Sorry, you need to enable JavaScript to visit this website.

കോസ്‌വേ തുറന്നു, ബഹ്‌റൈനും സൗദിയും വീണ്ടുമടുത്തു

ബഹ്‌റൈനിലെ ജനസംഖ്യയിൽ അറുപത് ശതമാനവും വാക്‌സിനേഷനെടുത്തെന്നാണ് കണക്ക്. ഈ മാസം  17ന് സ്വദേശികളുടെ യാത്രാവിലക്ക് പിൻവലിക്കുകയും കര, സമുദ്ര, വ്യോമാതിർത്തികൾ തുറക്കുകയും ചെയ്യുമെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. യാത്രക്കാരെ സ്വീകരിച്ച് ഇരുഭാഗങ്ങളിലേക്കും കടത്തിവിടുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി കിംഗ് ഫഹദ് കോസ്‌വേ പാസ്‌പോർട്‌സ് ഡയറക്ടർ ജുവൈഹി അൽ സഹലി അറിയിച്ചു.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ അയൽ രാജ്യമായ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന പാലമാണ് കിംഗ് ഫഹദ് കോസ്‌വേ. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് മുതൽ ഇതു വഴിയുള്ള ഗതാഗതം മുടങ്ങി കിടക്കുകയായിരുന്നു. ഒരു വർഷത്തിലേറെയായി അടഞ്ഞുകിടന്ന ഈ സുപ്രധാന പാത തുറന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമായി.  പ്രതിദിനം പതിനായിരക്കണക്കിന് ആളുകൾ അങ്ങോട്ടുമിട്ടോട്ടും സഞ്ചരിച്ചിരുന്ന കോസ്‌വേ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 2020 മാർച്ച് എട്ടിനായിരുന്നു അടച്ചത്. പ്രവാസി യാത്രികർ, വിദ്യാർഥികൾ, ബിസിനസുകാർ എന്നിങ്ങനെ പലരും യാത്രയ്ക്കായി ഈ പാലത്തെ ആശ്രയിക്കുന്നു.  ഗൾഫിന്റെ പവിഴമുത്ത് എന്നു വിളിക്കുന്ന ബഹ്‌റൈൻ എന്ന കൊച്ചു രാജ്യം സജീവമാകണമെങ്കിൽ കടൽപാലത്തിലൂടെ ആളുകൾ എത്തണമെന്നതാണ് യാഥാർഥ്യം. ഒന്നേ കാൽ വർഷത്തെ അനിശ്ചിതത്വത്തിന് ശേഷം ബഹ്‌റൈനിലെ  ബിസിനസ് സംരംഭങ്ങൾ ഇനി പച്ച പിടിക്കുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യയിലെന്ന പോലെ ബഹ്‌റൈനിലും ഈ മുഹൂർത്തം ആഹ്ലാദത്തിന്റേതാണ്. ജീവിതം പഴയ നിലയിലേക്ക് തിരിച്ചു വരികയാണെന്ന ആഹ്ലാദത്തിലാണ് ഇരു രാജ്യങ്ങളിലേയും പ്രവാസികൾ. ഇതിനൊപ്പം സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിച്ചു. ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക്  ഇപ്പോൾ വിമാന സർവീസുള്ളത് ബഹ്‌റൈനിലേക്ക് മാത്രമാണ്. കോഴിക്കോട്-മനാമ, കൊച്ചി-മനാമ ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിനടുത്തെത്തിയെങ്കിലും യാത്രക്കാരുടെ തിരക്കിന് ഒരു കുറവുമില്ല.

സൗദി പൗരന്മാരെ സംബന്ധിച്ചിടത്തോളം പ്രധാന ട്രാൻസിറ്റ് പോയന്റ് കൂടിയാണ് ബഹ്‌റൈൻ വിമാനത്താവളം. ഇതുവഴി അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നു വേണ്ട ലോകത്തിന്റെ നാനാഭാഗത്തേക്കും പറക്കുന്ന സഞ്ചാരികളേറെയാണ്.  കിംഗ് ഫഹദ് കോസ്‌വേയിൽ കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ പുതുതായി പത്ത് ലെയിനുകൾ കൂടി ബഹ്‌റൈനിലേക്ക് പോകുന്ന ഭാഗത്ത് ഒരുക്കി. സൗദിയിലേക്ക് വരുന്ന വാഹനങ്ങൾക്കായി 36 ലെയിനുകളും ഒരുക്കിയിട്ടുണ്ട്.  കോവിഡ് വാക്‌സിൻ എടുത്തവരും കോവിഡ് മുക്തി നേടിയവർക്കും മാത്രമേ സൗദിയിൽനിന്ന് ബഹ്‌റൈൻ ഭാഗത്തേക്ക് പോവാൻ അനുമതിയുള്ളൂ. സൗദി അറേബ്യയിൽനിന്ന് കോസ്‌വേ കടക്കുന്നവർ കോവിഡ് വാക്‌സീൻ എടുത്തവരോ കോവിഡ് മുക്തരോ ആയിരിക്കണം. അത് സംബന്ധിച്ച രേഖ  ആപ്പിൽ കാണിക്കണം. 18 വയസ്സിന് താഴെയുള്ളവർ കൊറോണ ഇൻഷുറൻസ് സർട്ടിഫിക്കറ്റും ഹാജരാക്കണം. സൗദി അറേബ്യ ഇതിനകം 11.5 ദശലക്ഷം പേർക്ക് കോവിഡ് വാക്‌സിൻ നൽകി. ബഹ്‌റൈനിലെ ജനസംഖ്യയിൽ അറുപത് ശതമാനവും വാക്‌സിനേഷനെടുത്തെന്നാണ് കണക്ക്. ഈ മാസം  17ന് സ്വദേശികളുടെ യാത്രാവിലക്ക് പിൻവലിക്കുകയും കര, സമുദ്ര, വ്യോമാതിർത്തികൾ തുറക്കുകയും ചെയ്യുമെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. യാത്രക്കാരെ സ്വീകരിച്ച് ഇരുഭാഗങ്ങളിലേക്കും കടത്തിവിടുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി കിംഗ് ഫഹദ് കോസ്‌വേ പാസ്‌പോർട്‌സ് ഡയറക്ടർ ജുവൈഹി അൽ സഹലി അറിയിച്ചു. 
 

Latest News