Sorry, you need to enable JavaScript to visit this website.

നാലു മേഖലകളിൽ കൂടി സൗദിവത്കരണം; തുടക്കം അൽബാഹയിൽനിന്ന്

റിയാദ് - പുതിയ നാലു മേഖലകളിൽ കൂടി സൗദിവത്കരണം നടപ്പാക്കാൻ തീരുമാനം. ഷോപ്പിംഗ് മാളുകൾ, കാർ ഷോറൂമുകൾ, സ്‌പെയർ പാർട്‌സ് കടകൾ, ഇലക്ട്രിക്കൽ-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നീ നാലു മേഖലകളിൽ ശഅ്ബാൻ ഒന്നു (2018 ഏപ്രിൽ 17) മുതൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കാനാണ് തീരുമാനം. അൽബാഹ പ്രവിശ്യയിലാണ് തുടക്കത്തിൽ സൗദിവത്്കരണം ഏർപ്പെടുത്തുക. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈലാണ് ഇക്കാര്യം അറിയിച്ചത്. 

ഈ മേഖലകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നൽകും. സൗദിവൽക്കരിക്കുന്നതിന് ലക്ഷ്യമിടുന്ന തൊഴിൽ മേഖലകളിൽ സൗദികൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുകയും സ്വയം തൊഴിൽ പദ്ധതിയെന്നോണം സ്വന്തം നിലക്ക് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് സാങ്കേതിക പിന്തുണ നൽകുകയും വായ്പകൾ ലഭ്യമാക്കുകയും തൊഴിലുടമകൾക്ക് ഉദ്യോഗാർഥികളെ ലഭ്യമാക്കുന്നതിനും ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും എംപ്ലോയ്‌മെന്റ് ഫോറങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. കൂടാതെ സൗദിവൽക്കരണം നടപ്പാക്കുന്നതിന് സഹായകമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ തൊഴിൽ പരിശോധന ശക്തമാക്കി നിയമ ലംഘകർക്കെതിരെ നടപടികളെടുക്കും. സൗദിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ സ്വീകരിക്കുന്നതിന് സൗദി വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് വനിതകൾക്ക് ഗതാഗത സഹായവും കുട്ടികളെ ക്രഷെകളിൽ പരിചരിക്കുന്നതിനുള്ള സാമ്പത്തിക സഹായവും നൽകുമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

അൽബാഹയിൽ ഏതാനും മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസും പ്രവിശ്യ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാനും ദിവസങ്ങൾക്കു മുമ്പ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഈ വർഷം ഒന്നേകാൽ ലക്ഷത്തോളം സൗദികൾ പുതുതായി തൊഴിൽ വിപണിയിൽ പ്രവേശിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ ഡിസംബർ 15 വരെയുള്ള കാലത്ത് 1,21,7666 സൗദി യുവതീയുവാക്കളാണ് പുതുതായി തൊഴിൽ വിപണിയിൽ പ്രവേശിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രാലയം ആരംഭിച്ച പദ്ധതികൾ തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നതിനും സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്തം ഉയർത്തുന്നതിനും സഹായകമായി.

ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോകുന്നവർ ശ്രദ്ധിക്കാൻ

സൗദിവൽക്കരണം ഉയർത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള ധനസഹായ പദ്ധതി, വിദൂര തൊഴിൽ പദ്ധതി, സ്വതന്ത്ര തൊഴിൽ (ഫ്രീലാൻസ്) പദ്ധതി, പ്രവിശ്യാ സൗദിവൽക്കരണം, സ്വകാര്യ സ്ഥാപനങ്ങളുടെ പദവി ശരിയാക്കൽ കാമ്പയിൻ, നിതാഖാത്ത് പരിഷ്‌കരണം, പാർട് ടൈം തൊഴിൽ പദ്ധതി, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി വനിതകൾക്കുള്ള ഗതാഗത സഹായം, കുട്ടികളെ പരിചരിക്കുന്നതിനുള്ള ധനസഹായ പദ്ധതി, മൂന്നാം ഘട്ട വനിതാവൽക്കരണം എന്നിവയാണ് അടുത്ത കാലത്ത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയത്. ഒക്‌ടോബർ 21 നാണ് മൂന്നാം ഘട്ട വനിതാവൽക്കരണം നിലവിൽവന്നത്. മാൾ സൗദിവൽക്കരണ പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ആദ്യ ഘട്ടമായി അൽഖസീം പ്രവിശ്യയിലെ മാളുകളിലാണ് സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയത്. ഓരോ പ്രവിശ്യകളിലെയും തൊഴിൽ സാഹചര്യങ്ങളും ഉദ്യോഗാർഥികളുടെ ലഭ്യതയും പരിശോധിച്ച് മറ്റു പ്രവിശ്യകളിലേക്കും ഘട്ടംഘട്ടമായി മാൾ സൗദിവൽക്കരണ പദ്ധതി വ്യാപിപ്പിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
 

Latest News