സി.പി.ഐയിൽ എല്ലാവരും കാനത്തിന്റെ വിശ്വസ്തർ

തിരുവനന്തപുരം- സി.പി.എമ്മിന് പിന്നാലെ രണ്ടാം പിണറായി മന്ത്രിസഭയിൽ സി.പി.ഐയിലും പുതുമുഖങ്ങൾ. കാബിനറ്റിൽ എത്തുന്നവരെല്ലാം കാനം രാജേന്ദ്രന്റെ അതിവിശ്വസ്തരാണ്. കാനത്തിന്റെ അതൃപ്തിയാണ് പി.എസ്. സുപാലിനും ഇ.കെ. വിജയനും പ്രശ്‌നമായത്. പുതുമുഖ മാനദണ്ഡം പാലിക്കാൻ ഇ. ചന്ദ്രശേഖരന് ഇളവ് നൽകിയില്ല. ജില്ലാ ഘടകങ്ങളുടെ സമ്മർദവും ഗ്രൂപ്പുകളിയുമെല്ലാം മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ നിർണായക ഘടകമായി. 17 എം.എൽ.എമാരിൽ ചിറ്റയം ഗോപകുമാർ, സി.കെ. ആശ, വി. ശശി എന്നിവർ പട്ടികജാതി വിഭാഗത്തിലുള്ളവരായിരുന്നു. ഇവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന നിർദേശം സജീവമായി ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ചിറ്റയത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി കിട്ടുന്നത്. ദേശീയ കൗൺസിൽ ജെ. ചിഞ്ചുറാണി കൊല്ലത്തുനിന്ന് മന്ത്രിസ്ഥാനത്ത് എത്തിയത് കാനത്തിന്റെ പിന്തുണയോടെയാണ്. തിരുവനന്തപുരത്തിന് മന്ത്രിസ്ഥാനം വേണമെന്ന് കാനം അനുകൂലികൾ നിർബന്ധം പിടിച്ചതും മൽസരിച്ച രണ്ട് സീറ്റും ജയിച്ചതും ജി.ആർ. അനിലിന് അനുകൂല ഘടകമായി.


തിരുവനന്തപുരത്തിന്റെ നിർബന്ധമാണ് ഇ.കെ. വിജയന് വിനയായത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സി.പി.ഐ മത്സരിക്കുന്ന സീറ്റാണ്. ഇവിടെ അടുത്ത തവണ എങ്കിലും മെച്ചപ്പെട്ട മത്സരം നടത്തി ജയിക്കാൻ കൂടിയാണ് ജി.ആർ. അനിലിനെ മന്ത്രിയാക്കുന്നത്. ഗ്രാമ പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും മത്സരിച്ച് വിജയിച്ച ശേഷമാണ് ചിഞ്ചുറാണി ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോളേജ് പഠനകാലം മുതൽക്കേ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമാണ് ചിഞ്ചുറാണി. 
തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ജി.ആർ. അനിൽ ബാലവേദിയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തുടർന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. ഒല്ലൂരിൽ നിന്നുള്ള എം.എൽ.എയാണ് കെ. രാജൻ. കഴിഞ്ഞ തവണ ചീഫ് വിപ്പായിരുന്നു. ചേർത്തലയിൽ നിന്നുള്ള സാമാജികനാണ് പ്രസാദ്. 

 

Latest News