ബംഗാള്‍ മന്ത്രി ഫിര്‍ഹദ് ഹകിമിനെ വീട്ടില്‍ നിന്ന് കേന്ദ്ര സേന പിടിച്ചുകൊണ്ടു പോയി

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ മന്ത്രി ഫിര്‍ഹദ് ഹകിമിനെ കേന്ദ്ര സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടു പോയി. നാരദ കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് മന്ത്രി പിടികൂടിയതെന്ന ആക്ഷേപമുണ്ട്. നേരത്തെ ഫിര്‍ഹദിനും മന്ത്രി സുബ്രത മുഖര്‍ജി, മുന്‍ മന്ത്രിമാരായ മദന്‍ മിത്ര, സൊവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ സിബിഐക്ക് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അനുമതി നല്‍കിയിരുന്നു.

തൃണമൂല്‍ എംഎല്‍എയായ മദന്‍ മിത്രയ്ക്ക് ഇത്തവണ മന്ത്രിസഭയില്‍ ഇടംലഭിച്ചിട്ടില്ല. സൊവന്‍ ചാറ്റര്‍ജി 2019ല്‍ തൃണമൂല്‍ വിടുകയും ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ ബിജെപിയും വിട്ടു. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

2014ല്‍ നാരദ എന്ന മാധ്യമ സ്ഥാപനം നടത്തിയ ഒളികാമറ ഓപറേഷനിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. ബിസിനസുകാരന്റെ വേഷത്തിലെത്തിയ മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് കോഴപ്പണം വാങ്ങിയ ഏഴ് തൃണമൂല്‍ എംപിമാരും നാലു മന്ത്രിമാരും ഒരു എംഎല്‍എയും ഒരു പോലീസ് ഓഫീസറുമാണ് ഒളികാമറ ഓപറേഷനില്‍ കുടുങ്ങിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഈ വിഡിയോകള്‍ നാരദ പുറത്തു വിടുകയായിരുന്നു.
 

Latest News