ്പിലാക്കും. പശ്ചാത്തല സൗകര്യ മേഖലയിൽ അടുത്ത അഞ്ചു വർഷം കൊണ്ട് 60,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. പശ്ചാത്തല സൗകര്യങ്ങൾ നിക്ഷേപകരെ കേരളത്തിലേയ്ക്ക് കൂടുതൽ ആകർഷിക്കും. 
കേരളത്തിന് കൂടുതൽ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐ.ടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസം പോലുള്ള സേവന പ്രദാന വ്യവസായങ്ങളുമാണ്. ഇതിനു പുറമെ പ്രധാനപ്പെട്ടത് സോഫ്റ്റ്‌വെയർ നിർമാണം പോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവർധിത വ്യവസായങ്ങളുമാണ്. ഉൽപാദനവും ഉൽപാദന ക്ഷമതയും വർധിപ്പിക്കാൻ ഉതകുന്ന ബയോടെക്‌നോളജി പോലുള്ള സാങ്കേതിക വിദ്യകളുടെ വികാസവും പ്രധാനമാണ്. ഉൽപാദന മേഖലകളായ കാർഷിക-കാർഷികാനുബന്ധ, വ്യവസായ, സാങ്കേതിക വിദ്യാ മേഖലകളിൽ നമ്മുടെ ശേഷികളെ മെച്ചപ്പെടുത്തും. കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാന സമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയാണ് ഇക്കുറി കേരളത്തിൽ നടപ്പാക്കാൻ പോകുന്നത്. വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തുക ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ഉദാരവൽക്കരണ നയങ്ങൾക്കും വർഗീയ - അമിതാധികാര പ്രവണതകൾക്കും എതിരെ കേരളം ഒരു ബദൽ അവതരിപ്പിക്കും.  കേരളത്തിലെ സർവകലാശാലകൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും നൂതന സാങ്കേതികവിദ്യാ മേഖലകളോടു സഹകരിച്ചു പ്രവർത്തിക്കുന്നതിനുള്ള വഴിയൊരുക്കും. അവിടങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട് അപ്പുകൾ ആരംഭിക്കുന്നതിനും ഹൈടെക്‌നോളജി സംരംഭങ്ങളി ലേർപ്പെടുന്നതിനും പ്രോത്സാഹനം നൽകും. അങ്ങനെ അടുത്ത മൂന്നു മുതൽ അഞ്ചു വർഷം കൊണ്ട് കേരളത്തിലെ ഐ.ടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഒരു പുതിയ വികസന പാതയിലേക്കു പുരോഗമിക്കുന്നതിന് കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തേണ്ടത് അതിപ്രധാനമാണ്. സുസ്ഥിര വികസനം എന്ന ലക്ഷ്യം നേടുന്നതിന് അത്യന്താപേക്ഷിതമാണ് നമ്മുടെ നാട്ടിലെ സമാധാന അന്തരീക്ഷം കുറേക്കൂടി മെച്ചപ്പെടുത്തുക എന്നത്. ആഗോളവൽക്കരണ പ്രക്രിയയ്ക്കു സഹായകമാകുന്ന വർഗീയ-വിദ്വേഷ സമീപനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. കേരളം മുന്നോട്ടു വെക്കുന്ന ജനകീയ ബദൽ പ്രാവർത്തികമാക്കുന്നതിന് അത് അനിവാര്യമാണ്. 
രാജ്യമൊട്ടാകെ ഈ ഘട്ടത്തിൽ കേരളമെന്താണ് ചെയ്യുന്നത് എന്നറിയാൻ ഉറ്റുനോക്കുകയാണ്. നമ്മുടെ ജനകീയ ബദലിൽ പ്രത്യാശ വെക്കുന്ന ആളുകളുടെ എണ്ണം രാജ്യത്തു തന്നെ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ, ഈ ബദലിനെ കൂടുതൽ ജനകീയമായി വിപുലീകരിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള കാര്യപരിപാടികളായിരിക്കും എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുക.ജനങ്ങൾ ഞങ്ങളിൽ അർപ്പിച്ചിരിക്കുന്ന അഭൂതപൂർവമായ പിന്തുണ ഞങ്ങളെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവർ ആക്കുകയാണ്. ഞങ്ങളിൽ നിന്ന് ജനം എന്താണ് പ്രതീക്ഷിക്കുന്നത് എന്നു വ്യക്തമാണ്. കഴിഞ്ഞ സർക്കാരിനെ പോലെ തന്നെ കൂടുതൽ വിനയത്തോടെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്നു പ്രവർത്തിക്കാനാണ് ഈ സർക്കാരും ശ്രമിക്കുക.
 

Latest News