റിയാദ് - മൂല്യവർധിത നികുതി(വാറ്റ്) സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാതെ ഉപയോക്താക്കളിൽ നിന്ന് വാറ്റ് ഈടാക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സക്കാത്ത്, നികുതി അതോറിറ്റിയിലെ മൂല്യവർധിത നികുതി ഓപ്പറേഷൻസ് വിഭാഗം മേധാവി ഹമൂദ് അൽഹർബി മുന്നറിയിപ്പ് നൽകി. അതാത് സ്ഥാപനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മുഴുവൻ ഉൽപന്നങ്ങൾക്കും വാറ്റ് ബാധകമായിരിക്കും. ചില ഉൽപന്നങ്ങളെ മൂല്യവർധിത നികുതിയിൽ നിന്ന് ഒഴിവാക്കും.
ലോകത്ത് 160 ലേറെ രാജ്യങ്ങളിൽ വാറ്റ് നടപ്പാക്കുന്നുണ്ട്. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും മൂല്യവർധിത നികുതി നടപ്പാക്കുന്നതിന് 2016 ജൂണിൽ ഗൾഫ് രാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു. ഏകീകൃത ഗൾഫ് മൂല്യവർധിത നികുതി കരാർ കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി അറേബ്യ അംഗീകരിച്ചു. ജനുവരി ഒന്നു മുതൽ സൗദിയിലും യു.എ.ഇയിലും വാറ്റ് നിലവിൽവരും. മൂല്യവർധിത നികുതി സംവിധാനത്തിൽ ഇതുവരെ 83,000 ലേറെ സ്വകാര്യ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിശ്ചിത സമയത്തിനകം നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് പതിനായിരം റിയാൽ പിഴ ചുമത്തും. നിശ്ചിത സമയത്തിനകം ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കും നികുതി അടക്കാത്ത സ്ഥാപനങ്ങൾക്കും പിഴ ചുമത്തും.
പ്രതിവർഷം പത്തു ലക്ഷം റിയാലിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ 2017 ഡിസംബർ 20 നു മുമ്പ് വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. പ്രതിവർഷ വരുമാനം പത്തു ലക്ഷം റിയാലിൽ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ 2018 ഡിസംബർ ഇരുപതിനു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ മതി. പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിക്കൽ നിർബന്ധമാണ്. അതത് മാസത്തെ നികുതി റിട്ടേണുകൾ തൊട്ടടുത്ത മാസം അവസാനിക്കുന്നതിനു മുമ്പാണ് സമർപ്പിക്കേണ്ടത്. ഇത്രയും വിറ്റുവരവില്ലാത്ത സ്ഥാപനങ്ങൾ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്. പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. എന്നാൽ 1,87,500 റിയാൽ മുതൽ 3,75,000 റിയാൽ വരെ വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമില്ല. 1,87,500 റിയാലിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുമില്ല.