Sorry, you need to enable JavaScript to visit this website.

ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന് അരികെ ഒരു രാവ്...

വർഷങ്ങൾക്ക് മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2011 ജനുവരിയിൽ. ജോലി സംബന്ധമായി വിയറ്റ്‌നാമിൽ പോയ സമയം. സൗത്ത് ചൈന കടലിൽ ആണ് എനിക്ക് പോവേണ്ട പെട്രോളിയം പ്ലാറ്റ്‌ഫോം ഉള്ളത്. പെട്രോണാസ് കാരിഗാലി എന്ന മലേഷ്യ ആസ്ഥാനമായുള്ള കമ്പനിയുടെ റൂബി-2 എന്ന എഫ്പിഎസ്ഒയുമായി ബന്ധിപ്പിച്ച ഒരു നോ-മാൻ  പ്ലാറ്റ്‌ഫോം ആണ് രംഗം. അന്നവിടെ പ്ലാറ്റ്‌ഫോമിൽ റിഗ് ഘടിപ്പിച്ചിട്ടും ഉണ്ടായിരുന്നു.


രാവിലെ എഫ്പിഎസ്ഒയിൽ നിന്ന് ബോട്ടിൽ പ്ലാറ്റ്‌ഫോമിലേക്ക് യാത്രചെയ്യുമ്പോൾ ആകാശം കാർമേഘാവൃതം ആയിരുന്നു. പ്ലാറ്റ്‌ഫോമിൽ എത്തി ജോലി തുടങ്ങി. ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ തുടങ്ങി. ജോലി തീർത്തു എങ്കിലും മഴ കൂടുതൽ ശക്തമായി കൂടെ കാറ്റും തുടങ്ങി. അധികം ദൂരെയല്ലാതെ കടലിൽ രൂപപ്പെട്ട ഒരു ചുഴലിക്കാറ്റ് ആ പ്ലാറ്റ്‌ഫോമിലെ ജോലികൾക്ക് ചുക്കാൻ പിടിക്കുന്ന സൂപ്രണ്ട് ആണ് കാണിച്ചുത്തന്നത്. അത് വലുതായിരുന്നു.  വലിയ ഒരു പ്രദേശം കറുത്തിരുണ്ട പോലെ. അതിൽ ദൂരക്കാഴ്ച മങ്ങിപ്പോയിരുന്നു. ടി.വിയിലൂടെ അവിടുത്തെ ഭീകരത കൂടുതൽ മനസിലാക്കി. വുങ് തവു എന്ന തീരനഗരവും ഈ കാറ്റിന്റെ ഭീകരതയിൽ ആണത്രേ. എനിക്ക് തിരികെ പോവണം എങ്കിൽ അതുവഴി പോണം. അതും ഹെലികോപ്റ്ററിൽ. എന്നെ ചെറുതായി ഭയം പിടിച്ചു തുടങ്ങിയിരുന്നു.
അവർ എന്നെ പ്ലാറ്റ്‌ഫോമിൽ താമസിക്കുന്ന സ്ഥലത്ത് ഇരിക്കാൻ നിർദ്ദേശിച്ചു. അതിനിടയ്ക്ക് തിരമാലകളുടെ ശക്തി കൂടി. സാധാരണ ശാന്തമാണ് ആഴക്കടൽ. പക്ഷേ, താമസിക്കുന്ന ഭാഗങ്ങളിലേക്ക് വരെ വെള്ളം വന്നുതുടങ്ങി. രാത്രി കൂടുതൽ കറുത്തുത്തുടങ്ങി. ഞങ്ങൾക്ക് എല്ലാവർക്കും പേടി തോന്നിത്തുടങ്ങി. അതിനിടയിൽ കടലിൽനിന്ന് പിടിച്ച മീൻ ആരൊക്കെയോ ചേർന്ന് വറുത്തു കൊണ്ടുവന്നു വിശപ്പടക്കി. വിയറ്റ്‌നാമികൾ അവരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നായ ഉണക്ക കണവ കഴിച്ചുതുടങ്ങി. അതിന്റെ മണം അസഹനീയം ആയിരുന്നു എങ്കിലും കാലാവസ്ഥയുടെ ഭീകരതയിൽ അത് മറന്നു. മെല്ലെ നേരം വെളുത്തു. നേരെ പോയി നോക്കിയത് കഴിഞ്ഞ രാത്രി ഭീതി നിറച്ച ചുഴലിക്കാറ്റിന്റെ ആ വലിയ കറുത്ത പ്രദേശം ആണ്. അത് കുറച്ചുകൂടി അകലേക്ക് മാറിയിരിക്കുന്നു. 
ഇവാക്വേഷൻ  എന്ന അറിയിപ്പ് വന്നു. ഞങ്ങളെ കരയ്‌ക്കെത്തിയ്ക്കാൻ ഹെലികോപ്ടർ വരുന്നു. എല്ലാവരും നേരെ റിഗിന്റെ ഹെലിപ്പാടിലേക്ക്. കാറ്റ് ശക്തമായിരുന്നു. ഓരോ പടികളും സൂക്ഷ്മമായി ശ്രദ്ധിച്ചുവേണം കയറാൻ. കാലുകളും കൈകളും കാറ്റിന്റെ വഴിക്ക് പോവുന്നുണ്ടായിരുന്നു. 


പെട്ടിയും തൂക്കി ഹെലിപ്പാടിന്റെ താഴെ എത്തി. അവിടുത്തെ പ്രത്യേക നിർദ്ദേശാനുസരണം ഹെലിപ്പാടിൽ വിരിച്ചിട്ട വലിയ കയർവലയിൽ പിടിച്ചുവേണം ഹെലികോപ്റ്ററിൽ കയറാൻ. അങ്ങനെ കയറിയില്ല എങ്കിൽ കടലിൽ പോവും. വളരെ ശ്രദ്ധിച്ച് ഹെലികോപ്റ്ററിൽ കയറിപ്പറ്റി. നേരെ കരയിലേക്ക്. ആദ്യമേ അറിയിച്ചതിനെത്തുടർന്ന് എന്നെയും കാത്ത് എന്റെ ടാക്‌സി ഡ്രൈവർ ഉണ്ടായിരുന്നു. അയാളുടെ കൂടെ നേരെ ഹോച്ചി മിൻഹ് സിറ്റിയിലെ ഹോട്ടലിലേക്ക്. വരുന്ന വഴിയിൽ എല്ലാം കാലവർഷം വരുത്തിവെച്ച പല കെടുതികളും കണ്ടു. 
കേരളതീരം കടന്നുപോയ ടൗട്ടെയെക്കുറിച്ച് അറിഞ്ഞപ്പോൾ, ഈ ഓർമ്മ പങ്കുവെച്ചു എന്ന് മാത്രം. തീരങ്ങളിൽ താമസിക്കുന്നവർക്ക് ഇതുപോലെയുള്ള ന്യൂനമർദങ്ങൾ കൊടുക്കുന്ന ആഘാതം എത്ര വലുതാണ് എന്ന് ഊഹിക്കാൻ ഒരു പ്രയാസവും ഇല്ല. അവർക്ക് കരുതലാവാൻ നാം മുന്നിട്ടിറങ്ങണം.

Latest News