മോഡിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു; വിനയായത് കോവിഡ് രണ്ടാം തരംഗം

ന്യൂദല്‍ഹി- കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനു പിന്നിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ ഏറെ ചര്‍ച്ചയായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതിയും കുത്തനെ ഇടിഞ്ഞതായി സര്‍വെ. വലിയ ജനപിന്തുണയുള്ള വ്യക്തിത്വങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന മോഡിയുടെ ജനപ്രീതി ഏപ്രിലില്‍ 22 പോയിന്റുകള്‍ ഇടിഞ്ഞതായി യുഎസ് ഡേറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സല്‍ട്ടിന്റെ പുതിയ റിപോര്‍ട്ട് പറയുന്നു. ഒരു ഡസനോളം ആഗോള നേതാക്കളുടെ ജനപ്രീതിയാണ് മോണിങ് കണ്‍സല്‍ട്ട് നിരീക്ഷിച്ചു വരുന്നത്. ഇപ്പോള്‍ 63 ശതമാനമാണ് മോഡിയുടെ ആകെ റേറ്റിങ്. 2019ല്‍ ഈ കമ്പനി ജനപ്രീതി അളക്കാന്‍ തുടങ്ങിയതിനു ശേഷം മോഡിയുടെ ജനപ്രീതിയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.

ദല്‍ഹി പോലുള്ള നഗരങ്ങളില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുകയും ആശുപത്രിയില്‍ ഇടം ലഭിക്കാതേയും ഓക്‌സിജന്‍ കിട്ടാതെയും ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തതോടെയാണ് കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ വലിയ പാളിച്ച വലിയ ചര്‍ച്ചയായത്. ശ്മശാനങ്ങള്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടിയതും മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിയതും സമൂഹ മാധ്യമങ്ങളില്‍ വലിയ രോഷം ഉയരുകയും ചെയ്തതെല്ലാം പ്രധാനമന്ത്രിയായ മോഡിയുടെ ജനപ്രീതി ഇടിയാന്‍ കാരണമായി.

Latest News