Sorry, you need to enable JavaScript to visit this website.

കാലം തെറ്റി ജപ്പാനിൽ ചെറിമരങ്ങൾ പൂത്തു

ആഗോള തലത്തിൽ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന പ്രശ്‌നങ്ങൾ കുറച്ചൊന്നുമല്ല. കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങൾ മനുഷ്യജീവിതം ദുരിതപൂർണമാക്കുന്നു. ലോക നേതാക്കൾ തല പുകഞ്ഞാലോചിക്കുന്നതും ഇതു തന്നെ. ജപ്പാനിലെത്തുന്ന വിനോദ സഞ്ചാരികളുടെ മനം കവരുന്ന ഒന്നാണ് വിരിഞ്ഞു നിൽക്കുന്ന ചെറിപ്പൂക്കൾ. ഇക്കുറി ചെറിപ്പൂക്കളും ക്രമം തെറ്റിച്ചു. പതിവിലും നേരത്തേ അവയെത്തി. 
കാലാവസ്ഥ വ്യതിയാനമാണ് ജപ്പാനിലെ പൂക്കളുടെ പതിവ് തെറ്റി നേരത്തെയുള്ള വരവിന് കാരണമായി പറയുന്നത്. ഏകദേശം 1200 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജപ്പാനിലെ ചെറിപ്പൂക്കൾ കാലം തെറ്റി പൂവിട്ടത്. എഡി 812 മുതലാണ് ജപ്പാനിൽ ചെറിപ്പൂക്കൾ പൂവിടുന്നത് രേഖപ്പെടുത്തി തുടങ്ങിയത്. ഏപ്രിലിലാണ് സാധാരണയായി ജപ്പാനിലെ ഏറ്റവും പ്രശസ്തമായ സകുറ പൂക്കൾ വിടരുന്നത്. 


നൂറ്റാണ്ടുകൾക്ക് ശേഷം ജപ്പാനിൽ ആദ്യമായി ചെറിപ്പൂക്കൾ നേരത്തെ പൂത്തെന്ന് ചരിത്ര രേഖകളിലൂടെ കണ്ടെത്തിയിരിക്കുകയാണ്. 
ലോകത്തെ മനോഹരമായ പൂക്കളിലൊന്നാണ് ജപ്പാനിലെ ചെറിപ്പൂക്കൾ. വർഷത്തിൽ ഒരു തവണ പൂക്കുന്ന ഇവ ഒരു മരത്തിൽ ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം പൂക്കൾ വിരിയിക്കുന്നു. വസന്തത്തിന്റെ  വരവറിയിച്ച് ചെറിപ്പൂക്കൾ പൂക്കുമ്പോൾ മരത്തിലെ ഇലകളെല്ലാം കൊഴിഞ്ഞിരിക്കും. ജപ്പാൻകാരുടെ ജീവിതവും സംസ്‌കാരവുമായി ഏറെ ബന്ധമുള്ളതാണ് ഈ പൂക്കളും അവയുടെ മരവും. 
ജപ്പാനിൽ പുതിയ സ്‌കൂൾ വർഷം ആരംഭിക്കുന്നതും പുതിയ ബിസിനസ് പദ്ധതികൾ തുടങ്ങുന്നതും ഈ സമയത്താണ്. സാധാരണ, ഏറെ കാലമായി ഏപ്രിലിൽ സ്‌കൂളുകൾ ആരംഭിച്ച ശേഷമാണ് ചെറിപ്പൂക്കൾ പൂവിട്ട് തുടങ്ങിയിരുന്നത്. ഈ വർഷം മാർച്ച് 26 ന് തന്നെ പുരാതന തലസ്ഥാനമായ ക്യോട്ടോയിൽ ചെറിപ്പൂക്കൾ പൂവിട്ടു. മാർച്ച് 26 ന് മുമ്പ് ചെറിപ്പൂക്കൾ ഇതിന് മുമ്പ് പൂവിട്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് എഡി 812 ലാണെന്നാണ് കൊട്ടാരം രേഖകളിലുള്ളത്.  ജപ്പാൻ കാലാവസ്ഥ വകുപ്പിന്റെ  കണക്കുകൾ പ്രകാരം മുപ്പത് വർഷത്തിനിടെ ആദ്യമായാണ് പത്ത്് ദിവസങ്ങൾക്ക് മുന്നേ ചെറിപ്പൂക്കൾ പൂവിടുന്നത്.  ഈ വർഷം ജപ്പാനിലെ നിരവധി നഗരങ്ങളിൽ ചെറിപ്പൂക്കൾ നേരത്തെ പൂവിട്ടു. ജപ്പാൻ കാലാവസ്ഥ പഠന വകുപ്പ് ഉദ്യോഗസ്ഥനായ ഷിൻജി ആബേ പറയുന്നത്, ചെറിപ്പൂക്കൾ നേരത്തെ പൂവിടാനുള്ള കാരണം ആഗോള താപനമാണെന്നാണ്.


സകുറാ മരങ്ങൾ ജപ്പാനിലെ സംസ്‌കാരവുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ട് നിൽക്കുന്നവയാണ്. ജാപ്പനീസ് കവിതയിലും സാഹിത്യത്തിലും ജീവിതവും പുനർജന്മവുമായും സകുറാ പൂക്കൾ ബന്ധപ്പെട്ട് നിൽക്കുന്നു. ജപ്പാനിലെ കർഷകർ തങ്ങളുടെ വിളകൾ നടാനുള്ള ദിവസങ്ങളായി കരുതുന്നതും ചെറിപ്പൂക്കൾ പൂക്കുന്ന വസന്തകാലമാണ്.

Latest News