നികുതി വെട്ടിപ്പ്; ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു 

തിരുവനനന്തപുരം- കേരളത്തിന്റെ നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ െ്രൈകംബ്രാഞ്ച് ചോദ്യം ചെയ്തു. രാവിലെ പത്തുമണിയോടെയാണ് പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ ഫഹദ് ഹാജരായത്. 
ആലപ്പുഴ കോടതിയില്‍നിന്ന് ഫഹദ് ഫാസില്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്. അഞ്ചാം ദിവസമാണ് ഫഹദ് ഫാസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. 

ഫഹദ് ഫാസില്‍ രണ്ട് തവണ ആഡംബര കാര്‍ വാങ്ങി നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. നിലവില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഒരു കേസാണുള്ളത്. 

വാഹനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഫഹദ് ഫാസിലിന് നേരത്തെ മോട്ടോര്‍ വാഹന വകുപ്പും ക്രൈംബ്രാഞ്ചും നോട്ടീസ് നല്‍കിയിരുന്നു. 
ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14 മുതല്‍ 20 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടി വരുമ്പോള്‍ പോണ്ടിച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനുള്ളില്‍ കേരളാ രജിസ്ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ച് ഫഹദ് ഫാസില്‍ ബെന്‍സ് കാര്‍ ഉപയോഗിക്കുന്നതായി സംസ്ഥാന പോലീസ് മേധാവിക്കടക്കം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.  


 

Latest News