വാഷിങ്ടന്‍- മുന്‍ ഭാര്യയെ നിയമവിരുദ്ധമായി പിന്തുടരുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്ത കേസില്‍ ഇന്ത്യക്കാരനായ യുവാവിനെ യുഎസ് കോടതി 56 മാസം തടവിനു ശിക്ഷിച്ചു. മൂന്നു വര്‍ഷത്തെ നിരീക്ഷണവും ഉണ്ടാകും. ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്യും. ടെക്‌സസില്‍ കഴിയുന്ന പ്രതി ഇന്ത്യക്കാരനായ സുനില്‍ കെ അകുള (32)യാണ് ശിക്ഷിക്കപ്പെട്ടത്. ഒളിഞ്ഞ് പിന്തുടരല്‍, തട്ടിക്കൊണ്ടു പോകല്‍, നീതി തടയല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.
2019 ഓഗസ്റ്റ് ആറിന് പ്രതി സുനില്‍ ടെക്‌സസിലെ വീട്ടില്‍ നിന്നും മസാചുസെറ്റ്‌സില്‍ അകന്ന് കഴിയുന്ന ഭാര്യയുടെ അടുത്തുപോയി വഴക്കുണ്ടാക്കിയതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയെ ആക്രമിക്കുകയും അപാര്‍ട്‌മെന്റില്‍ നിന്ന് ബലപ്രയോഗത്തിലൂടെ പിടിച്ചിറക്കി പ്രതി തന്നോടൊപ്പം കാറില്‍ കയറ്റി ടെകസസിലേക്ക് കൊണ്ടു വരികയും ചെയ്യുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുന്നതിനിടെ പ്രതി ഭാര്യയെ വീണ്ടും ആക്രമിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നിര്‍ബന്ധിച്ച് രാജിക്കത്ത് ഇമെയില്‍ ചെയ്യിപ്പിക്കുകയും ലാപ്‌ടോപ് തകര്‍ത്ത് ഹൈവെ യാത്രക്കിടെ പുറത്തെറിയുകയും ചെയ്തു. വഴിമധ്യേ ഒരു ഹോട്ടലില്‍ നിര്‍ത്തി അവിടെ വച്ചും പ്രതി ഭാര്യയെ മര്‍ദിച്ചു. ഈ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലിരിക്കെ ഇന്ത്യയിലെ വീട്ടുകാരെ വിളിച്ച് ഭാര്യ തനിക്കെതിരെ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ഭാര്യാ പിതാവിനെ സ്വാധീനിക്കാന്‍ പ്രതി ശ്രമിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.