പട്ടാമ്പിയില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്നു; ഭാര്യ അറസ്റ്റില്‍

പട്ടാമ്പി- മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. ആനക്കര മലമല്‍ക്കാവ് പുളിക്കല്‍ സിദ്ദിഖ്(58) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഫാത്തിമ(45)യെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. ഖബറടക്കത്തിനുള്ള ഒരുക്കത്തിനിടയില്‍ ദേഹത്ത് മുറിപ്പാടുകള്‍ കണ്ട് സംശയം തോന്നിയ ബന്ധുക്കളുടെ പരാതിപ്രകാരം നടന്ന അന്വേഷണത്തിലാണ് കൊലപാതകം വ്യക്തമായത്.
തുണി കൊണ്ട് കഴുത്ത് ഞെരിച്ചതിനാല്‍ ശ്വാസം മുട്ടിയാണ് സിദ്ദിഖ് മരിച്ചതെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു.
 ഞായറാഴ്ച രാത്രി ഉറക്കത്തില്‍ ഭര്‍ത്താവ് മരിച്ചു എന്നാണ് ഫാത്തിമ എല്ലാവരോടും പറഞ്ഞിരുന്നത്. ഖബറടക്കത്തിന് ഒരുക്കം നടത്തിയ ബന്ധുക്കളാണ് ദേഹത്ത് മുറിവുകള്‍ കണ്ടത്. വിവരം തൃത്താല പോലീസില്‍ റിപ്പോര്‍ട്ട് ചെയതു. തുടര്‍ന്ന് ഖബറക്കനടപടികള്‍ നിര്‍ത്തി വെക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റുമാര്‍ട്ടത്തില്‍ തുണി കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചതിനാലാണ് മരണമുണ്ടായത് എന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി ഹരിദാസിന്റെ നേതൃത്വത്തില്‍ ഫാത്തിമയെ ചോദ്യം ചെയ്തത്. ആദ്യമൊക്കെ എതിര്‍ത്തു നിന്നെങ്കിലും ഒടുവില്‍ കുറ്റം സമ്മതിച്ചു. രാത്രി കിടക്കുന്നതിനിടയില്‍ ഭര്‍ത്താവ് എഴുന്നേറ്റ് ഉമ്മറത്തെ തിണ്ടില്‍ വന്നിരുന്നുവെന്നും പല തവണ അകത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും ഫാത്തിമ മൊഴി നല്‍കി. അപ്പോഴത്തെ ദേഷ്യത്തിന് താഴേക്ക് തള്ളിയിട്ട് വായ കൈ കൊണ്ട് മൂടി പുതപ്പ് ഉപയോഗിച്ച് കഴുത്ത് ഞെക്കി. മരണം സംഭവിച്ചതോടെ ഒന്നും ഉണ്ടാവാത്ത മട്ടില്‍ അകത്ത് കയറി കിടക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ദമ്പതിമാരും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിദ്ദിഖിനെ വിളിച്ചിട്ട് ഉണരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ മകള്‍ ചെന്ന് നോക്കുകയായിരുന്നു. പാലക്കാട്ടു നിന്നെത്തിയ ഫോറന്‍സിക് സംഘം സ്ഥലം പരിശോധിച്ചു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഫാത്തിമയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മൃതേദഹം കൂടല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
ആനക്കര, കുമ്പിടി ഭാഗങ്ങളില്‍ നേരത്തേ കടലക്കച്ചവടം നടത്തിയിരുന്നു സിദ്ദിഖ്. മക്കള്‍- ഫസീല, പരേതനായ അബു താഹിര്‍. മരുമകന്‍- അബ്ദുള്‍ സലാം. സഹോദരങ്ങള്‍- സെയ്തലവി, ഖദീജ, ആയിഷ, ഇയ്യാത്തുക്കുട്ടി, പാത്തുമ്മു.
 


മാറിടത്തെ കുറിച്ച് അശ്ലീല കമന്റ്, ചുട്ട മറുപടി നല്‍കി അശ്വതി

 

Latest News