തിരുവനന്തപുരം- എല്‍ഡിഎഫിലെ ഒറ്റ എംഎല്‍എമാരുള്ള നാലു ചെറുപാര്‍ട്ടികള്‍ക്കായി രണ്ടു മന്ത്രി സ്ഥാനം വീതിച്ചു നല്‍കാന്‍ ധാരണ. കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി, ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍), ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ രണ്ടു മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കും. കാല്‍നൂറ്റാണ്ടിലേറെ കാലമായി ഇടതു മുന്നണിയോടൊപ്പമുള്ള ഐഎന്‍എല്ലിന് ചരിത്രത്തിലാദ്യമായി ഒരു മന്ത്രി സ്ഥാനം ലഭിക്കാന്‍ വഴിതെളിഞ്ഞിരിക്കുകയാണ്.
![]() |
ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം കുട്ടികളില്‍ പിടിമുറുക്കുന്നു, മുന്നറിയിപ്പുമായി സിംഗപ്പൂര്‍ |
കോഴിക്കോട് സൗത്തില്‍ നിന്ന് ഇത്തവണ ജയിച്ച അഹമ്മദ് ദേവര്‍കോവില്‍ മന്ത്രിയാകും. ആദ്യ രണ്ടര വര്‍ഷം ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും. പിന്നീടായിരിക്കും കോണ്‍ഗ്രസ് എസ് നേതാവും നിലവില്‍ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനും കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ്‌കുമാറും മന്ത്രിമാരാകുക. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ഇടതു മുന്നണിയിലെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികളില്‍ എല്‍ജെഡിക്കു മാത്രമായിരിക്കും മന്ത്രി സ്ഥാനം കിട്ടാതെ പോകുന്നത്. പകരം മറ്റെന്തെങ്കിലും പദവി നല്‍കാനാണ് തീരുമാനം.
രണ്ടു എംഎല്‍എമാരുള്ള എന്‍സിപിക്കും ജെഡിഎസിനും ഓരോ മന്ത്രിമാര്‍ വീതം ഉണ്ടാകും. എല്‍ഡിഎഫിലെ പുതിയ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിനും ഒരു മന്ത്രിസ്ഥാനമാണ് ലഭിക്കുക. കാബിനെറ്റ് റാങ്കിലുള്ള ചീഫ് വിപ്പ് പദവിയും നല്‍കാനാണ് ധാരണ. രണ്ടു മന്ത്രി സ്ഥാനം വേണമെന്ന ജോസ് കെ മാണിയുടെ ആവശ്യം അംഗീകരിച്ചിട്ടില്ല.