Sorry, you need to enable JavaScript to visit this website.

ബാലകൃഷ്ണപിള്ളയുടെ വില്‍പത്രം ഇങ്ങനെ... സ്വത്തുക്കളുടെ വിശദവിവരങ്ങള്‍

കൊല്ലം- കേരള കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എയായ കെ ബി ഗണേശ് കുമാറിന് മന്ത്രി സ്ഥാനം നഷ്ടമായത് സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കുടുംബ പ്രശ്‌നം നിമിത്തമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ മന്ത്രി ബാലകൃഷ്ണ പിള്ളയുടെ വില്‍പത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
വില്‍പ്പത്രം അനുസരിച്ച് പിള്ളയുടെ മൂന്ന് മക്കള്‍ക്കും രണ്ട് ചെറുമക്കള്‍ക്കും, ബാലകൃഷ്ണപിള്ള ചാരിറ്റബിള്‍ ട്രസ്റ്റിനുമാണ് സ്വത്തു വീതം വച്ചിരിക്കുന്നത്. 2020 ഓഗസ്റ്റ് 9 നാണ് വില്‍പ്പത്രം തയാറാക്കിയിട്ടുള്ളത്.

വില്‍പ്പത്രം അനുസരിച്ച് ആയൂരിനു സമീപം എം.സി റോഡിനടുത്തായി 15 ഏക്കര്‍ റബര്‍ത്തോട്ടം മൂത്തമകള്‍ ഉഷ മോഹന്‍ദാസിനാണ് നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ വാളകം പാനൂര്‍കോണത്ത് 5 ഏക്കര്‍ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാര്‍ത്തികക്കുമാണ്.

ബാലകൃഷ്ണപിള്ളയുടെ രണ്ടാമത്തെ മകളായ ബിന്ദുവിനാണ് കൊട്ടാരക്കര കീഴൂട്ട് വീട് ഉള്‍പ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും നല്‍കിയിരിക്കുന്നത്.

മകനായ ഗണേശ് കുമാറിന് വാളകത്തെ വീടും സ്‌കൂളുകളും ഉള്‍പ്പെടുന്ന 5 ഏക്കര്‍ നല്‍കിയതിന് പുറമേ കൊടൈക്കനാലിലെ ഫ്‌ളാറ്റും നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ഇടമുളയ്ക്കല്‍ മാര്‍ത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും മകന്റെ പേര്‍ക്കാണ് പിള്ള എഴുതിയിട്ടുള്ളത്. തന്റെ മരണശേഷം ഗണേശാണു സ്‌കൂള്‍ മാനേജരെന്നും വില്‍പ്പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മക്കള്‍ക്ക് നല്‍കിയ സ്വത്തിന് പുറമേയുള്ള വാളകം ബിഎഡ് സെന്റര്‍, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാര്‍ട്ടി ഓഫീസുകള്‍ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാര്‍ട്ടി ചെയര്‍മാനാണു ട്രസ്റ്റിന്റെയും ചെയര്‍മാന്‍ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇതിന്റെ നടത്തിപ്പ് അവകാശവും ഗണേശ് കുമാറില്‍ നിക്ഷിപ്തമാവും എന്ന് ഉറപ്പാണ്.

ഇപ്പോള്‍ പുറത്തുവരുന്ന വില്‍പ്പത്രം പിള്ള രണ്ടാമത് എഴുതിയതാണെന്നും, ആദ്യം എഴുതിയത് ഗണേശുമായി അകന്നു നില്‍ക്കുന്ന സമയത്തായിരുന്നു എന്നും വിവരമുണ്ട്. 2017ല്‍ തയാറാക്കി 2 വര്‍ഷം രജിസ്ട്രാര്‍ ഓഫിസില്‍ സൂക്ഷിച്ചിരുന്ന വില്‍പ്പത്രം റദ്ദാക്കുകയായിരുന്നു. ഇതില്‍ മകന് കാര്യമായി സ്വത്തൊന്നും എഴുതിയിട്ടില്ലായിരുന്നു എന്നും സാക്ഷികളില്‍ പറയുന്നു.
ഇപ്പോള്‍ ഗണേശിനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുള്ള സഹോദരി കൂടുതല്‍ വിവരങ്ങള്‍ സമയമാകുമ്പോള്‍ പുറത്തു വിടുമെന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍. 2011 ല്‍ ബാലകൃഷ്ണപിള്ള ജയിലില്‍ ആയപ്പോള്‍ കൊട്ടാരക്കരയില്‍ ഉഷയെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും സഹോദരന്‍ ഇടപെട്ട് തടയുകയായിരുന്നുവത്രെ. മൂത്ത സഹോദരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞു ഇളയ സഹോദരി രംഗത്തുവന്നിട്ടുണ്ട്.

 

 

Latest News