തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല

തിരുവനന്തപുരം- തലസ്ഥാനത്തെ എസ്.പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം. ഒൻപത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് പിന്നിലുള്ള കാൻറീനിലായിരുന്നു സംഭവം. അഗ്‌നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. തീപിടിത്തത്തെ തുടർന്ന് ആശുപത്രിയിലെ ഒന്നും രണ്ടും നിലകളിൽ പുക  നിറഞ്ഞു. രോഗികൾ ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. 22ഓളം രോഗികളാണ് മുറികളിൽ ചികിത്സയിലുണ്ടായിരുന്നത്. ആംബുലൻസ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിക്കുന്നത്. ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സ്ഥലം എം എൽ എയും മന്ത്രിയുമായ ആൻറണി രാജു ആശുപത്രി സന്ദർശിച്ചു.
 

Latest News