ഐ.എന്‍.എല്ലിന് തുണയായത് പിണറായി

തിരുവനന്തപുരം- 27 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇടതുമന്ത്രിസഭയില്‍ അംഗമാകുന്ന ഇന്ത്യന്‍ നാഷനല്‍ ലീഗിന് തുണയായത് മുഖ്യമന്ത്രി പിണറായി വിജയന്റെ കരുണാകടാക്ഷം. ആദ്യത്തെ രണ്ടര വര്‍ഷം ഐ.എന്‍.എല്‍ പ്രതിനിധി മന്ത്രിയാകട്ടെ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് പിണറായിയാണ്.

രണ്ടാം ടേമില്‍ മന്ത്രിസ്ഥാനം മതി എന്ന് തീരുമാനിച്ച ആന്റണി രാജുവിനേയും ആദ്യത്തെ രണ്ടരവര്‍ഷത്തേക്ക് നിയോഗിച്ചത് പിണറായിയുടെ ഇടപെടല്‍.
ഒറ്റ അംഗം മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിപദം നല്‍കുമോ എന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ ആര്‍ക്കും അതൃപ്തിയില്ലാതെ കാര്യം പരിഹരിക്കാനായിരുന്നു സി.പി.എം ശ്രമം.

ഒരുപാട്കാലം മുന്നണിയെ പുറത്തുനിന്ന് പിന്തുണച്ച ഐ.എന്‍.എല്ലിനെ ഔപചാരിക ഘടകകക്ഷിയാക്കിയത് അടുത്ത കാലത്താണ്. പിന്നാലെ മന്ത്രിപദംകൂടി കിട്ടുമ്പോള്‍ പാര്‍ട്ടിക്ക് അത് ശക്തി പകരും.

മുസ്‌ലിം ലീഗിന് മലബാറില്‍ ബദല്‍ എന്ന നിലയിലാണ് ഐ.എന്‍.എല്ലിനെ സി.പി.എം പ്രോത്സാഹിപ്പിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച പോലെ ഒരു ശക്തിയായി വളരാന്‍ അവര്‍ക്കായില്ല. ചില പോക്കറ്റുകളില്‍ മാത്രമെ പാര്‍ട്ടിയുടെ സാന്നിധ്യം കാര്യമായി പ്രകടമാക്കാനായുള്ളു. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കൂടെയുള്ള പലരും മാതൃപാര്‍ട്ടിയിലേക്ക് മടങ്ങിയതോടെ ഐ.എന്‍.എല്‍ ശുഷ്‌കമാവുകയും ചെയ്തു.  രണ്ടര വര്‍ഷം മാത്രമേ മന്ത്രിപദമുള്ളു എങ്കിലും കിട്ടിയതായി എന്ന മട്ടിലാണ് ഐ.എന്‍.എല്‍ നേതൃത്വം.

 

Latest News