റിയാദ് - അതത് രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകളാണ് വിദേശികൾ സൗദി അറേബ്യയിലെത്തുമ്പോൾ കാണിക്കേണ്ടതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്താൽ വ്യാഴാഴ്ച (മെയ് 20) മുതൽ നടപ്പാക്കാനിരിക്കുന്ന ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽനിന്ന് ഒഴിവാകുമെന്നും അറിയിപ്പിലുണ്ട്.
ഫൈസർ ബയോൻടെക്, ഒക്‌സ്‌ഫോർഡ് ആസ്ട്രസെനിക്ക കോവിഷീൽഡ്, മോഡേർണ ഇവയിലേതെങ്കിലുമൊന്നിന്റെ രണ്ട് ഡോസ്, ജോൺസൻ ആന്റ് ജോൺസൻ വാക്‌സിന്റെ ഒരു ഡോസ് എന്നിവയെടുത്തവർക്ക് മാത്രമാണ് സൗദിയിലെത്തിയ ശേഷമുള്ള ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ ഇളവുള്ളത്. മറ്റേതെങ്കിലും വാക്‌സിൻ സ്വീകരിച്ചവരും രണ്ട് ഡോസിൽ ഒരു ഡോസ് എടുത്തവരും ക്വാറന്റൈൻ പരിധിയിൽ വരും. വാക്‌സിനെടുത്ത് 14 ദിവസം പൂർത്തിയായ ശേഷമേ യാത്ര ചെയ്യാവൂ.
വാക്‌സിനെടുത്ത രാജ്യത്തെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തലുള്ള വാക്‌സിൻ സർട്ടിഫിക്കറ്റാണ് സൗദിയിലെ വിമാനത്താവളങ്ങളിൽ കാണിക്കേണ്ടത്. ഇത് ആവശ്യമെങ്കിൽ വിമാനത്താവള ഉദ്യോഗസ്ഥർ പരിശോധിക്കുകയും ചെയ്യും. സൗദിയിൽ താമസിക്കുന്ന കാലത്തോളം ഈ സർട്ടിഫിക്കറ്റ് കൂടെ കരുതണം. അല്ലെങ്കിൽ സൗദിയിൽ അംഗീകാരമുള്ള പ്രോഗ്രാമുകൾ, ആപ്ലിക്കേഷനുകൾ വഴി ആരോഗ്യനില തെളിയിക്കാൻ സാധിക്കണം. ഈ വ്യവസ്ഥകൾ പാലിക്കാൻ സാധിച്ചില്ലെങ്കിൽ യാത്രക്കാർക്ക് സൗദിയിലേക്കുള്ള പ്രവേശനം തടയുമെന്നും ഇക്കാര്യം എയർലൈനുകൾ നേരത്തെ തന്നെ ഉറപ്പുവരുത്തണമെന്നും ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
അതേസമയം ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലാത്തതിനാൽ ഇന്ത്യക്കാർ മറ്റേതെങ്കിലും രാജ്യത്ത് പോയി 14 ദിവസം താമസിക്കുന്നതോടെ അവരുടെ ആഗമന രാജ്യം ഇന്ത്യയായി സൗദി അറേബ്യ പരിഗണിക്കാറില്ല. ഏത് രാജ്യത്ത് നിന്നാണോ വരുന്നത് ആ രാജ്യമാണ് ആഗമനരാജ്യമായി രേഖപ്പെടുത്തുക. അതിനാൽ ഇങ്ങനെ സൗദിയിലെത്തുന്ന ഇന്ത്യക്കാർക്കും ഈ വ്യവസ്ഥ ബാധകമാണ്.