സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ വിരല്‍ എലികള്‍ കാര്‍ന്നു തിന്നു

ഇന്ദോര്‍- മധ്യപ്രദേശിലെ ഇന്ദോറില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ നവജാത ശിശു പരിചരണ വിഭാഗത്തില്‍ പിഞ്ചു കുഞ്ഞിന്റെ കാല്‍വിരലും ഉപ്പൂറ്റിയും എലികള്‍ കാര്‍ന്നു തിന്നു. സംഭവം നഴ്‌സുമാര്‍ പോലും അറിഞ്ഞില്ല. കാല്‍പാദം രക്തത്തില്‍കുളിച്ച് കിടക്കുന്നത് കണ്ട അമ്മ നഴ്‌സുമാരെ വിവരം അറിയിച്ചപ്പോഴാണ് അധികൃതര്‍ മുറിവ് മരുന്ന് വച്ചുകെട്ടിയത്. ഗര്‍ഭം തികയുന്നതിനു മുമ്പായി പ്രസവിച്ച 19 ദിവസം മാത്രം പ്രായമായ കുഞ്ഞിനാണ് മുറവേറ്റത്. ഇന്ദോറിലെ മഹാരാജ യശ്വന്ത്‌റാവു ഹോസ്പിറ്റലിലെ നവജാത ശിശു പരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മുലയൂട്ടാനായി അമ്മ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കുഞ്ഞിന്റെ വിരല്‍ പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് അച്ഛന്‍ കിഷന്‍ ദൈമ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ ആദ്യം ആശുപത്രി അധികൃതര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നവജാത ശിശു പരിചരണ വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തതായും രണ്ട് ക്ലീനിങ് ജീവനക്കാരെ പിരിച്ചുവിട്ടതായും ആശുപത്രി അറിയിച്ചു. സ്വകാര്യ കമ്പനിയുടെ കരാര്‍ ജീവനക്കാരായിരുന്നു ക്ലീനിങ് ചുമതലയില്‍ ഉണ്ടായിരുന്നത്. ഈ കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ആശുപത്രി സുപ്രണ്ട് ഡോ. പി എസ് ഠാക്കൂര്‍ പറഞ്ഞു. 

സംഭവമറിഞ്ഞ് സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇന്ദോര്‍ ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറോടും രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടു.

Latest News