ന്യൂദല്‍ഹി- മലേഷ്യയില്‍ കഴിയുന്ന പ്രശസ്ത ഇന്ത്യന്‍ പ്രബോധകന്‍ സാക്കിര്‍ നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ പുതിയ നീക്കവുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). നായിക്കിനെ താല്‍ക്കാലികമായി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ മലേഷ്യന്‍ അധികൃതരെ സമീപിക്കാനൊരുങ്ങുന്നു.
ഇതിനു പുറമെ, അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ എന്‍.ഐ.എ ചൊവ്വാഴ്ച വീണ്ടും ഇന്റര്‍പോളിന് അപേക്ഷ നല്‍കും. നേരത്തെ മതിയായ തെളിവില്ലെന്നു കാണിച്ച് നായിക്കിനെതിരെ അറസ്റ്റ് വാറന്റ് (റെഡ് കോര്‍ണര്‍ നൊട്ടീസ്) പ്രഖ്യാപിക്കാന്‍ ഇന്റര്‍പോള്‍ വിസമ്മതിച്ചിരുന്നു.
താല്‍ക്കാലിക അറസ്റ്റിനുള്ള ഇന്ത്യയുടെ അപേക്ഷ ലഭിച്ചാല്‍ നായിക്ക് എവിടെയാണെന്ന് സ്ഥിരീകരിച്ച ശേഷം മലേഷ്യന്‍ അധികൃതര്‍ക്ക് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരും. ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികൈമാറ്റ കരാര്‍ അനുസരിച്ചാണിത്. അറസ്റ്റിനു ശേഷം പിന്നീട് പ്രതിയെ കൈമാറാനുള്ള ഇന്ത്യയുടെ ഔദ്യോഗിക അപേക്ഷ ലഭിച്ചാല്‍ രണ്ടു മാസത്തിനകം കൈമാറേണ്ടി വരും.
നായിക്കിനെതിരെ കുറ്റപത്രമൊന്നും സമര്‍പ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാസം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചത്. ഇന്റര്‍പോളിന് ഈ അപേക്ഷ നല്‍കുമ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഒക്ടോബറില്‍ എന്‍ഐഎ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു വ്യക്തമാക്കിയാണ് അന്താരാഷ്ട്ര അറസ്റ്റ് വാറന്റിനായി എന്‍.ഐ.എ വീണ്ടും ഇന്റര്‍പോളിന് അപേക്ഷ നല്‍കുന്നത്.






