കെ.കെ ശൈലജക്ക് തിരിച്ചടിയായത് രോഗപ്രതിരോധ നേട്ടങ്ങൾ സ്വന്തമാക്കിയത്‌

തിരുവനന്തപുരം - രണ്ടാം മന്ത്രിസഭയിൽ പുതുമുഖങ്ങൾ മാത്രം മതിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും കോവിഡ് പ്രതിരോധത്തിന്റെ നേട്ടം ആരോഗ്യമന്ത്രിയിൽ കേന്ദ്രീകരിപ്പിക്കാൻ ശ്രമിച്ചതുമാണ് കെ.കെ ശൈലജക്ക് മന്ത്രിസ്ഥാനത്തേക്കുള്ള രണ്ടാം വരവിന് തിരിച്ചടിയായത്.
കോവിഡിനെതിരെ കൂട്ടായ പ്രവർത്തനങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ നേട്ടം ആരോഗ്യമന്ത്രിയിൽ മാത്രം കേന്ദ്രീകരിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നൊരാക്ഷേപം ഉയർന്നിരുന്നു. വിദേശ മാധ്യമങ്ങളിൽ കോവിഡിനെ തുടക്കത്തിൽ പിടിച്ചുകെട്ടിയതിന്റെ ക്രെഡിറ്റ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് നൽകി. പിണറായി വിജയൻ മന്ത്രിസഭക്ക് ലഭിക്കേണ്ട നേട്ടം ആരോഗ്യമന്ത്രിയിൽ മാത്രം നിക്ഷിപ്തമാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിലും മന്ത്രിസഭയിലും മുറുമറുപ്പുകൾ ഉയർന്നിരുന്നു.


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകുകയുണ്ടായി. കോവിഡ് പ്രവർത്തനങ്ങളുടെ ചുക്കാൻ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് കോവിഡ് സംബന്ധിച്ച പതിവ് പത്രസമ്മേളം മുഖ്യമന്ത്രി ഏറ്റെടുത്തത്. തുടക്കത്തിൽ ആരോഗ്യ മന്ത്രിയും ചീഫ് സെക്രട്ടറിയും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് ഈ പത്രസമ്മേളനങ്ങളിൽ ആരോഗ്യമന്ത്രിക്ക് പ്രസക്തിയില്ലാതായി. 
കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ മന്ത്രിമാരെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തിയപ്പോഴും കെ.കെ ശൈലജക്ക് അവസരം ലഭിച്ചത് അധികാരം ലഭിച്ചാൽ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാനാണെന്ന തോന്നൽ ശക്തമാക്കി.


എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയതിനെ തുടർന്ന് കഴിഞ്ഞ നാലിന് ചേർന്ന അവയിലബിൾ പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചിരുന്നു. എസ്.രാമചന്ദ്രൻ പിള്ളയും എം.എ.ബേബിയുമടങ്ങിയ പോളിറ്റ് ബ്യൂറോ ഇതിനോട് ഒരു പരിധി വരെ യോജിച്ചു. എന്നാൽ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീർത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കെ.കെ.ശൈലജയെ തുടരാൻ അനുവദിക്കുകയെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം പൊതുവെ സ്വീകരിച്ചത്. കേന്ദ്ര കമ്മറ്റി അംഗം കൂടിയാണ് കെ.കെ ശൈലജ. ആരോഗ്യ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനമാണവർ നടത്തിയതെന്ന പൊതുവിലയിരുത്താൽ അവർക്ക് തുണയായി. കേന്ദ്ര തലത്തിലുള്ള നേതാക്കളുടെ പിന്തുണ ഉണ്ടെന്നതിനാൽ രണ്ടാമതും ആരോഗ്യമന്ത്രിയായി തുടരാമെന്ന ധാരണയായിരുന്നു കെ.കെ.ശൈലജ ടീച്ചർക്കുണ്ടായിരുന്നത്. മാധ്യമങ്ങളും ഇക്കാര്യം ഉറപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പത്രസമ്മേളനങ്ങളിലൊന്നും തന്നെ മുഖ്യമന്ത്രി ഇത് നിഷേധിക്കുകയുണ്ടായില്ല. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും കെ.കെ ശൈലജ ടീച്ചർ മന്ത്രിസ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിച്ചവരാണ്.

അധികാരം ഒരാളിൽ മാത്രം കേന്ദ്രീകരിക്കാതിരിക്കാൻ ഇത് ഉതകുമെന്നും കേന്ദ്ര നേതൃത്വം കണക്ക് കൂട്ടി. സ്ത്രീയെന്ന പരിഗണനയും ലഭിച്ചു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന സമതിക്കുമാണ്. സംസ്ഥാന സെക്രട്ടറിയേറ്റും സമിതിയും യോജിച്ചൊരു തീരുമാനം എടുത്താൽ പോളിറ്റ് ബ്യൂറോ അതിനെ തിരുത്തുകയെന്നത് സാധാരണയായി നടക്കാറില്ല. കെ.ക ശൈലജയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിനെ പോളിറ്റ് ബ്യൂറോ എതിർത്തിട്ടില്ല. 
പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സംസ്ഥാന സെക്രട്ടറിയേറ്റ് സ്വീകരിച്ച നിലപാടിനെ പിന്തുണച്ചു. പാർട്ടിയാണ് കെ.കെ ശൈലജയെ ആരോഗ്യ മന്ത്രിയാക്കിയത്. അവർ നന്നായി പ്രവർത്തിച്ചു. ഇനി പാർട്ടി ആ വകുപ്പ് ഏൽപ്പിക്കുന്നവർ നന്നായി പ്രവർത്തിക്കില്ലെന്ന് കരുതുന്നത് ശരിയാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

 

Latest News